മനാമ: ഒരു സർക്കാർ ഉദ്യോഗസ്ഥൻ ജോലിക്കായി അപേക്ഷിക്കുന്ന യുവതികളെ ഉപദ്രവിച്ചെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ വ്യാജ വിഡിയോ നിർമിച്ച് പ്രചരിപ്പിച്ച യുവതിയെ പബ്ലിക് പ്രോസിക്യൂഷൻ റിമാൻഡ് ചെയ്തു. വ്യാജ വാർത്ത പ്രചരിപ്പിക്കുക, സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുക എന്നീ കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോ ക്ലിപ്പിനെക്കുറിച്ച് സൈബർ ക്രൈം ഡയറക്ടറേറ്റിൽ നിന്ന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് പബ്ലിക് പ്രോസിക്യൂഷൻ കേസെടുത്തത്. ഒരു ഉദ്യോഗസ്ഥൻ തന്റെ അധികാരം ദുരുപയോഗം ചെയ്ത് ജോലിക്ക് അപേക്ഷിക്കുന്ന സ്ത്രീകളെ ഉപദ്രവിച്ചെന്നും അതിൽ ഇരയായെന്ന് പറഞ്ഞ് ഒരു പെൺകുട്ടി തന്നെ ബന്ധപ്പെട്ട് ഇക്കാര്യം അറിയിച്ചെന്നുമാണ് യുവതി വിഡിയോയിൽ അവകാശപ്പെട്ടത്.
പ്രോസിക്യൂട്ടർമാർ അന്വേഷണം ആരംഭിക്കുകയും വിഡിയോ നിർമിച്ച യുവതിയെ ചോദ്യം ചെയ്യുകയും ചെയ്തു. ഈ വിവരം ഒരു അജ്ഞാതയായ പെൺകുട്ടിയിൽനിന്ന് ലഭിച്ചതാണെന്ന് ആദ്യം അവർ പറഞ്ഞു.
പിന്നീട്, ഒരു ജീവനക്കാരിക്ക് ഈ വിഷയം അറിയാമെന്നും അവർക്ക് സമാനമായ അനുഭവം നേരിട്ടിട്ടുണ്ടെന്നും അവർ മൊഴി മാറ്റി. എന്നാൽ, പേര് വെളിപ്പെടുത്തിയ ജീവനക്കാരിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ, ഈ ആരോപണം അവർ നിഷേധിച്ചു. സംഭവം കെട്ടിച്ചമച്ചതാണെന്നും പ്രതിക്ക് പ്രതികാരബുദ്ധിയോടെയുള്ള കാരണങ്ങളാണ് ഇതിന് പിന്നിലെന്നും അവർ മൊഴി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ ആരോപണങ്ങൾ സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചില്ല.
ജീവനക്കാരിയുടെ മൊഴിയും കേസ് അന്വേഷണത്തിലെ കണ്ടെത്തലുകളും ചൂണ്ടിക്കാട്ടിയതോടെ, കഥ പൂർണമായും കെട്ടിച്ചമച്ചതാണെന്നും സ്വന്തമായി ഉണ്ടാക്കിയതാണെന്നും യുവതി സമ്മതിച്ചു. തുടർന്ന്, അന്വേഷണം പൂർത്തിയാകുന്നതുവരെ പ്രോസിക്യൂട്ടർമാർ യുവതിയെ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടു.
പൊതുസ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്തുന്നതിനോ ആളുകൾക്ക് ദോഷം വരുത്തുന്നതിനോ സോഷ്യൽ മീഡിയ ഉപയോഗിച്ച് വ്യാജ വാർത്തകളോ അസത്യമായ അവകാശവാദങ്ങളോ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.