എ.വി.സി പുരുഷ വേളിബാൾ നേഷൻസ് കപ്പ് നേടിയ ബഹ്റൈൻ ടീം
മനാമ: റിഫയിൽ നടന്ന ഏഷ്യൻ വോളിബാൾ കോൺഫെഡറേഷൻ (എ.വി.സി) പുരുഷ വേളിബാൾ നേഷൻസ് കപ്പിൽ ജേതാക്കളായി ബഹ്റൈന്. റിഫയിലെ ഇസ സ്പോർട്സ് സിറ്റിയിലെ ഇസ ബിൻ റാഷിദ് അരീനയിൽ നടന്ന ആവേശകരമായ ഫൈനലിൽ പാകിസ്താനെ ഒന്നിനെതിരെ മൂന്നു സെറ്റുകൾ സ്വന്തമാക്കിയാണ് ബഹ്റൈൻ വിജയ കിരീടം സ്വന്തമാക്കിയത്. സ്കോർ (23-25, 25-16, 25-17, 25-18). ജയത്തോടെ 2026ലെ ഏഷ്യൻ പുരുഷ വോളിബാൾ ചാമ്പ്യൻഷിപ്പിലേക്കും ബഹ്റൈൻ യോഗ്യത നേടി. ഇത് രണ്ടാം തവണയാണ് ബഹ്റൈനും പാകിസ്താനും എ.വി.സി നേഷൻസ് കപ്പിൽ ഫൈനലിലെത്തുന്നത്. 2023ൽ ബഹ്റൈനും 2024ൽ പാകിസ്താനും ഫൈനൽ കളിച്ചെങ്കിലും രണ്ടുപേർക്കും നിരാശയായിരുന്നു ഫലം. ഇത്തവണ ജയം ബഹ്റൈന്റെ കൂടെ നിന്നപ്പോൾ പാകിസ്താന് വീണ്ടും പരാജയ രുചി അറിയേണ്ടി വന്നു. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ദക്ഷിണ കൊറിയയെ മറുപടിയില്ലാത്ത തുടർച്ചയായ മൂന്ന് സെറ്റുകളിൽ പരാജയപ്പെടുത്തി ഖത്തർ വെങ്കലം സ്വന്തമാക്കി. സ്കോർ (25-21, 25-20, 25-23).
എട്ട് ദിവസങ്ങളിലായി നീണ്ടുനിന്ന ടൂർണമെന്റ് ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി ചെയർമാനും യുവജന, കായിക സുപ്രീം കൗൺസിൽ ഒന്നാം വൈസ് ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് നടന്നത്. ഫൈനലിൽ ജി.എസ്.എ ഡെപ്യൂട്ടി ചെയർമാൻ ശൈഖ് സൽമാൻ ബിൻ മുഹമ്മദ് ആൽ ഖലീഫ ടീമുകൾക്ക് കിരീടം കൈമാറി. ബഹ്റൈൻ വോളിബാൾ അസോസിയേഷൻ (ബി.വി.എ) പ്രസിഡന്റ് ശൈഖ് അലി ബിൻ മുഹമ്മദ് ആൽ ഖലീഫയും മറ്റു ബഹ്റൈൻ, എ.വി.സി ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. വിജയികളായ ബഹ്റൈൻ വോളിബാൾ ടീമിനെ മാനുഷിക കാര്യങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയും ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.