ബഹ്റൈനിൽ ചാരിറ്റി പ്രവർത്തനങ്ങൾക്കായി നീക്കിവെച്ച 5 ലക്ഷം ദിനാർ തട്ടിയെടുത്തു; ജഫാരി എൻഡോവ്‌മെന്റ് ഉദ്യോഗസ്ഥന്റെ വിചാരണ ജൂൺ 30ന്

മനാമ: ചാരിറ്റി പ്രവർത്തനങ്ങൾക്കായി നീക്കിവെച്ച ഏകദേശം 5 ലക്ഷം ബഹ്‌റൈൻ ദിനാർ തട്ടിയെടുത്ത ജഫാരി എൻഡോവ്‌മെന്റ് ഉദ്യോഗസ്ഥൻ ഹൈ ക്രിമിനൽ കോടതിയിൽ വിചാരണ നേരിടുന്നു. പൊതുഫണ്ട് വകമാറ്റൽ, ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിക്കൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഫിനാൻഷ്യൽ ക്രൈംസ് ആൻഡ് മണി ലോണ്ടറിംഗ് പ്രോസിക്യൂഷൻ മേധാവിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

ഉദ്യോഗസ്ഥന്റെ സാമ്പത്തിക ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് അധികൃതർ അന്വേഷണം ആരംഭിച്ചത്. അർഹരായ ഗുണഭോക്താക്കൾക്ക് നൽകേണ്ടിയിരുന്ന സഹായധനം ഉദ്യോഗസ്ഥൻ ദീർഘകാലമായി സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് വകമാറ്റുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ കണ്ടെത്തുകയായിരുന്നു. വ്യാജ പേരുകളിൽ അപേക്ഷകൾ തയാറാക്കി ബന്ധപ്പെട്ട കമ്മിറ്റിയെ തെറ്റിദ്ധരിപ്പിച്ച് ചെക്കുകൾ കൈക്കലാക്കിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. കൂടാതെ, എൻഡോവ്‌മെൻ്റിലെ ഇലക്ട്രോണിക് സിസ്റ്റത്തിൽ കൃത്രിമം കാണിച്ച് വിവരങ്ങൾ തിരുത്തുകയും തട്ടിപ്പ് മറച്ചുവെക്കാൻ ശ്രമിക്കുകയും ചെയ്തു.

നാഷണൽ ഓഡിറ്റ് ഓഫീസ് നടത്തിയ പരിശോധനയിലും, ആന്റി-കറപ്ഷൻ ക്രൈംസ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിലും പ്രതി 483,107 ദിനാർ തട്ടിയെടുത്തതായി കണ്ടെത്തി. ഈ തുക ഉപയോഗിച്ച് ഇയാൾ ആഡംബര വാഹനങ്ങളും സ്വത്തും സ്വന്തമാക്കിയതായും തെളിഞ്ഞിട്ടുണ്ട്. ഇതിനു പുറമെ 58,000 ദിനാർ കൂടി തട്ടിയെടുക്കാൻ ഇയാൾ നടത്തിയ ശ്രമം അധികൃതർ കൃത്യസമയത്ത് കണ്ടെത്തി തടഞ്ഞു. സംഭവത്തെത്തുടർന്ന് പ്രതിയുടെ ബാങ്ക് അക്കൗണ്ടുകൾ, സ്വത്തുക്കൾ, മറ്റ് ആസ്തികൾ എന്നിവ മരവിപ്പിക്കാൻ കോടതി ഉത്തരവിട്ടു. നിലവിൽ കസ്റ്റഡിയിലുള്ള പ്രതിയുടെ വിചാരണ ഈ മാസം 30ന് ഫസ്റ്റ് ഹൈ ക്രിമിനൽ കോടതിയിൽ നടക്കും.

Tags:    
News Summary - 5 lakh dinars earmarked for charity work in Bahrain were embezzled; Jafari Endowment official's trial to be held on June 30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.