മനാമ: മലയാളത്തിലെ പ്രൊഫഷണൽ നാടക വേദി പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്ന് നാടക സംവിധായകനും നടനുമായ അഹ്മദ് മുസ്ലിം പറഞ്ഞു. ‘ഗൾഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘പ്രേരണ’യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന നാടകക്യാമ്പിന് നേതൃത്വം നൽകാനാണ് അദ്ദേഹം ബഹ്റൈനിലെത്തിയത്. മനുഷ്യരുടെ ഭാഷതന്നെ കൃത്രിമമാക്കിയ അവതരണങ്ങളാണ് ഭൂരിപക്ഷവും നടന്നത്. വലിച്ചുനീട്ടിയുള്ള, അയഥാർഥമായ സംസാരം ജനങ്ങളിൽ മടുപ്പുളവാക്കുന്നതായിരുന്നു. ‘നാടകീയത’ എന്നത് പരിഹാസ്യമാകുന്നതാണ് പിന്നീട് നാം കാണുന്നത്. പ്രൊഫഷണൽ നാടകങ്ങൾ വഴി പലർക്കും ജീവിച്ചുപോകാനായിട്ടുണ്ട്. അപൂർവം ചില നല്ല നാടകങ്ങൾ വന്നിട്ടുണ്ട് എന്നതല്ലാതെ, ഇൗ മേഖല നാടക പ്രസ്ഥാനത്തിന് വലിയ സംഭാവനകളൊന്നും നൽകിയിട്ടില്ല. കെ.പി.എ.സി നാടകങ്ങളെല്ലാം ചില ദൗത്യങ്ങളുമായാണ് അവതരിപ്പിക്കപ്പെട്ടത്.അതിനുശേഷം വന്ന നാടകങ്ങളുടെ അവസ്ഥ പരിതാപകരമായിരുന്നു.
കേരളത്തിലെ നാടക സംസ്കാരം മാറിയിട്ടുണ്ട്. അത് ഗുണപരമായ മാറ്റമാണ്.നാടകം ടിക്കറ്റെടുത്ത് കാണാം എന്ന അവസ്ഥ വന്നിട്ടുണ്ട്. ജനത്തിന് പൈങ്കിളി സീരിയലുകൾ മടുത്ത് തുടങ്ങി. നല്ല നാടകം എവിടെ അവതരിപ്പിച്ചാലും കാണാൻ ആളുണ്ടാകും എന്ന നില വന്നു. ‘ഖസാക്കിെൻറ ഇതിഹാസം’ നാടകമായപ്പോൾ ലഭിച്ച സ്വീകാര്യത അതിന് ഉദാഹരണമാണ്.1000 രൂപ ടിക്കറ്റെടുത്ത് നിറഞ്ഞ സദസിലാണ് എല്ലായിടത്തും നാടകം അവതരിപ്പിച്ചത്.
‘സ്കൂൾ ഒാഫ് ഡ്രാമ’ മലയാളികളുടെ നാടക സംസ്കാരത്തെ മാറ്റിയെഴുതാൻ സഹായിച്ച ഒരു പ്രധാന സംരംഭമാണ്. അവിടെ പഠിച്ചവും പഠിപ്പിച്ചവുമാണ് കഴിഞ്ഞ നിരവധി വർഷങ്ങളായി മലയാള നാടകവേദിയുടെ ഗതി നിർണയിക്കുന്നത്. അവിടെ എത്തിയവരെല്ലാം നാടകം അഭിനിവേശമായി വന്നവരാണ്. പ്രീഡിഗ്രി അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ച കാലത്തും ബിരുദാനന്തര ബിരുദമുള്ളവരാണ് അവിടെ കോഴ്സിന് ചേർന്നിരുന്നത്.അവർക്ക് നാടകമല്ലാതെ മറ്റൊരു ലോകമുണ്ടായിരുന്നില്ല. അവിടുത്തെ വിദ്യാർഥികൾക്ക് ലോകോത്തര നാടകങ്ങളും സിനിമകളും കാണാനും മികച്ച നാടക പ്രവർത്തകരുമായി ഇടപഴകാനുമുള്ള അവസരങ്ങളുണ്ടായി.
കേരളത്തിെൻറ നാടക ആസ്വാദന ശീലം മാറ്റുന്നതിൽ ‘ഇറ്റ്ഫോക്’ പോലുള്ള നാടകോത്സവങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിലുള്ള മികച്ച പ്രൊഡക്ഷനുകൾ കേരളത്തിൽ വന്നു. സെറ്റിലും പ്രോപർട്ടിയിലും പുതുപരീക്ഷണങ്ങൾ നേരിട്ടുകാണാനായി. ഇതെല്ലാം മലയാള നാടകവേദിയെയും സ്വാധീനിച്ചിട്ടുണ്ട്.ബദൽ നാടക പ്രസ്ഥാനം കേരളത്തിൽ വേരറ്റുപോയിട്ടില്ല. അതിെൻറ സ്വഭാവം മാറി എന്നുമാത്രം. പല രീതിയിൽ ബദലുകൾ നാട്ടിൽ നിലനിന്നിട്ടുണ്ട്.
നാടകം ആസ്വദിക്കാൻ മാത്രമുള്ളതല്ല; അത് ചിന്തിക്കാൻ കൂടി പ്രേരിപ്പിക്കുന്നതാകണമെന്ന ആശയം മുന്നോട്ടുവെക്കുന്ന ബ്രഹ്തിയൻ തിയറ്ററിെൻറ പരീക്ഷണങ്ങൾ കേരളത്തിൽ കാര്യമായി നടന്നിട്ടില്ലെന്നും അഹ്മദ് മുസ്ലിം പറഞ്ഞു. ‘പ്രേരണ’ നാടക ക്യാമ്പിൽ ഒ.വി. വിജയെൻറ പ്രശസ്ത ചെറുകഥ ‘കടൽത്തീരത്ത്’ ആണ് നാടകമായി ഒരുങ്ങുന്നത്.
വിജയെൻറ ഭാവനാലോകത്തെ നാടകത്തിലേക്ക് ആവിഷ്കരിക്കുകയെന്നത് വലിയ വെല്ലുവിളിയാണെന്ന് അഹ്മദ് മുസ്ലിം പറഞ്ഞു.ചെറിയ വാക്കുകളിൽ വലിയ ലോകം നെയ്ത എഴുത്തുകാരനാണ് വിജയൻ. മലയാളത്തിൽ പകരം വെക്കാനില്ലാത്ത എഴുത്തുകാരൻ. ആ എഴുത്തിൽ നാടകത്തിനുവേണ്ടിയെടുക്കുന്ന സ്വാതന്ത്ര്യങ്ങൾ എളുപ്പത്തിൽ സ്റ്റേജിലെത്തിക്കാനാകില്ലെന്നും അഹ്മദ് മുസ്ലിം കൂട്ടിച്ചേർത്തു. ഇൗ മാസം 14ന് രാത്രി കെ.സി.എ ഹാളിലാണ് നാടകം അവതരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.