അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായ മാർഗത്തിലൂടെ പരിഹരിക്കണം- ബഹ്‌റൈൻ

മനാമ: അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായ മാർഗ്ഗങ്ങളിലൂടെ പരിഹരിക്കേണ്ടതിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകി ബഹ്‌റൈൻ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന സംഘർഷങ്ങളും സംഘർഷ സാധ്യതകളും തുറന്ന ഏറ്റുമുട്ടലുകളിലേക്ക് കടക്കുന്നതിന് മുമ്പ് തന്നെ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ഐക്യരാഷ്ട്രസഭയിൽ ബഹ്‌റൈൻ വ്യക്തമാക്കി.

ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ സമാധാനപരമായ തർക്കപരിഹാരം സംബന്ധിച്ച് നടന്ന പ്രത്യേക യോഗത്തിലാണ് ബഹ്‌റൈൻ ഇക്കാര്യം വ്യക്തമാക്കിയത്. യു.എൻ രക്ഷാസമിതിയിൽ നടന്ന യോഗത്തിൽ ഐക്യരാഷ്ട്രസഭയിലെ ബഹ്‌റൈന്റെ സ്ഥിരം പ്രതിനിധി അംബാസഡർ ജമാൽ ഫാരിസ് അൽ റുവൈഹി ആണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ സാന്നിധ്യത്തിൽ കോംഗോയുടെ വിദേശകാര്യ മന്ത്രി തെരസ് കയികുവാംബ വാഗ്നറുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

മേഖലയിലെ നിലവിലെ സംഭവവികാസങ്ങളെക്കുറിച്ച് സംസാരിച്ച സ്ഥിരം പ്രതിനിധി, ജി.സി.സി രാജ്യങ്ങൾക്കും ജോർഡനും എതിരെയുണ്ടായ ഇറാനുമായുള്ള ആക്രമണങ്ങളെയും ഹുർമുസ് കടലിടുക്ക് അടച്ചുപൂട്ടിയതിനെയും ശക്തമായി അപലപിച്ചു. ഇത് മേഖലയുടെ സുരക്ഷയ്ക്കും അന്താരാഷ്ട്ര സമുദ്രപാതകൾക്കും വലിയ ഭീഷിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര നിയമങ്ങളും യു.എൻ പ്രമേയങ്ങളും പാലിക്കാൻ ഇറാൻ തയ്യാറാകണമെന്നും, പ്രോക്സി ഗ്രൂപ്പുകൾക്കുള്ള പിന്തുണ അവസാനിപ്പിക്കണമെന്നും ബഹ്‌റൈൻ ആവശ്യപ്പെട്ടു.

സമാധാനപരമായ തർക്കപരിഹാരത്തിനായി യു.എൻ ചാർട്ടറിലെ 33, 34 അനുച്ഛേദങ്ങൾ നൽകുന്ന മുൻകൂർ നടപടികളും ഉപകരണങ്ങളും ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ബഹ്‌റൈൻ എടുത്തുപറഞ്ഞു. ശത്രുതാപരമായ നടപടികൾ അവസാനിപ്പിക്കുക, രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കുക, അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുക എന്നിവയിലൂടെ മാത്രമേ ഫലപ്രദമായ നയതന്ത്ര ചർച്ചകളും സമാധാനവും സാധ്യമാകൂ എന്നും ബഹ്‌റൈൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - International disputes must be resolved through peaceful means: Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.