ആയിഷുമ്മ സമ്മാനിച്ച മധുര കാരക്കകൾ

എ​​െൻറ കുട്ടിക്കാലത്ത്​ റമദാനുമായി ബന്ധപ്പെട്ട്​ അധികം ഓർമ്മകളൊന്നും ഇല്ല. എന്നിരുന്നാലും തീരെ ഇല്ല എന്നല ്ല. എ​​െൻറ വീടിനടുത്തു അധികം മുസ്​ലീം സഹോദരങ്ങൾ ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ റമദാൻ രീതികളൊന്നും അറിയുകയ ുമില്ലായിരുന്നു. സർക്കാർ ആശുപത്രിയിൽ നഴ്സ് ആയിരുന്ന അച്ഛൻ പലപ്പോഴും സുഹൃത്തുക്കളുടെ നോമ്പ് തുറ വിഭവങ്ങൾ വീട് ടിൽ കൊണ്ട് വരിക പതിവായിരുന്നു. മറ്റു ചിലപ്പോൾ ഒരു ഇൻജക്ഷൻ എടുത്തതി​​െൻറ അല്ലെങ്കിൽ മുറിവിന്​ വല്ലതും വച്ച് കെട്ടി കൊടുത്തതി​​െൻറയൊക്കെ നന്ദി സൂചകമായി പരിചയക്കാർ വീട്ടിലേക്കു പത്തിരിയും ഇറച്ചിക്കറിയും മറ്റു കൊതിയൂറുന്ന വിഭവങ്ങളും പൊതിഞ്ഞു കൊണ്ട് വന്നു തരികയും ചെയ്യാറുണ്ട്. അങ്ങിനെ വരുമ്പോഴൊക്കെ നോമ്പ് തുറയിലെന്നപോലെ ഞാനും ചേച്ചിയും അനിയനും അച്ഛനും അമ്മയും ഒരുമിച്ചു വട്ടം കൂടി ഇരുന്നു കഴിക്കുന്നത് ഇന്ന് ഓർമിക്കുമ്പോൾ ഇരട്ടി മധുരമാണ്.

നോമ്പ് തുറയിൽ മാത്രമല്ല എന്നും കൂട്ടമായി ഭക്ഷണം കഴിക്കാൻ, അങ്ങിനെ കഴിക്കുമ്പോൾ അനുഭവിക്കുന്ന ആനന്ദം, സമാധാനം, എന്ത് രസമാണ് എന്ന് ഞാൻ പലപ്പോഴും ഓർമ്മിക്കാറുണ്ട്. റമദാനുമായുള്ള മറ്റൊരു ഒാർമ ആയിഷുമ്മയെക്കുറിച്ചാണ്​. എ​​െൻറ വീട്ടിൽ നിന്നും കുറച്ചകലെ ആയി താമസിക്കുന്ന, മക്കളാൽ ഉപേക്ഷിക്കപ്പെട്ട നൊസ്സുള്ള പ്രായം ചെന്ന സ്ത്രീ ആയിരുന്നു ആയിഷുമ്മ. ആരാലും ആശ്രയമില്ലാത്ത ഒരു പാവം സ്ത്രീ. മക്കളും അവരുടെ കെട്ടിയോളും ഒഴിഞ്ഞു പോയ വീട്ടിൽ പലപ്പോഴും നാട്ടുകാരിൽ ചിലർ കൊടുക്കുന്ന സകാത്തിൽ ജീവിതം തള്ളി നീക്കുന്ന ആ പാവം ഉമ്മ ഞങ്ങൾ കുട്ടികൾക്ക് ഒരു ഭ്രാന്തി തള്ള മാത്രമായിരുന്നില്ല. കുട്ടികളോട് എന്നും വല്യ സ്നേഹമായിരുന്നു അവർക്ക്. മുതിർന്നവരോട് മിക്കപ്പോഴും എന്തെങ്കിലും നല്ല പുളിച്ച തെറി പറഞ്ഞു വഴക്കിടുകയും ചെയ്യും. സ്‌കൂളിൽ പോകുമ്പോൾ ചിലപ്പോ വഴിയരികിൽ കണ്ടാൽ ആദ്യമൊക്കെ പേടിയോടെ ഒതുങ്ങി നടക്കുകയും ചെയ്യുക ഞങ്ങൾ കുട്ടികളുടെ പതിവായിരുന്നു.

എന്തൊക്കെ ആണെങ്കിലും റമദാൻ തുടങ്ങി കഴിഞ്ഞാൽ ഞങ്ങൾക്കു അവരെന്നും നല്ല ഉമ്മ ആയിരുന്നു. നാട്ടിലും കാട്ടിലും അലഞ്ഞു തിരിഞ്ഞു കൊണ്ട് വരുന്ന കാരക്കയുടെ മാധുര്യം ഓരോ വൈകുന്നേരങ്ങളിലും ഞങ്ങൾ ഓരോരുത്തരും അനുഭവിക്കാറുണ്ടായിരുന്നു. സ്‌കൂൾ വിട്ടു വരുന്ന ഞങ്ങൾ കുട്ടികൾക്ക് ഒന്നോ രണ്ടോ കാരക്ക വീതം കരുതി വയ്ക്കുന്ന സ്നേഹമുള്ള ആ ഉമ്മയ്ക്ക് നല്ല ബോധം ഉണ്ടായിരുന്നു. ഒരു പക്ഷെ അവർ ഭ്രാന്ത് അഭിനയിക്കുക ആയിരുന്നിരിക്കണം. ഞങ്ങൾക്ക് കാരക്കയും തന്ന് ചിരിച്ചുകൊണ്ട് ത​​െൻറ അനാഥമായ വീട്ടിലേക്കു തിരിച്ചു പോകുമ്പോൾ അവരെന്തെങ്കിലും കഴിച്ചിരുന്നോ എന്ന് അന്ന് ഞങ്ങൾ ആരും ഓർത്തിരുന്നില്ല. ഒരു പക്ഷെ ആരെങ്കിലുമൊക്കെ ഭക്ഷണം കൊടുത്തു കാണും. പള്ളികളും, മദ്​റസകളും അലങ്കരിക്കുന്ന കൂട്ടത്തിൽ ഒരു സകാത്ത്, എരിയുന്ന വിശപ്പിനു ഒരു നേരത്തെ ഭക്ഷണം ആരെങ്കിലുമൊക്കെ കൊടുത്തു കാണും, അവരത് സന്തോഷത്തോടെ കഴിച്ചുകാണും എന്ന് വെറുതെ ഞാനും വിശ്വസിക്കുന്നു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT