അൽനൂർ ഇന്റർനാഷനൽ സ്കൂൾ കിന്റർഗാർട്ടൻ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ബിരുദദാന ചടങ്ങിൽനിന്ന്
മനാമ: കിന്റർഗാർട്ടൻ വിദ്യാർഥികൾക്ക് ബിരുദദാന ചടങ്ങ് സംഘടിപ്പിച്ച് അൽ നൂർ ഇന്റർനാഷനൽ സ്കൂൾ. ജൂൺ 14, 15, 16 തീയതികളിലായി സ്കൂൾ കാമ്പസിൽ വെച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. കുടുംബാംഗങ്ങളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിലും കൈയടികൾക്കിടയിലും കുട്ടികൾ സന്തോഷത്തോടെ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി. സ്കൂൾ ചെയർമാൻ അലി ഹസന് ചടങ്ങിൽ മുഖ്യാതിഥിയായി. ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദ്, പ്രിൻസിപ്പൽ മിസ്റ്റർ അബ്ദുൾ റഹ്മാൻ അൽ കൂഹെജി, ക്വാളിറ്റി അഷ്വറൻസ് മേധാവികൾ, പ്രധാനാധ്യാപകർ, സ്കൂൾ ജീവനക്കാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. വിദ്യാർഥികളായ ഹാജർ സുഹൈർ, സാറാ നബീൽ, അഹമ്മദ് ഫാദൽ, ഷെയ്ഖ് മിം, ആയിഷ ഫഹദ്, അലി ഹുസൈൻ എന്നിവർ അറബിയിലും ഇംഗ്ലീഷിലും സ്വാഗതപ്രസംഗം നടത്തിയാണ് പരിപാടി ആരംഭിച്ചത്.
ദേശീയ ഗാനത്തോടെയാണ് പരിപാടിക്ക് തുടക്കമായത്. മാലിക് താമർ, മുഹമ്മദ് മഹ്മൂദ്, യൂസഫ് അഹമ്മദ് എന്നിവർ വിശുദ്ധ ഖുർആനിലെ വചനങ്ങൾ പാരായണം ചെയ്തു. വിദ്യാർഥികൾക്കായി ഏകദേശം 700 സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വിദ്യാഭ്യാസത്തിന്റെ ആദ്യ വർഷങ്ങളിൽ അവർ നേടിയ നേട്ടങ്ങളെയാണ് അംഗീകരിച്ചത്. യുവ ബിരുദധാരികൾ ഇനി സ്കൂളിന്റെ ബ്രിട്ടീഷ്, ബഹ്റൈനി, സി.ബി.എസ്.സി വിഭാഗങ്ങളിലെ ഒന്നാം ക്ലാസുകളിലേക്ക് മാറും. തങ്ങളുടെ കുട്ടികളുടെ വളർച്ചയിലും നേട്ടത്തിലും രക്ഷിതാക്കൾ വലിയ അഭിമാനവും സന്തോഷവും പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.