മനാമ : പ്രവാസി മലയാളികളുടെ വേദിയായ അഞ്ചാം ലോക കേരള സഭയ്ക്ക് ഇന്ന് തുടക്കമാകും. സക്രിയമായ ചർച്ചകളും തീരുമാനങ്ങളും പ്രതീക്ഷിച്ച് ബഹ്റൈനിൽനിന്നുള്ള ലോക കേരള സഭാംഗങ്ങൾ. 17 പേരാണ് ഇത്തവണ ബഹ്റൈനിൽനിന്നും ലോക കേരള സഭയിൽ പങ്കെടുക്കുന്നത്. വിവിധ മേഖലകളിലെ വിഷയങ്ങൾ ഉന്നയിക്കുന്നതിനും ചർച്ച ചെയ്യുന്നതിനും വേണ്ടി ഒരുമിച്ചിരുന്ന കൂടിയാലോചനക്ക് ശേഷമാണ് ബഹ്റൈനിലെ ലോക കേരള സഭാംഗങ്ങൾ തിരുവന്തപുരത്തേക്ക് യാത്ര തിരിക്കുന്നത്.
ജനുവരി 29,30,31 തീയതികളിൽ തിരുവനന്തപുരത്തുവെച്ചാണ് ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം. ജനുവരി 29ന് വൈകീട്ട് നിശാഗന്ധി ഓഡിറ്റോറിയത്തിൽവെച്ച് പൊതുയോഗവും തുടർന്ന് ജനുവരി 30,31 തീയതികളിൽ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽവെച്ച് സഭാ നടപടികളും നടക്കും. പ്രവാസികളായ 182 അംഗങ്ങളും 300ഓളം പ്രത്യേക ക്ഷണിതാക്കളും ഇത്തവണ സഭയില്‍ പങ്കെടുക്കും.
7 മേഖല വിഷയങ്ങളിലായി 8 വിഷയങ്ങളിലെ ചർച്ചകളാണ് അഞ്ചാം ലോക കേരള സഭയിൽ നടക്കുക. ഗൾഫ് രാജ്യങ്ങൾ, ഏഷ്യ-പസഫിക്, യൂറോപ്-യു.കെ, അമേരിക്ക, ആഫ്രിക്ക, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങൾ, തിരികെയെത്തിയ പ്രവാസികൾ എന്നീ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ വിവിധ വിഷയങ്ങളിലെ ചർച്ചകളിൽ പങ്കെടുക്കും.
അനുബന്ധ പരിപാടിയായി 30 വൈകീട്ട് മൂന്നിന് തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജില്‍ ‘നവകേരള നിര്‍മ്മിതിയില്‍ പ്രവാസികളുടെ പങ്ക്’ എന്ന വിഷയത്തെ അധികരിച്ച് ഓപണ്‍ ഫോറവും സംഘടിപ്പിക്കുന്നുണ്ട്.
നാലാം ലോക കേരള സഭയിൽ ലഭിച്ച ശുപാർശകളിൽ സർക്കാർ പരിഗണനയിൽ വന്ന പ്രധാന പദ്ധതികളാണ് പ്രവാസി മിഷൻ, നോർക്ക കെയർ, നോർക്ക പോലീസ് സ്റ്റേഷൻ, സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽവിവിധ ഹെൽപ് ഡെസ്ക്കുകള്‍ എന്നിവ. ആദ്യഘട്ടത്തില്‍ കാനഡയില്‍ 50ല്‍ പരം സംഘടനകളെ ഒരുമിപ്പിച്ചുകൊണ്ട് നോര്‍ക്ക - കാനഡ കോഓര്‍ഡിനേഷന്‍ കൗണ്‍സില്‍ എന്ന സംവിധാനം രൂപവത്കരിച്ചു. ജര്‍മനിയില്‍ രൂപവത്കരണത്തിന്റെ അവസാനഘട്ടത്തിലാണ്. ലോക മലയാളികൾക്ക് സംവദിക്കാൻ ഒരു ഡിജിറ്റൽ ഇടം എന്ന നിലയിൽ നാലാം ലോക കേരള സഭയില്‍വെച്ച് ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ച ലോക കേരളം ഓൺലൈൻ പോർട്ടൽ, ലോക കേരളം ഓൺലൈനിലൂടെ സൗജന്യ മാനസിക ആരോഗ്യ, ആയുര്‍വേദ കൺസൽട്ടേഷൻ നാഷനല്‍ ഹെല്‍ത്ത് മിഷന്, ആയുഷ് മിഷന് എന്നിവരുടെ സഹായത്തോടെ സൗജന്യമായി നല്‍കുന്നുണ്ട്.
സെപ്റ്റംബറിൽ 27ന് സംഘടിപ്പിച്ച പ്രഥമ നോർക്ക പ്രഫഷനൽ ആൻഡ് ബിസിനസ് ലീഡർഷിപ് മീറ്റ്, ഇൻഫോർമേഷൻ ഡെസ്കുകൾ സ്ഥാപിക്കാനുള്ള നിർദേശം നാലാം ലോക കേരള സഭയിൽ ഉയർന്നു വന്നതിന്റെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫെബ്രുവരി മുതൽ ആരംഭിക്കാൻ പോകുന്ന എയർപോർട്ട് ഹെൽപ് ഡെസ്ക്, നോര്‍ക്ക വിമന്‍ സെല്ലിന്റെ വിപുലീകരണം, തുടങ്ങി ലോക കേരള സഭയിൽ ഉയർന്നുവന്ന ചർച്ചകളുടെയും നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ നിരവധി കാര്യങ്ങളാണ് സർക്കാർ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നത്.
ഡോ. വർഗീസ് കുര്യൻ മുഖ്യമന്ത്രിയുടെ പ്രത്യേക ക്ഷണിതാവ്
ഡോ. വർഗീസ്
കുര്യൻ
മനാമ: അഞ്ചാം ലോക കേരള സഭയിൽ പ്രത്യേക ക്ഷണിതാവായി ബഹ്റൈനിലെ മലയാളി പ്രവാസി പ്രമുഖനും വി.കെ.എൽ അൽ നമൽ ഗ്രൂപ് ചെയർമാനുമായ ഡോ. വർഗീസ് കുര്യൻ. മുഖ്യമന്ത്രിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ഇന്ന് മുതൽ തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരള സഭയിൽ അദ്ദേഹം പങ്കെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.