ഒ.വി. വിജയൻ

ഒ.വി. വിജയൻ- ജ്ഞാനപീഠം കിട്ടാതെ പോയ ജ്ഞാനി

ഒരു തുള്ളി കണ്ണീരിൽ പ്രപഞ്ചത്തിന്റെ ദുഃഖം മുഴുവൻ ഒപ്പിയെടുത്ത, 'ഗുരുസാഗര'ത്തിന്റെ ആത്മീയതയിലേക്ക് വഴിമാറിയ ദാർശനികനായിരുന്നു ഒ. വി. വിജയൻ. മലയാള സാഹിത്യ വിഹായസ്സിൽ ഒരു സുവർണ്ണ നക്ഷത്രമായി ജ്വലിച്ചുനിന്ന പ്രവാചകൻ! അക്ഷരങ്ങൾ കൊണ്ട് ആ തത്വചിന്തകൻ തീർത്തത് കേവലം കഥകളായിരുന്നില്ല; മനുഷ്യാനുഭവങ്ങളുടെ അഗാധ സാഗരങ്ങളായിരുന്നു നമ്മെ പൊള്ളിച്ച 'ഗുരുസാഗരങ്ങൾ'!

ഭാരതീയ സാഹിത്യത്തിലെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠം ആ അക്ഷരയോഗിക്ക് ലഭിച്ചില്ല എന്നത് പുരസ്കാരങ്ങളുടെ ചരിത്രത്തിലെ വലിയൊരു വിരോധഭാസമായി അവശേഷിക്കുന്നു. എങ്കിലും, അവാർഡുകളുടെ തിളക്കത്തിനും അപ്പുറം, മലയാളിയുടെ ഹൃദയപീഠത്തിൽ അദ്ദേഹം പ്രതിഷ്ഠിച്ച ജ്ഞാനത്തിന്റെ സിംഹാസനം ഇന്നും ഒളിമങ്ങാതെ പ്രകാശിക്കുന്നു.

കാലം കാത്തുവെച്ച ഇതിഹാസകാരൻ

1930 ജൂലൈ 2ന് അക്ഷരങ്ങളുടെ പൂക്കാലം തീർക്കാനായി ഒ. വി. വിജയൻ എന്ന ‘ഇതിഹാസകാരൻ’ പിറവിയെടുത്തു. പിന്നീട് തന്റെ തങ്കത്തൂലിക കൊണ്ട് ഇന്ദ്രജാലം കാട്ടി, മലയാള സാഹിത്യത്തിൽ ആധുനികതയുടെ വസന്തം സൃഷ്ടിച്ച ശേഷമാണ്, 2005 മാർച്ച് 30-ന്റെ വിതുമ്പുന്ന പ്രഭാതത്തിൽ ആ യുഗപ്രഭാവൻ മൺമറഞ്ഞത്. കാലം വീണ്ടുമൊരു ജൂലൈ രണ്ടിലേക്ക് കൺതുറക്കുമ്പോൾ ലോകമെമ്പാടുമുള്ള സാഹിത്യപ്രേമികളായ മലയാളികൾ ആദര പൂർവ്വം ആ അമൃതപ്രതിഭയെ നെഞ്ചോട് ചേർക്കുന്നു. മലയാള നോവൽ സാഹിത്യത്തിന്റെ ചരിത്രത്തെ 'ഖസാക്കിന് മുൻപും ഖസാക്കിന് പിൻപും' എന്ന് രണ്ടായി മുറിച്ചുമാറ്റിയ അദ്ഭുതമായിരുന്നു 1969-ൽ പുറത്തുവന്ന 'ഖസാക്കിന്റെ ഇതിഹാസം'.

ഒ.വി.യുടെ സാഹിത്യസപര്യയിലെ ഏറ്റവും ഉജ്ജ്വലവും വിപ്ലവാത്മകവുമായ അധ്യായമാണ് 'ധർമ്മപുരാണം' എന്ന നോവൽ. അധികാരത്തിന്റെ അന്ധകാരത്തെയും സ്വേച്ഛാധിപത്യത്തിന്റെ അശ്ലീലതയെയും ഇത്രമേൽ തീക്ഷ്ണമായി വിചാരണ ചെയ്ത മറ്റൊരു കൃതി മലയാളത്തിലില്ല. സമകാലിക ഭരണകൂടങ്ങളുടെ മാലിന്യക്കൂമ്പാരങ്ങളെ അദ്ദേഹം ഇതിൽ തുറന്നുകാട്ടി. മല-മൂത്ര വിസർജ്ജ്യങ്ങളും അധികാരത്തിന്റെ അന്ധമായ ലഹരിയും ചേർത്തുവെച്ച് അദ്ദേഹം വരച്ചിട്ട 'ധർമ്മപുരി' എന്ന സാങ്കൽപ്പിക രാജ്യം, വായനക്കാരനിൽ ഒരേസമയം അറപ്പും ഞെട്ടലും ചിന്തയും ഉണർത്തുന്ന ഒരപൂർവ ശില്പമാണ്.

അവാർഡുകൾക്കപ്പുറത്തെ അമരത്വം

ജ്ഞാനപീഠം ഒ.വി.യെ തേടിയെത്തിയില്ലെങ്കിലും രാജ്യം അദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. എഴുത്തച്ഛൻ പുരസ്കാരം, കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാർഡുകൾ, വയലാർ അവാർഡ് എന്നിവയെല്ലാം ആ തങ്കത്തൂലികയ്ക്കുള്ള അംഗീകാരങ്ങളായിരുന്നു. വാക്കുകൾ കൊണ്ട് പ്രകൃതിയെയും മനുഷ്യനെയും പ്രണയിച്ച, സ്വേച്ഛാധിപത്യത്തോട് കലഹിച്ച ആ ദാർശനികൻ ജ്ഞാനപീഠ പുരസ്കാരത്തെക്കാൾ എത്രയോ ഉയരത്തിലായിരുന്നു. കാരണം, അദ്ദേഹം അക്ഷരങ്ങൾ കൊണ്ട് തീർത്തത് കാലത്തിന് മായ്ക്കാനാവാത്ത അമരത്വമാണ്. അദ്ദേഹത്തിന്റെ 96-ാം ജന്മദിനവേളയിൽ, ആ'ഗുരു സാഗരത്തിനു' മുന്നിൽ മലയാളത്തിന്റെ മഹാ പ്രണാമം!

Tags:    
News Summary - O.V. Vijayan - The wise man who failed to attain Jnanpith

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.