മോശം കാലാവസ്ഥ; ബഹ്‌റൈൻ-ഖത്തർ ഫെറി സർവിസ് താൽക്കാലികമായി നിർത്തിവെച്ചു

മനാമ: ബഹ്‌റൈനും ഖത്തറിനും ഇടയിലുള്ള പുതിയ ഫെറി സർവിസ് മോശം കാലാവസ്ഥ കാരണം താൽക്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ട്. പുതിയ സർവിസ് ആരംഭിച്ചതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി സർവിസ് റദ്ദാക്കിയത്. മുഹറഖിലെ സആദ മറീനയെയും ഖത്തറിലെ അൽ റുവൈസ് തുറമുഖത്തെയും ബന്ധിപ്പിക്കുന്ന പുതിയ ഫെറി സർവിസാണ് നിലവിൽ നിർത്തിവെച്ചിരിക്കുന്നത്.

നവംബറിലെ ആദ്യ വാരം ആരംഭിച്ച ഈ സർവിസ്, രണ്ട് ഗൾഫ് രാജ്യങ്ങൾക്കിടയിലുള്ള ആദ്യത്തെ അന്താരാഷ്ട്ര യാത്രാ കടൽ ലിങ്ക് എന്ന പ്രത്യേകതയോടെയാണ് ശ്രദ്ധ നേടിയത്. ടിക്കറ്റ് ബുക്ക് ചെയ്യാനുപയോഗിക്കുന്ന മസാർ മൊബൈൽ ആപ്ലിക്കേഷനിൽ നിലവിൽ ട്രിപ്പുകളൊന്നും ലിസ്റ്റ് ചെയ്തിട്ടില്ല. മോശം കാലാവസ്ഥയെ തുടർന്നാണ് ട്രിപ്പുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നതെന്നാണ് അന്വേഷിച്ചപ്പോൾ കസ്റ്റമർ സർവിസ് ഏജന്റുമാർ നൽകിയ മറുപടി.

സുരക്ഷിതമായ സാഹചര്യം വരുന്നതോടെ സർവിസുകൾ വീണ്ടും പുനരാരംഭിക്കുമെന്നും അവർ പറഞ്ഞു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ സ്ഥിതി തുടരും. ഈ മേഖലയിലെ സഞ്ചാരികൾക്ക്, പ്രത്യേകിച്ചും ഗൾഫ് രാജ്യങ്ങൾക്കിടയിൽ കടൽ വഴിയുള്ള യാത്ര ആസൂത്രണം ചെയ്തവർക്ക്, ഇത് തിരിച്ചടിയായിരിക്കുകയാണ്.

Tags:    
News Summary - Bad weather; Bahrain-Qatar ferry service temporarily suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.