ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ മുൻ കെ.പി.സി.സി പ്രസിഡന്റ് അഡ്വ. സി.വി പത്മരാജന്റെ വിയോഗത്തിൽ നടന്ന അനുശോചന യോഗം ഒ.ഐ.സി.സി മിഡിലീസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്യുന്നു
മനാമ: മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയും മുൻ കെ.പി.സി.സി അധ്യക്ഷനുമായിരുന്ന സി.വി. പത്മരാജൻ സൗമ്യതയുടെ പ്രതീകമായ നേതാവ് ആയിരുന്നെന്ന് ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുശോചന യോഗത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു. രണ്ടുതവണ ചാത്തന്നൂർ മണ്ഡലത്തിൽനിന്ന് നിയമസഭാംഗമായി. കെ. കരുണാകരൻ, എ.കെ. ആന്റണി മന്ത്രിസഭകളിൽ മന്ത്രിയായിരുന്നു. ധനകാര്യം, വൈദ്യുതി, ഫിഷറീസ് വകുപ്പുകൾ കൈകാര്യം ചെയ്ത നേതാവായിരുന്നു അദ്ദേഹം.
1983 മുതൽ നാലുവർഷം കെ.പി.സി.സി അധ്യക്ഷനായിരുന്നു. ഈ സമയത്താണ് തിരുവനന്തപുരത്ത് കെ.പി.സി.സി ആസ്ഥാന മന്ദിരം നിർമിച്ചത്. 1982- 83, 1991- 95 വർഷങ്ങളിലെ കെ. കരുണാകരൻ മന്ത്രിസഭയിലും 1995 -96ലെ എ.കെ. ആന്റണി മന്ത്രിസഭയിലുമാണ് മന്ത്രിയായി പ്രവർത്തിച്ചത്.
ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചതെന്നും നേതാക്കൾ അനുസ്മരിച്ചു. ഒ.ഐ.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ഷാജി സാമൂവൽ അധ്യക്ഷതവഹിച്ച യോഗം മിഡിലീസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം മുഖ്യപ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി മനു മാത്യു, വൈസ് പ്രസിഡന്റ് നസിം തൊടിയൂർ, ഐ.വൈ.സി ചെയർമാൻ നിസാർ കുന്നം കുളത്തിൽ, കൊല്ലം ജില്ല പ്രസിഡന്റ് വില്യം ജോൺ, ജനറൽ സെക്രട്ടറി നാസർ തൊടിയൂർ, ഒ.ഐ.സി.സി നേതാക്കളായ റംഷാദ് അയിലക്കാട്, സൽമാനുൽ ഫാരിസ്, അനുരാജ്, റോയ് മാത്യു, ആനി അനു, ബൈജു ചെന്നിത്തല, നിസാം കാഞ്ഞിരപ്പള്ളി, എബിൻ കുമ്പനാട്, ഷാസ് പൂക്കുട്ടി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.