1. ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയും യു.കെ ട്രഷറി ചാൻസലർ റേച്ചൽ റീവ്സുംകരാറൊപ്പിടുന്നു 2. പ്രതിരോധ മന്ത്രി ജനറൽ അബ്ദുല്ല ബിൻ ഹസൻ അൽ നുഐമിയും യു.കെ പ്രതിരോധ സെക്രട്ടറി ആർ.ടി ജോൺ ഹീലിയും പ്രതിരോധ കരാറിൽ ഒപ്പിടുന്നു
മനാമ: യു.കെയുമായി നിക്ഷേപ സഹകരണ പങ്കാളിത്തത്തിൽ ഒപ്പുവെച്ച് ബഹ്റൈൻ. കിരീടാവകാശിയുടെ ഔദ്യോഗിക യു.കെ സന്ദർശന വേളയിൽ അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയും യു.കെ ട്രഷറി ചാൻസലർ റേച്ചൽ റീവ്സും തമ്മിലാണ് കരാറൊപ്പിട്ടത്.ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറും സന്നിഹിതനായിരുന്നു. ബഹ്റൈനും ബ്രിട്ടനും തമ്മിലുള്ള ദീർഘകാല ബന്ധത്തിന്റെ ശക്തിയും വിവിധ മേഖലകളിലെ സ്ഥിരമായ പുരോഗതിയും ശൈഖ് സൽമാൻ ഊന്നിപ്പറഞ്ഞു. പ്രത്യേകിച്ച് ധനകാര്യത്തിലും സമ്പദ്വ്യവസ്ഥയിലും സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പരസ്പര പ്രതിബദ്ധതയും അദ്ദേഹം എടുത്തുപറഞ്ഞു. ഇരു രാജ്യങ്ങളിലെയും സാമ്പത്തിക വളർച്ചക്കും, തൊഴിലവസരം സൃഷ്ടിക്കുന്നതിനും, പ്രത്യേകിച്ച് സാമ്പത്തിക സേവനങ്ങൾ, സാങ്കേതികവിദ്യ, വ്യവസായം, ഡീകാർബണൈസേഷൻ ശ്രമങ്ങൾ തുടങ്ങിയ മേഖലകളെ ഈ കരാർ പിന്തുണക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്റൈനിലെ സ്വകാര്യ മേഖലയിൽ നിന്ന് രണ്ട് മില്യൺ പൗണ്ട് യു.കെയിൽ കരാറിന്റെ ഭാഗമായി നിക്ഷേപിക്കും.
കൂടാതെ ഇരു രാജ്യങ്ങളും തമ്മിൽ ഒരു പ്രതിരോധ സഹകരണ കരാറിലും ഒപ്പുവെച്ചു. ബഹ്റൈൻ പ്രതിരോധ മന്ത്രി ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ബിൻ ഹസൻ അൽ നുഐമിയും യു.കെ പ്രതിരോധ സെക്രട്ടറി ആർ.ടി ജോൺ ഹീലിയും ഒപ്പുവെച്ചു. ഇരു രാജ്യങ്ങളും തമ്മിൽ നിലവിലുള്ള പ്രാദേശിക സമാധാനത്തിനും സ്ഥിരതക്കുമുള്ള പ്രതിബന്ധതകളെ ഈ കരാർ ശക്തിപ്പെടുത്തും.കൂടാതെ തമ്മിലുള്ള പരസ്പര പ്രവർത്തനക്ഷമതയും സംയുക്ത പരിശീലനവും വർധിപ്പിക്കുകയും നാവിക പങ്കാളിത്തം ശക്തിപ്പെടുത്തുകയും ചെയ്യും. നിയമകാര്യ മന്ത്രിയും ആക്ടിങ് തൊഴിൽ മന്ത്രിയുമായ യൂസഫ് ബിൻ അബ്ദുൽഹുസൈൻ ഖലഫ്, ബഹ്റൈൻ സെൻട്രൽ ബാങ്ക് (സി.ബി.ബി) ഗവർണർ ഖാലിദ് ഹുമൈദാൻ, നിരവധി മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.