അലി റാശിദ് അൽ അമീൻ കമ്പനിയുടെ നേതൃത്വത്തിൽ നടന്ന ഓണാഘോഷത്തിൽനിന്ന്
മനാമ: ഓണത്തെ വരവേറ്റ് അലി റാശിദ് അൽ അമീൻ കമ്പനി ബി.എം.സി ഹാളിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. വിവിധ ഡിപ്പാർട്മെന്റുകളിൽനിന്നുള്ള 250ലധികം ജീവനക്കാർ പങ്കെടുത്ത പരിപാടിയിൽ കലാകായിക മത്സരങ്ങളും വിനോദ പരിപാടികളും നടന്നു.
രാവിലെ 7.30ന് പൂക്കളം മത്സരത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. വൈകീട്ട് 6 മണിയോടെ പരിപാടികൾ സമാപിച്ചു. ഗ്രൂപ് ഫിനാൻഷ്യൽ കൺട്രോളർ സുധീഷ് കെ.പി സ്വാഗതം പറഞ്ഞു. സെയിൽസ് ആൻഡ് മാർക്കറ്റിങ് മാനേജർ ചന്തു മാണി അബ്രഹാം അധ്യക്ഷത വഹിച്ചു. മുൻ മാർക്കറ്റിങ് മാനേജർ എസ്.ജി. അബ്രഹാം മുഖ്യാതിഥിയായിരുന്നു. എച്ച്.ആർ മാനേജർ വഖാസ് ഉൾപ്പെടെ കമ്പനി മാനേജ്മെന്റിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
കസേരകളി, സുന്ദരിക്ക് പൊട്ടുകുത്തൽ, നാരങ്ങ സ്പൂൺ, സൂചിയിൽ നൂൽ കോർക്കൽ, ചാക്കിൽ ഓട്ടം, കലം അടി തുടങ്ങിയ പരമ്പരാഗത മത്സരങ്ങൾ ആവേശം വർധിപ്പിച്ചു. നാല് ടീമുകളായി നടന്ന വാശിയേറിയ വടംവലി മത്സരത്തിൽ അക്കൗണ്ട്സ് ടീം വിജയികളായി. വിജയികൾക്ക് ബ്രാൻഡ് മാനേജർമാരായ ഷൈജുവും ബാബുരാജും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. വിവിധ കലാപരിപാടികൾക്കും മത്സരങ്ങൾക്കും ശേഷം നടന്ന വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷങ്ങൾ സമാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.