ബഹ്റൈൻ, റഷ്യ വിദേശകാര്യ മന്ത്രിമാർ മോസ്കോയിൽ നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിൽനിന്ന്
മനാമ: വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താനുള്ള നിശ്ചയദാർഢ്യം ഉൗന്നിപ്പറഞ്ഞ് ബഹ്റൈനും റഷ്യയും. ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ മോസ്കോയിൽ നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.രണ്ടു രാജ്യങ്ങളിൽനിന്നുമുള്ള പ്രതിനിധി സംഘം നടത്തിയ യോഗത്തിനുശേഷമാണ്
വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവും സംയുക്ത വാർത്തസമ്മേളനം നടത്തിയത്.
സൗഹൃദ രാജ്യമായ റഷ്യ സന്ദർശിച്ചതിൽ വിദേശകാര്യ മന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ സൗഹൃദ ബന്ധത്തിെൻറ ആഴം പ്രകടിപ്പിക്കുന്ന ഫലപ്രദവും ക്രിയാത്മകവുമായ ചർച്ചകളാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിൽ, പ്രത്യേകിച്ചും സാമ്പത്തികം, നിക്ഷേപം, വ്യാപാരം, സാംസ്കാരിക മേഖലകളിൽ ഉഭയകക്ഷി സഹകരണം വളർത്തിയെടുക്കാനുള്ള മാർഗങ്ങൾ ഇരുപക്ഷവും ചർച്ച ചെയ്തു. സൗഹൃദവും സഹകരണവും വർധിപ്പിക്കുന്നതിന് ഉഭയകക്ഷി ശ്രമങ്ങൾ തുടരേണ്ടതിെൻറ ആവശ്യകതയും ഇരു കൂട്ടരും പങ്കുവെച്ചു.
വ്യാപാരം, സമ്പദ്വ്യവസ്ഥ, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിന് ഈ വർഷം അവസാനം ബഹ്റൈനിൽ ചേരാനിരിക്കുന്ന യോഗത്തിെൻറ പ്രാധാന്യം ഇരുകൂട്ടരും ഉൗന്നിപ്പറഞ്ഞു.കോവിഡ് -19 മഹാമാരി ലോക രാജ്യങ്ങളിലെ ആരോഗ്യം, സാമ്പത്തികം, സാമൂഹികം തുടങ്ങിയ മേഖലകളിലുണ്ടാക്കിയ പ്രത്യാഘാതങ്ങൾ ഇരുകൂട്ടരും വിലയിരുത്തിയതായി വിദേശകാര്യ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.