ജോലി ഒഴിവുകളുടെ ലിസ്റ്റ് പരിശോധിക്കുന്നവർ
മനാമ: ബഹ്റൈനിൽ തൊഴിലില്ലായ്മ നിരക്കിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി ഔദ്യോഗിക കണക്കുകൾ. 2024-ൽ 6.2 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ വർഷം 5.6 ശതമാനമായാണ് കുറഞ്ഞത്. രാജ്യത്തെ തൊഴിൽ വിപണി കോവിഡിന് ശേഷമുള്ള സ്ഥിരതയിലേക്ക് തിരിച്ചെത്തുന്നതിന്റെ ഭാഗമായാണ് ഈ പുരോഗതി.
കഴിഞ്ഞ വർഷം കൂടുതൽ യുവാക്കൾ തൊഴിൽ മേഖലയിലേക്ക് കടന്നുവന്നു. 25-നും 29-നും ഇടയിൽ പ്രായമുള്ളവരിൽ തൊഴിലില്ലായ്മ നിരക്ക് 2024-ലെ 18.55 ശതമാനത്തിൽ നിന്ന് 2025-ൽ 10.82 ശതമാനമായി കുറഞ്ഞു. 15-നും 19-നും ഇടയിൽ പ്രായമുള്ളവരിൽ ഇത് 41.90 ശതമാനത്തിൽ നിന്ന് 24.51 ശതമാനമായാണ് താഴ്ന്നത്.
സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 10.03 ശതമാനത്തിൽ നിന്ന് 8.86 ശതമാനമായി കുറഞ്ഞപ്പോൾ, പുരുഷന്മാരുടേത് 3.23 ശതമാനത്തിൽ നിന്ന് 2.7 ശതമാനത്തിലേക്കും താഴ്ന്നു. ഓരോ രജിസ്റ്റർ ചെയ്ത ബഹ്റൈനി ഉദ്യോഗാർത്ഥിക്കും മൂന്ന് തൊഴിൽ അവസരങ്ങൾ ഉറപ്പാക്കാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ തൊഴിൽ മന്ത്രാലയത്തിന് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡിസംബർ 31-ഓടെ 18,657 ഉദ്യോഗാർത്ഥികൾക്ക് അഭിമുഖങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും, ദേശീയ തൊഴിൽ പ്ലാറ്റ്‌ഫോം വഴി 4,746 പേർക്ക് തൊഴിൽ ലഭിക്കുകയും ചെയ്തു.
കോവിഡ് മഹാമാരിക്ക് ശേഷം സാമ്പത്തിക രംഗത്തുണ്ടായ ഉണർവും സർക്കാരിന്റെ പുതിയ തൊഴിൽ പദ്ധതികളുമാണ് തൊഴിലില്ലായ്മ നിരക്ക് കുറയാൻ പ്രധാന കാരണം. എന്നാൽ ബിരുദധാരികളായ സ്ത്രീകളിൽ തൊഴിലില്ലായ്മ തുടരുന്നത് ആശങ്കാജനകമായ ഒരു പ്രവണതയായി നിലനിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.