ബഹ്റൈനിലെ ഫലസ്തീൻ അംബാസിഡറായി നിയമിതനായ ആരിഫ് യൂസഫ് സാലിഹ് വിദേശകാര്യ മന്ത്രി ഡോ. അബ്​ദുല്ലത്തീഫ്​ ബിൻ റാശിദ്​ അൽ സയാനിക്ക് യോഗ്യതാപത്രങ്ങളുടെ പകർപ്പ് സമർപ്പിക്കുന്നു

ബഹ്റൈനിലെ ഫലസ്തീൻ അംബാസിഡറായി ആരിഫ് യൂസഫ് സാലിഹ് നിയമിതനായി

മനാമ: ബഹ്‌റൈനിലേക്കുള്ള ഫലസ്തീന്റെ പുതിയ അംബാസഡർ ആരിഫ് യൂസഫ് സാലിഹ് മനാമയിലെ മന്ത്രാലയ ആസ്ഥാനത്ത് വിദേശകാര്യ മന്ത്രി ഡോ. അബ്​ദുല്ലത്തീഫ്​ ബിൻ റാശിദ്​ അൽ സയാനിക്ക് യോഗ്യതാപത്രങ്ങളുടെ പകർപ്പ് സമർപ്പിച്ചു. നേരത്തെ‍യുണ്ടായിരുന്ന അംബാസഡർ താഹ മുഹമ്മദ് അബ്ദുൽ ഖാദർ തന്‍റെ ദൗത്യം പൂർത്തിയാക്കി മടങ്ങിയ ഒഴിവിലേക്കാണ് യൂസഫ് സാലിഹ് നിയമിതനായത്.

ബഹ്‌റൈനും ഫലസ്തീനും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരമായ സാഹോദര്യ ബന്ധത്തെയും വിവിധ മേഖലകളിലെ ബന്ധങ്ങളുടെ തുടർച്ചയായ വികാസത്തെയും പ്രശംസിച്ചുകൊണ്ട് മന്ത്രി അൽ സയാനി അംബാസഡർ സാലിഹിനെ സ്വാഗതം ചെയ്തു. നയതന്ത്ര ചുമതലകളിൽ അദ്ദേഹത്തിന് വിജയം ആശംസിക്കുകയും ചെയ്തു.

ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെയും വിദേശകാര്യ-പ്രവാസി മന്ത്രി ഫാരിസീൻ അഘബേക്കിയൻ ഷഹീന്റെയും ആശംസകൾ അംബാസഡർ മന്ത്രിയെ അറിയിച്ചു. ബഹ്‌റൈനിന് തുടർച്ചയായ പുരോഗതിയും സമൃദ്ധിയും ആശംസിച്ചുകൊണ്ട്, ഇരു സഹോദര രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനും എല്ലാ തലങ്ങളിലും ബന്ധം കൂടുതൽ വികസിപ്പിക്കുന്നതിനുമുള്ള തന്റെ പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു.

ബഹ്‌റൈൻ ഭാഗത്ത് നിന്ന് വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോക്കോൾ ചീഫ് അംബാസഡർ സലാ മുഹമ്മദ് ശഹാബ് യോഗത്തിൽ പങ്കെടുത്തു. ഫലസ്തീനെ പ്രതിനിധീകരിച്ച് എംബസിയിലെ ഫസ്റ്റ് കൗൺസിലർ മുഹമ്മദ് അബ്ദുൽ അസീസ് അൽ-തുർക്ക്, കൗൺസിലർ ഖുതൈബ സഖ്‌സൂഖ് എന്നിവരും പങ്കെടുത്തു.

Tags:    
News Summary - Arif Youssef Salih appointed as Palestinian ambassador to Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.