കടക്കെണിയിൽ കുടുങ്ങി വഴികൾ അടയുേമ്പാഴാണ് പലരും ആത്മഹത്യയിലേക്ക് തിരിയുന്ന
ത്. സാമ്പത്തിക അച്ചടക്കം പാലിച്ചും നിലവിലെ ജീവിത പരിസരങ്ങളിൽ തൃപ്തി കണ്ടെത്തിയും ജീവിച്ചാൽ മനോസംഘർഷത്തെ ഒഴിവാക്കാം
മനാമ: ജീവിതത്തിൽ ഉയർച്ചക്ക് കുറുക്കുവഴികൾ ഒരിക്കലും അന്വേഷിക്കരുതെന്ന് ഡോ.അനീസ് അലി പറഞ്ഞു. ബഹ്റൈനിൽ മലയാളി പ്രവാസികൾക്കിടയിൽ ആത്മഹത്യ വർധിക്കുന്നതിന് പിന്നിൽ സാമ്പത്തിക ഇടപാടുകൾ കാരണമാകുന്നുവെന്ന കണ്ടെത്തലിെൻറ ഭാഗമായാണ് താനിത് പറയുന്നതെന്നും അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ജീവിതം സമാധാനപരമാകാൻ നമ്മുടെ ജീവിതത്തിന് അതിരുകൾ നിശ്ചയിക്കണം. ആ അതിരുകൾക്കുള്ളിൽ നിന്ന് ലഭിക്കുന്ന സൗകര്യങ്ങളിൽ തൃപ്തിയടയണം.
കൂടുതൽ സുഖസൗകര്യം തേടലും അവ നേടുന്നതിനായുളള എളുപ്പവഴികളുമാണ് പലരെയും വലിയ സാമ്പത്തിക ഇടപാടുകളിലേക്കും അത്തരം സംരംഭങ്ങളിലേക്കും നയിക്കുന്നത്. എന്നാൽ അതിൽ പലതും ചിലരുടെ ഉപദേശം കേട്ടുകൊണ്ടുള്ള എളുപ്പ വഴികളിലൂടെയുള്ള സഞ്ചാരമോ സാഹസമോ ആയിരിക്കും. തലകുത്തി വീഴുകയും വലിയ സാമ്പത്തിക പ്രതിസന്ധികളിൽപ്പെട്ട് നട്ടംതിരിയുകയുമായിരിക്കും ഇതിെൻറ ഫലം. പലിശഇടപാടുകളിലോ കടക്കെണിയിലോ കുടുങ്ങി ഒടുവിൽ എല്ലാ വഴികളും അടയുേമ്പാഴാണ് പലരും ആത്മഹത്യയിലേക്ക് തിരിയുന്നത്. അതിനാൽ സാമ്പത്തിക അച്ചടക്കം പാലിക്കുകയാണ് ആദ്യപാഠമെന്നും ഡോ.അനീസ് പറഞ്ഞു. ജീവിതത്തിൽ ഉയർച്ചക്ക് കുറുക്കുവഴികളില്ലെന്ന് മനസിലാക്കണം. പടവുകളായി കയറി ജീവിതത്തിെൻറ ഉയർച്ചകളിലേക്ക് പോകണം. അതിന് കഠിനാദ്ധ്വാനവും അനുഭവങ്ങളും ജാഗ്രതയും സാമൂഹിക പിന്തുണയും ആവശ്യമാണ്. അങ്ങനെയുള്ളവരെ പ്രതിസന്ധികൾ എളുപ്പം ബാധിക്കുകയുമില്ല. കേരളത്തിലും ആത്മഹത്യകൾ വർധിച്ചിരിക്കുകയാണ്.
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കേരളത്തിലെ ആത്മഹത്യാനിരക്ക് ഒരുലക്ഷം പേർക്ക് 21.6 എന്ന ക്രമത്തിലാണ്. അഖിലേന്ത്യാ തലത്തിൽ ആത്മഹത്യാനിരക്ക് ഒരു ലക്ഷം പേർക്ക് 10.6 എന്ന നിരക്കിൽ നിൽക്കുമ്പോഴാണ് കേരളത്തിലെ കണക്ക് 21.6 ആയി മാറിയിരിക്കുന്നത്. ദേശീയ ശരാശരിക്ക് മുകളിലാണ് കേരളത്തിലെ ആത്മഹത്യാനിരക്ക് എന്ന് വ്യക്തം. 15 വർഷം മുമ്പ് കേരളത്തിലെ ശരാശരി കണക്ക് 32 ആയിരുന്നു. 15 വർഷത്തെ സാമൂഹികവും മാനസികവും വൈദ്യശാസ്ത്രപരവുമായ ബോധവൽകരണങ്ങളിലൂടെയാണ് ഈ സ്ഥിതി കൈവരിക്കാനായത്. ആത്മഹത്യാ നിരക്കിൽ കേരളം ഏഴാം സ്ഥാനത്താണ് ഇപ്പോഴുള്ളത്.
വിവിധ വിഭാഗങ്ങളിലെ ആത്മഹത്യനിരക്ക് കുറച്ചുകൊണ്ടുവരാനും കഴിഞ്ഞ പതിനഞ്ച് വർഷത്തെ ഇടപെടലുകൾക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും വൃദ്ധരിലും കൗമാരപ്രായക്കാരിലും ആത്മഹത്യനിരക്ക് ഇപ്പോഴും ഉയർന്ന അളവിൽ തന്നെ തുടരുകയാണ്. വർഷങ്ങൾക്ക് മുമ്പ് ആത്മഹത്യ ചെയ്യുന്നവരിൽ 12 ശതമാനമായിരുന്നു 60നു മേൽ പ്രായമുള്ള വൃദ്ധർ. എന്നാലിന്ന് മൊത്തം ആത്മഹത്യ ചെയ്യുന്നവരിൽ 19 ശതമാനം പേർ 60നു മേൽ പ്രായമുള്ളവരാണ്. നിലവിൽ 20 ന് താഴെയുള്ള കൗമാരപ്രായക്കാരുടെ ആത്മഹത്യാനിരക്ക് ഇനിയും കുറയേണ്ടതായിട്ടുണ്ട്.
ആത്മഹത്യയുടെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങൾ വിലയിരുത്തുമ്പോൾ അതിൽ മാനസിക ആരോഗ്യ പ്രശ്നങ്ങൾ വളരെ പ്രധാനപ്പെട്ട സ്ഥാനം വഹിക്കുന്നുണ്ട്. തിരിച്ചറിയപ്പെടാതെ പോകുന്ന മാനസികാരോഗ്യപ്രശ്നങ്ങൾ ആത്മഹത്യയ്ക്ക് പ്രധാന കാരണമായി വരുന്നു. ലോകാരോഗ്യസംഘടനയുടെ അഭിപ്രായപ്രകാരം തിരിച്ചറിയപ്പെടാതെ പോകുന്ന വിഷാദരോഗമാണ് ആത്മഹത്യയുടെ ഏറ്റവും ഫലപ്രദമായി തടയാൻ പറ്റുന്ന ഏറ്റവും സർവ്വസാധാരണമായ കാരണം. ഇതോടൊപ്പംതന്നെ വൈകാരിക രോഗമായ സ്കിസോഫ്രീനിയ, മദ്യാസക്തി തുടങ്ങിയവയും ആത്മഹത്യ സാധ്യത വർധിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പിെല കണ്‍സള്‍ട്ടൻറ് സൈക്യാട്രിസ്റ്റ് കൂടിയാണ് ഡോ.അനീസ് അലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.