മനാമ: ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങളുടെ പുതുക്കിയ ഫീസ് നിരക്കുകൾ സാധാരണക്കാരായ പ്രവാസികളുടെ മേൽ കനത്ത സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്ന നടപടിയാണെന്ന് പ്രവാസി വെൽഫെയർ ബഹ്റൈൻ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്ത് കുടുംബം പുലർത്തുന്ന ലക്ഷക്കണക്കിന് സാധാരണ തൊഴിലാളികൾക്കും കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്കും ഈ വർദ്ധനവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
നിലവിലെ സാമ്പത്തിക സാഹചര്യങ്ങളിൽ ഒരു കുടുംബത്തിലെ ഒന്നിലധികം അംഗങ്ങൾക്ക് ഒരേസമയം പാസ്പോർട്ട് പുതുക്കേണ്ടി വരുമ്പോൾ ഈ നിരക്കു വർധനവ് പ്രവാസി കുടുംബങ്ങളുടെ ബജറ്റിനെ താളംതെറ്റിക്കും. പാസ്പോർട്ട് സേവനങ്ങൾ എന്നത് സർക്കാരിന് ലാഭമുണ്ടാക്കാനുള്ള മാർഗ്ഗമല്ല, മറിച്ച് പൗരന്മാർക്ക് ഭരണഘടന ഉറപ്പുനൽകുന്ന അടിസ്ഥാന അവകാശവും സേവനവുമാണ് എന്ന് പ്രവാസി വെൽഫെയർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
സാധാരണക്കാരായ പ്രവാസികളുടെ ജീവിത യാഥാർത്ഥ്യങ്ങൾ കണക്കിലെടുത്ത് പുതുക്കിയ ഫീസ് നിരക്കുകൾ ഉടനടി പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്കും പ്രവാസി കുടുംബങ്ങൾക്കും പാസ്പോർട്ട് സേവനങ്ങളിൽ പ്രത്യേക ഇളവുകൾ പ്രഖ്യാപിക്കണം എന്നും കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യം രാജ്യത്തേക്ക് അയക്കുന്ന പ്രവാസികളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിനുള്ള നടപടികൾക്ക് സർക്കാർ മുൻഗണന നൽകണം എന്നും പ്രവാസി വെൽഫെയർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.