ഇന്നലെ ഡോളറിന് എതിരെ ഇന്ത്യൻ രൂപ 92 രൂപക്കടുത്ത് എത്തുന്നുവെന്ന വാർത്ത കണ്ടപ്പോൾ ആദ്യം മനസ്സിൽ വന്നത് ഒരേ ചിന്തയായിരുന്നു.ഇപ്പോൾ നാട്ടിലേക്ക് പൈസ അയച്ചാൽ കുറച്ച് കൂടുതൽ രൂപ കിട്ടും. ബഹ്റൈൻ ദീനാർ പ്രകാരം ഒരു ദീനാറിന് 243 രൂപ. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്. മാസങ്ങളായി കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണത്തിന് ഇത്രയെങ്കിലും അധികം വില കിട്ടുന്നത് ഒരു ചെറിയ ആശ്വാസംതന്നെയാണ്. വീട്ടിലെ ചെലവുകൾ, കുട്ടികളുടെ പഠനം, ലോൺ തിരിച്ചടവ്… ഇതൊക്കെ ഓർക്കുമ്പോൾ ആ സന്തോഷം നിസ്സാരമല്ല.
പക്ഷേ, ആ സന്തോഷം കുറച്ച് സമയം കഴിഞ്ഞപ്പോൾതന്നെ ഒരുഭാരം പോലെ മാറി. കാരണം, രൂപ ഇങ്ങനെ തളരുമ്പോൾ അതിന്റെ ഗുണം മാത്രമല്ല, ദോഷവും ആദ്യം തട്ടുന്നത് നമ്മുടെ വീട്ടുകാരിലേക്കാണ്. ഇന്ന് കൂടുതൽ രൂപ കിട്ടുന്നുണ്ടെങ്കിലും, നാളെ അതേ രൂപക്ക് കുറച്ച് സാധനങ്ങൾ മാത്രമേ വാങ്ങാൻ കഴിയൂ എന്ന സത്യം നമ്മൾ മറക്കരുത്.
നാട്ടിൽ പെട്രോൾ വില ഉയർന്നുനിൽക്കുന്നു, ഭക്ഷണ സാധനങ്ങളുടെ വില കൂടുന്നു, യാത്രയും ചികിത്സയും എല്ലാം ചെലവേറുന്നു എന്ന് വീട്ടുകാർ പറയുമ്പോൾ മനസ്സിലാകും, രൂപയുടെ വില കുറഞ്ഞതിന്റെ ഭാരം ആരാണ് വഹിക്കുന്നതെന്ന്. ഇന്ന് ഞാൻ അയക്കുന്ന അധിക പണം, നാളെയായി വർധിച്ച ചെലവുകളിൽ ഒലിച്ചുപോകുമെന്ന ഭയം പലപ്പോഴും ഉള്ളിൽ കടന്നുവരുന്നു.
ഇന്ത്യയിൽ എടുത്തിരിക്കുന്ന ഹോം ലോൺ, വാഹന ലോൺ എന്നിവയുടെ ഇ.എം.ഐ കൂടുമോ എന്ന ആശങ്കയും കൂടെയുണ്ട്. പലിശനിരക്കുകൾ ഉയർന്നാൽ അതിന്റെ ഫലം നേരിട്ട് കുടുംബ ബജറ്റിൽതന്നെ കാണാം. പ്രവാസിയായിരിക്കുന്ന നമ്മൾക്ക് അത് വെറും അക്കങ്ങളല്ല, ഓരോ മാസവും കൃത്യമായി അയക്കേണ്ട ഉത്തരവാദിത്തങ്ങളാണ്.
ഇപ്പോൾ കിട്ടുന്ന നല്ല എക്സ്ചേഞ്ച് റേറ്റിൽ വലിയ പ്ലാനുകൾ തയാറാക്കാൻ പലർക്കും തോന്നും. പക്ഷേ, ഈ റേറ്റ് സ്ഥിരമല്ല എന്നതാണ് സത്യം. കറൻസി മാറുമ്പോൾ നമ്മുടെ ജീവിത പ്ലാനുകളും മാറേണ്ടിവരും. വിവാഹം, കുട്ടികളുടെ വിദ്യാഭ്യാസം, ഭാവിയിലെ വീട്, റിട്ടയർമെന്റ് എല്ലാം അനിശ്ചിതത്വത്തിലാകുന്ന ഒരു അവസ്ഥ.
ഒരു രാജ്യത്തിന്റെ കറൻസി തുടർച്ചയായി തളരുന്നത് നല്ല ലക്ഷണമല്ലെന്ന് നമ്മൾ പ്രവാസികൾക്ക് പ്രത്യേകിച്ച് മനസ്സിലാകണം. അത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെയും, അവിടെ വളരുന്ന നമ്മുടെ കുട്ടികളുടെ ഭാവിയെയും ബാധിക്കും. ഇന്ന് നാം പുറത്തുനിന്ന് അയക്കുന്ന പണമാണ് പല വീടുകളും പിടിച്ചുനിർത്തുന്നത് എന്നതുതന്നെ എത്ര വലിയ വിരോധാഭാസമാണ്.
അതുകൊണ്ട്, ഡോളറിന് മുന്നിൽ രൂപ തളരുന്നത് കണ്ട് നിമിഷ നേരത്തേക്ക് സന്തോഷിക്കുന്നതിന് പകരം, അൽപം ചിന്തിക്കേണ്ട സമയമാണിത് എന്ന് തോന്നുന്നു. കൂടുതൽ രൂപ കിട്ടുന്നതല്ല, ആ രൂപക്ക് നാളെയും ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയണമെന്നതാണ് യഥാർഥ ആശ്വാസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.