മയക്കുമരുന്ന് കടത്ത് സംഘത്തിന്‍റെ ബോട്ടിലേക്ക് കയറാൻ ശ്രമിക്കുന്ന സംയുക്ത സേനാംഗങ്ങൾ
മനാമ: അറേബ്യൻ കടലിൽ നിന്ന് 2400 കിലോയിലധികം മയക്കുമരുന്ന് പിടികൂടി ബഹ്റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംയുക്ത ദൗത്യ സേന (സി.ടി.എഫ് 150). ന്യൂസിലാന്‍റിന്‍റെ നേതൃത്വത്തിലുള്ള സി.ടി.എഫ് സേനയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന യു.എസ് കോസ്റ്റ് ഗാർഡ് ഫാസ്റ്റ്-റെസ്‌പോൺസ് കട്ടർ സേനയാണ് 2400 കിലോഗ്രാം വരുന്ന ഹാഷിഷ് പിടികൂടിയത്. കഴിഞ്ഞ ജനുവരിയിൽ പാകിസ്താനിൽനിന്ന് സി.ടി.എഫ് 150 കമാൻഡർ സ്ഥാനം ന്യൂസിലാന്‍റിന് ലഭിച്ച ശേഷമുള്ള ആദ്യ ദൗത്യമാണിത്. പിടികൂടിയ മയക്കുമരുന്ന് അളന്ന് തിട്ടപ്പെടുത്തിയ ശേഷം നശിപ്പിച്ചു.
സംയുക്ത ദൗത്യ സേന 150 (സി.ടി.എഫ് 150) എന്നത് 34 രാജ്യങ്ങളുടെ സഖ്യമായ സംയുക്ത മാരിടൈം ഫോഴ്സസിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്രീയ സഖ്യ നാവിക ടാസ്ക് ഫോഴ്സാണ്. ബഹ്‌റൈനിലാണ് ഇതിന്റെ ആസ്ഥാനം. ന്യൂസിലാന്‍റിനാണ് നിലവിൽ ഇതിന്‍റെ കമാൻഡർ സ്ഥാനം. സമുദ്ര സുരക്ഷാ ഓപ്പറേഷനുകൾ (എം.എസ്.ഒ) നടത്തുക, ഭീകര പ്രവർത്തനങ്ങളെയും അനുബന്ധ നിയമവിരുദ്ധ പ്രവർത്തനങ്ങളെയും പ്രതിരോധിക്കുക എന്നതാണ് സി.ടി.എഫ് 150 ന്റെ പ്രധാന ദൗത്യം. കടൽത്തീരത്ത് നടക്കുന്ന നിയമവിരുദ്ധമായ കടത്ത്, മയക്കുമരുന്ന് കടത്ത് തുടങ്ങിയവ തടയുക എന്നതും ഇതിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്. വിവിധ രാജ്യങ്ങളുടെ നാവിക സേനകൾ ഒന്നിച്ചു പ്രവർത്തിക്കുന്ന ഒരു സംയുക്ത സംരംഭമാണ്. അറേബ്യൻ കടൽ, അദൻ ഉൾക്കടൽ, ഇന്ത്യൻ മഹാസമുദ്രം തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രധാനമായും പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.