മനാമ: ബഹ്‌റൈനിൽ നിന്ന് ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി അലുമിനിയം കടത്താൻ ശ്രമിച്ച കേസിൽ ഒരു ഇന്ത്യക്കാരനും പാകിസ്താനിയുമാണ് ഹൈ ക്രിമിനൽ കോടതിയിൽ വിചാരണ നേരിടുന്നത്. ഷിപ്പിങ് കണ്ടെയ്‌നറുകളിൽ പേപ്പർ വേസ്റ്റ് ആണെന്ന് തെറ്റായ രേഖകൾ ചമച്ച് ലക്ഷങ്ങൾ വിലമതിക്കുന്ന അലുമിനിയം കടത്താനായിരുന്നു ഇവരുടെ നീക്കം.
ഒരു പ്രമുഖ റീസൈക്ലിംഗ് കമ്പനിയിലെ സൂപ്പർവൈസറായ 47 കാരനായ ഇന്ത്യക്കാരൻ, സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്‍റ് പോർട്ടലിൽ വ്യാജ വിവരങ്ങൾ നൽകി എക്‌സ്‌പോർട്ട് ലൈസൻസ് കൈക്കലാക്കിയിരുന്നു. സ്വന്തം കമ്പനി മാനേജരുടെ ഒപ്പ് വ്യാജമായി ഇട്ടാണ് ഇയാൾ അപേക്ഷ നൽകിയത്. സ്ക്രാപ്പ് മെറ്റൽ കമ്പനിയിൽ ജോലി ചെയ്യുന്ന 32 കാരനായ പാകിസ്താൻ പൗരനാണ് ഇതിന് കൂട്ടുനിന്നത്. തന്‍റെ കമ്പനിയുടെ സി.ആർ സസ്പെൻഡ് ചെയ്യപ്പെട്ടതിനാൽ അലുമിനിയം കയറ്റുമതി ചെയ്യാൻ സഹായിക്കണമെന്ന് ഇയാൾ ഇന്ത്യക്കാരനോട് ആവശ്യപ്പെടുകയായിരുന്നു.
ഖലീഫ ബിൻ സൽമാൻ പോർട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ എക്സ്-റേ കാർഗോ ഇൻസ്പെക്ഷൻ മെഷീൻ വഴി കണ്ടെയ്‌നറുകൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. പേപ്പർ എന്ന് രേഖപ്പെടുത്തിയ കണ്ടെയ്‌നറിനുള്ളിൽ ലോഹത്തിന്‍റെ സാന്നിധ്യം സ്കാനറിൽ തെളിയുകയായിരുന്നു.
ആകെ 10 കണ്ടെയ്‌നറുകൾ അയക്കാനായിരുന്നു അനുമതി വാങ്ങിയിരുന്നത്. ഇതിൽ 4 എണ്ണം ഇതിനോടകം ഇന്ത്യയിലേക്ക് പോയിക്കഴിഞ്ഞു. 4 എണ്ണം പോർട്ടിൽ പിടിച്ചുവെച്ചു, ബാക്കി 2 എണ്ണം സ്ക്രാപ്പ് കമ്പനിയിൽ തന്നെയുണ്ട്. രേഖകൾ കെട്ടിച്ചമയ്ക്കൽ, സർക്കാർ പോർട്ടലിൽ തെറ്റായ വിവരങ്ങൾ നൽകി വഞ്ചിക്കൽ, വ്യാജ രേഖകൾ യഥാർത്ഥമെന്ന നിലയിൽ ഉപയോഗിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അന്വേഷണത്തിനിടയിൽ ഇന്ത്യൻ പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. കേസിൽ വിചാരണ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.