മനാമ: കഴിഞ്ഞ പത്തു വർഷത്തിനിടെ ബഹ്റൈനിലെ കാർഷികോൽപാദനത്തിൽ ഗണ്യമായ വർധനയെന്ന് കണക്കുകൾ. ഒരു ദശാബ്ദകാലത്തെ കണക്കുകൾ പ്രകാരം 55 ശതമാനത്തിന്‍റെ വർധനയാണ് രേഖപ്പെടുത്തിയത്. പുതിയ കണക്കുകൾ പ്രകാരം കാർഷികോൽപാദനം 2024ൽ 58,597.5 ടണ്ണായി ഉയർന്നു. 2015ൽ ഇത് 37,806.5 ടണ്ണായിരുന്നു.
പച്ചക്കറികളാണ് ഉൽപാദനത്തിൽ ഏറ്റവും വലിയ പങ്ക് വഹിച്ചത്. ഇവയുടെ ഉൽപാദനം ഏതാണ്ട് ഇരട്ടിയായി 28,600 ടണ്ണിലെത്തി. ദൈനംദിന പ്രാദേശിക ആവശ്യങ്ങൾ നിറവേറ്റുന്ന വിളകളിൽ, പ്രത്യേകിച്ച് കുറഞ്ഞ വിതരണ ശൃംഖല ആവശ്യമുള്ള വിളകളിലായിരുന്നു കർഷകരുടെ ശ്രദ്ധ എന്നാണ് ഇത് വ്യക്തമാക്കുന്നത്.
ഗ്രീൻഹൗസ് ഫാമിങ് അഥവാ സംരക്ഷിത കൃഷി രീതികളാണ് തൊട്ടടുത്ത്. സംരക്ഷിത സാഹചര്യങ്ങളിൽ ഉൽപാദിപ്പിക്കുന്നവ 2015ലെ 9,405 ടണ്ണിൽനിന്ന് കഴിഞ്ഞ വർഷം 15,900 ടണ്ണായി ഉയർന്നു. മണ്ണിലെയും കാലാവസ്ഥയിലെയും പരിമിതികളെ നേരിടാനാണ് കർഷകർ ഈ രീതി പ്രായോഗിമായി ഉപയോഗിക്കുന്നത്. ഈന്തപ്പഴത്തിന്റെ ഉൽപാദനം താരതമ്യേന സ്ഥിരമായി നിലനിർത്തിയിട്ടുണ്ട്. 2015ൽ 13,200 ടണ്ണായിരുന്ന വിളവെടുപ്പ്, അടുത്ത വർഷങ്ങളിൽ ചെറിയ വ്യതിയാനങ്ങളോടെ 2024ൽ 14,000 ടണ്ണിലെത്തി.
കണക്കുകളിൽ ഒരു കാലത്ത് അപ്രധാനമായിരുന്ന പഴവർഗങ്ങളാണ് ഉൽപാദനത്തിൽ അതിവേഗ മാറ്റം കാണിച്ച മറ്റൊരു വിഭാഗം. 2015, 2016 വർഷങ്ങളിൽ 1.5 ടണ്ണിൽ താഴെയായിരുന്ന ഉൽപാദനം 2021ൽ 2.8 ടണ്ണായി ഉയർന്നു. 2022ൽ 62 ടണ്ണായും, 2023ൽ 78 ടണ്ണായും, കഴിഞ്ഞ വർഷം 97.5 ടണ്ണായും കുതിച്ചുയരുകയായിരുന്നു. പൊതുജന പിന്തുണ, വർഷം മുഴുവൻ നടക്കുന്ന കാർഷിക പദ്ധതികളുടെ വികസനം, ഇറക്കുമതി കുറച്ച് വിഭവങ്ങൾ സ്വന്തമായി വിളയിക്കുക തുടങ്ങിയ ശ്രമങ്ങൾ ഈ വർധനക്ക് കാരണമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.