ഇ.കെ സലീമിന് ഗൾഫ്മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി നൽകിയ യാത്രയയപ്പ്
കേവലമൊരു പ്രവാസി എന്നതിലുപരി, സാധാരണ മനുഷ്യർക്കിടയിലിറങ്ങിയും സംഘടനാ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചും പ്രവാസജീവിതം ധന്യമാക്കിയ അപൂർവ വ്യക്തിത്വമാണ് ശ്രീ ഇ.കെ സലീം. നീണ്ട 28 വർഷത്തെ ഔദ്യോഗിക ബഹ്റൈൻ പ്രവാസത്തിന് അദ്ദേഹം വിരാമമിടുകയാണ്. 28 വർഷം എന്നത് വെറും കാലയളവല്ല, മറിച്ച് സഹജീവി സ്നേഹവും നേതൃപാഠവവും കൊണ്ട് അദ്ദേഹം അടയാളപ്പെടുത്തിയ സുവർണ്ണ വർഷങ്ങളാണ്. ബഹ്റൈന് മനസ്സിലിടം നൽകിയ രണ്ടരപ്പതിറ്റാണ്ട് കാലം.
1998-ലാണ് അദ്ദേഹം ബഹ്റൈനിലെത്തുന്നത്. മുമ്പ് 1984 മുതൽ 1990 വരെ സൗദി അറേബ്യയിലെ ജിദ്ദയിലും പ്രവാസിയായിരുന്നു. നാട്ടിൽ ചെറിയൊരു സംരംഭം ആരംഭിച്ചെങ്കിലും പ്രതികൂല സാഹചര്യങ്ങൾ വീണ്ടും അദ്ദേഹത്തെ പ്രവാസിയാക്കുകയായിരുന്നു. മെക്കാനിക്കൽ എൻജിനീയറിങിൽ ഡിപ്ലോമയുള്ള ശ്രീ സലീം, 1997-ൽ ദമാമിലെത്തിയാണ് ഈ ഘട്ടത്തിലെ പ്രവാസം ആരംഭിക്കുന്നത്. അവിടെ പ്രമുഖ (എഫ്.എം.സി.ജി) കമ്പനിയിൽ സെയിൽസ് വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം ഒരു വർഷത്തിന് ശേഷം ബഹ്റൈനിലെ മുഹമ്മദ് ഇബ്റാഹിം അൽ സഫാർ കമ്പനിയിലേക്ക് ട്രാൻസ്ഫറായി.
കമ്പനി പിൽകാലത്ത് അബുദാവൂദ് അൽ സഫാർ കമ്പനി (എ.എസ്.സി) എന്ന പേരിലേക്ക് മാറുകയുണ്ടായി. ബഹ്റൈനിലെ ഔദ്യോഗിക ജീവിതം പൂർണ്ണമായും അതേ കമ്പനിക്കൊപ്പം സെയിൽസ് വിഭാഗത്തിൽ തന്നെ നിലനിർത്താൻ അദ്ദേഹത്തിന് സാധിച്ചു.
പൊതുപ്രവർത്തന രംഗത്തെ സജീവ സാന്നിധ്യം
വെറുമൊരു കമ്പനി ജോലിക്കാരനായി ഒതുങ്ങിക്കൂടാൻ അദ്ദേഹം തയ്യാറായിരുന്നില്ല. സമൂഹവുമായി നിരന്തരം ഇടപഴകുന്ന ഒരു വ്യക്തിത്വമായി സ്വയം വളരാൻ ഇ.കെ സലീമിന് കഴിഞ്ഞു. ബഹ്റൈനിലെത്തിയ കാലം മുതൽ ഇന്നത്തെ ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷന്‍റെ മുൻകാല രൂപമായ കേരള ഇസ്ലാമിക് ഗ്രൂപ്പിന്‍റെ ഭാഗമായി അദ്ദേഹം പ്രവർത്തിച്ചു. പിൽക്കാലത്ത് സംഘടനയുടെ അധ്യക്ഷ സ്ഥാനവും അലങ്കരിച്ചു.
2001-ൽ ബഹ്റൈനിലെ കേരള കാത്തലിക് അസോസിയേഷന്‍റെ നേതൃത്വത്തിൽ നടന്ന ബജറ്റ് എയർ ആവശ്യങ്ങൾക്കായുള്ള മുന്നേറ്റങ്ങളിൽ അദ്ദേഹം സജീവ പങ്കാളിയായിരുന്നു. അതിന്‍റെ വിജയത്തെത്തുടർന്ന്, അക്കാലത്ത് നാലും അഞ്ചും വർഷത്തെ ഇടവേളക്ക് ശേഷം മാത്രം നാട്ടിൽ പോയിരുന്ന പ്രവാസികൾക്ക് ഇടക്കിടെ ചുരുങ്ങിയ ചിലവിൽ നാട്ടിലേക്ക് യാത്ര ചെയ്യാനുള്ള സാഹചര്യം ഒരുങ്ങി. തുടർന്ന് പ്രവാസികളുടെ യാത്രാ സൗകര്യങ്ങൾക്കായി യാത്രാ അവകാശ സംരക്ഷണ സമിതി രൂപീകരിക്കുന്നതിനും അദ്ദേഹവും മറ്റ് സാമൂഹിക പ്രവർത്തകരും നേതൃത്വം നൽകി. സംഘടനയുടെ പ്രഥമ പ്രസിഡന്‍റായി തിരഞ്ഞെടുത്തതും ഇ.കെ സലീമിനെയായിരുന്നു.
ഇതിനുപുറമെ പ്രമുഖ കരിയർ ഗൈഡൻസ് സംഘടനയായ CIGI യുടെ ബഹ്റൈൻ ചാപ്റ്റർ, ബഹ്റൈനിലെ കൗൺസിലർമാരുടെ കൂട്ടായ്മയായ പി.ജി.എഫ്, ജനക്ഷേമ രാഷ്ട്രീയത്തിൻ്റെ ബഹ്റൈൻ മുഖമായ പ്രവാസി വെൽഫെയർ തുടങ്ങിയ കൂട്ടായ്മകളിലും അദ്ദേഹത്തിൻ്റെ സജീവവും നേതൃപരവുമായ പങ്കാളിത്വമുണ്ടായി. മരണപ്പെട്ട പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുക, വിവിധ ആവശ്യങ്ങളുമായി സമീപിക്കുന്ന സാധാരണക്കാരെ സഹായിക്കുക തുടങ്ങി എണ്ണമറ്റ ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഈ പൊതുമനുഷ്യൻ മുൻനിരയിലുണ്ടായിരുന്നു.
ഗൾഫ്മാധ്യമത്തോടുള്ള ആത്മബന്ധം
1999-ൽ ഗൾഫ് മാധ്യമം ബഹ്റൈനിൽ പ്രവർത്തനം ആരംഭിച്ച കാലം മുതൽ അതിന്‍റെ പ്രാഥമിക മീറ്റിങ്ങുകളിലും പ്രവർത്തനങ്ങളിലും ഇ.കെ സലീം സജീവമായിരുന്നു. തുടക്കകാലത്ത് വരിക്കാരെ ചേർക്കുന്നതിനും പ്രചാരണ പ്രവർത്തനങ്ങൾക്കും അദ്ദേഹം അഹോരാത്രം പ്രയത്നിച്ചു. ആ നാളുകളുടെ ഓർമ്മകൾ ഇദ്ദേഹം ഇന്നും വലിയൊരു സമ്പാദ്യമായി കൂടെക്കൂട്ടുന്നു. മാധ്യമത്തിന്‍റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അകമഴിഞ്ഞ പിന്തുണ നൽകിയ അദ്ദേഹം, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
എറണാകുളം ജില്ലയിലെ ആലുവ എടത്തലയാണ് സ്വദേശം. പ്രിയതമ സാജിദയും മക്കളായ തസ്നീം, ഹാറൂൻ, മറിയം എന്നിവരും അദ്ദേഹത്തോടൊപ്പം ബഹ്റൈനിലുണ്ടായിരുന്നു. മകൻ ഹാറൂൻ ഇപ്പോൾ ബഹ്റൈനിൽ ജോലി ചെയ്തുവരുന്നു. പ്രായാധിക്യമാണ് ഔദ്യോഗിക പ്രവാസത്തോട് വിടപറഞ്ഞ് നാട്ടിലേക്ക് മടങ്ങാൻ ഇ.കെ സലീമിനെ ഇപ്പോൾ പ്രേരിപ്പിക്കുന്നത്. എങ്കിലും, ബഹ്റൈനിൽ തനിക്കുള്ള സ്വന്തം സംരംഭവും അത്രമേൽ സൂക്ഷിക്കുന്ന സൗഹൃദങ്ങളും വീണ്ടും തന്നെ ഇടയ്ക്കിടെ ഇവിടെയെത്തിച്ചേക്കാമെന്ന ശുഭാപ്തിവിശ്വാസത്തോടെയാണ് അദ്ദേഹം പ്രിയപ്പെട്ട സഹപ്രവർത്തകരോടും സുഹൃത്തുക്കളോടും വിടപറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.