കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, അറബ് ഉച്ചകോടിയുടെ മുന്നൊരുക്ക യോഗങ്ങളിൽ പങ്കെടുക്കുന്ന പ്രതിനിധി സംഘത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തുന്നു
മനാമ: അറബ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും ഐക്യദാർഢ്യവും ശക്തിപ്പെടുത്താനും മേഖലയുടെ സുരക്ഷയും സ്ഥിരതയും നിലനിർത്താനും പരമാധികാരം സംരക്ഷിക്കാനും ഊർജം പകരുക എന്ന ലക്ഷ്യത്തോടെ 33ാമത് അറബ് ഉച്ചകോടി
16ന് മനാമയിൽ നടക്കും. മേഖലയുടെ സമഗ്ര വികസനമുൾപ്പെടെ ചർച്ച ചെയ്യുന്ന സമ്മേളനത്തിൽ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ അധ്യക്ഷത വഹിക്കും. എല്ലാ അറബ് രാജ്യങ്ങളുടെയും ഭരണാധികാരികൾ പങ്കെടുക്കും. അറബ് ഐക്യം ഊട്ടിയുറപ്പിക്കാനും അറബ്-ഇസ്ലാമിക സമൂഹത്തിന്റെ വളർച്ചയും രാഷ്ട്രീയവും സാമ്പത്തികവുമായ ഉയർച്ചയും സമാധാനപൂർണമായ അന്തരീക്ഷവും സുഭിക്ഷമായ ജീവിതവും ഉറപ്പാക്കാനുമുള്ള വിഷയങ്ങളാണ് ഉച്ചകോടി ചർച്ച ചെയ്യുകയെന്ന് കഴിഞ്ഞ ദിവസം മന്ത്രിസഭ യോഗത്തിൽ ഹമദ് രാജാവ് വ്യക്തമാക്കിയിരുന്നു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, സമ്മേളനത്തിന്റെ മുന്നൊരുക്ക യോഗങ്ങളിൽ പങ്കെടുക്കുന്ന പ്രതിനിധി സംഘത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തി.
എല്ലാവരേയും ഉച്ചകോടിയിലേക്ക് സ്വാഗതം ചെയ്ത അദ്ദേഹം സംയുക്ത അറബ് സഹകരണവും ഏകോപനവും ശക്തിപ്പെടുത്തുന്നതിനുള്ള ബഹ്റൈന്റെ പ്രതിബദ്ധത ഊന്നിപ്പറയുകയും ചെയ്തു. മേഖല സങ്കീർണമായ പ്രശ്നങ്ങളിലൂടെ കടന്നു പോകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ഉച്ചകോടിക്ക് ബഹ്റൈൻ വേദിയാവുന്നത്. പരസ്പര ചർച്ചയും സഹകരണവും വഴി എല്ലാ വെല്ലുവിളികളെയും മറികടക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗസ്സയിലെ വേദനാജനകമായ മാനുഷിക സാഹചര്യവും മേഖലയിൽ വർധിച്ചുവരുന്ന തീവ്രവാദ ഭീഷണിയും സമ്മേളനം ഗൗരവമായി ചർച്ചചെയ്യുമെന്ന്, സമ്മേളനത്തിന്റെ തയാറെടുപ്പുകൾ വിലയിരുത്താൻ വിളിച്ച യോഗത്തിനുശേഷം വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹമ്മദ് ആൽ ഖലീഫ പറഞ്ഞു.
രാജ്യമെമ്പാടും സമ്മേളനത്തിന്റെ വരവറിയിച്ച് ബാനറുകൾ സ്ഥാപിച്ചിട്ടുണ്ട്. പങ്കെടുക്കുന്ന രാഷ്ട്രനേതാക്കളുടെ ചിത്രങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. ഉച്ചകോടി വിജയിപ്പിക്കുന്നതിനാവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ആഭ്യന്തര മന്ത്രാലയം ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.