കേന്ദ്രം ഭരിക്കുന്നത് മതനിരപേക്ഷ വിരുദ്ധര്‍ –കെ.എം. ഷാജി 

മനാമ: മതനിരപേക്ഷ വിരുദ്ധ ശക്തികള്‍ ഭരണകര്‍ത്താക്കളായതാണ് ഇന്ത്യയുടെ ശാപമെന്ന് കെ.എം.ഷാജി എം.എല്‍.എ. പറഞ്ഞു. മുസ്ലിം ലീഗ് സ്ഥാപകദിനത്തോടനുബന്ധിച്ച് കെ.എം.സി.സി.ബഹ്റൈന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
1947ല്‍ ഇന്ത്യ നമ്മുടെ കൈകളിലേക്ക് വരുമ്പോള്‍ ജനസംഖ്യ 37 കോടിയും സാക്ഷരത വെറും 12 ശതമാനവുമായിരുന്നു. അവിടെ നിന്ന് ജനസംഖ്യ 127 കോടിയും സാക്ഷരത 76 ശതമാനവുമായി ഉയര്‍ന്നത് വലിയ നേട്ടമാണ്. ഇന്ത്യ വളര്‍ന്നത് നെഹ്റുവിന്‍െറ ദീര്‍ഘവീക്ഷണം മൂലമാണ്.സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ഇന്ത്യ മൂന്നാം ലോകരാജ്യങ്ങളുടെ പിറകിലായിരുന്നുവെങ്കില്‍ ഇപ്പോള്‍ മൂന്നാംലോകരാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണ്. സായുധ രംഗത്തും സാമ്പത്തിക രംഗത്തും രാജ്യം വന്‍ ശക്തിയാണ്. 
ഒരിക്കല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ശിവസേന പറഞ്ഞത് ‘നിങ്ങള്‍ ഇരിക്കുന്നത് ഇതെല്ലാം ഒരുക്കിവെച്ച ഒരു ഇന്ത്യയുടെ മുകളിലാണെന്നാണ്’. രാജ്യം പുരോഗതി നേടിയത് നിരന്തരമായ പോരാട്ടങ്ങളുടെയും പരിശ്രമങ്ങളുടെയും ഭാഗമായാണ്. ഈ പ്രയാണത്തില്‍ എല്ലാവരും ഭാഗമായിട്ടുണ്ട്. 1948ല്‍ മുസ്ലിംലീഗ് പിറക്കുമ്പോള്‍ രാഷ്ട്രീയവും സാമുദായികവുമായ എതിര്‍പ്പുണ്ടായിരുന്നു.  അതുമറികടന്നാണ് ലീഗ് വളര്‍ന്നത്. അര്‍ഹമായത് തടഞ്ഞുവെക്കാനാകില്ളെന്നും അധികാരത്തിന്‍െറ ഇടനാഴിയില്‍ ഞങ്ങളുണ്ടാകുമെന്നും പറയുന്ന തലത്തിലേക്ക് സമുദായത്തെ വളര്‍ത്തിക്കൊണ്ടുവരാന്‍ ലീഗിന് കഴിഞ്ഞു. മറ്റൊരു സംഘടനക്കും അവകാശപ്പെടാനില്ലാത്ത നേട്ടമാണിതെന്ന് ഷാജി പറഞ്ഞു.
മതത്തിന്‍െറയും രാഷ്ട്രീയത്തിന്‍െറയും മറ്റൊരു കാഴ്ചപ്പാടാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. അവകാശങ്ങളുടെ മുടിനാരിഴ പോലും വിട്ടുകൊടുക്കരുതെന്നും മറ്റൊരു സമുദായത്തിന്‍െറ അവകാശങ്ങള്‍ കവര്‍ന്നെടുക്കരുതെന്നുമാണ് മുസ്ലിം ലീഗ് അണികളെ പഠിപ്പിച്ചത്. 
നിങ്ങള്‍ അവകാശം ഉന്നയിക്കുന്നത് മറ്റൊരു സമുദായത്തെ വേദനിപ്പിച്ചുകൊണ്ടാകരുത് എന്ന മര്യാദയാണ് പാര്‍ട്ടി നല്‍കിയ പാഠം. കേരളത്തില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞു. അത് വലിയ നേട്ടങ്ങളുണ്ടാക്കി. 
കേരളത്തിലെ യു.ഡി.എഫിന് നിലപാടുകളാണ് പ്രധാനം. ഫാഷിസത്തിനും വര്‍ഗീയതക്കുമെതിരെ ശക്തമായി പൊരുതിവന്നവരാണ് യു.ഡി.എഫ് എം.എല്‍.എ.മാര്‍. അവരോട് നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പറഞ്ഞാല്‍ അതിനുള്ള മറുപടി പറഞ്ഞിരിക്കും. സോഷ്യല്‍ മീഡിയ വഴിയാണ് ഏറ്റവും കൂടുതല്‍ വര്‍ഗീയ പ്രചാരണങ്ങള്‍ നടക്കുന്നത്. അടച്ചിട്ട മുറിയില്‍ പോലും വര്‍ഗീയത പറയുന്നവരെ അകറ്റി നിര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനാമ അല്‍രാജ സ്കൂളില്‍ നടന്ന ചടങ്ങില്‍ കെ.എം.സി.സി.പ്രസിഡന്‍റ് എസ്.വി.ജലീല്‍ അധ്യക്ഷനായിരുന്നു. ഫക്രുദ്ദീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് ദേശീയ അധ്യക്ഷനും മുന്‍ വിദേശകാര്യ സഹമന്ത്രിയുമായിരുന്ന ഇ. അഹമ്മദിന്‍െറ സ്മരണാര്‍ഥം കെ.എം.സി.സി പുറത്തിറക്കിയ ഓര്‍മപുസ്തകം ലുലു എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ സുധീഷ് കുമാറിന് നല്‍കി കെ.എം.ഷാജി പ്രകാശനം ചെയ്തു. 
 കെ.എം.സി.സി. സൗദി കിഴക്കന്‍ മേഖല പ്രസിഡന്‍റ് ഖാദര്‍ ചെങ്കള, യൂത്ത്ലീഗ് കണ്ണൂര്‍ ജില്ല വൈസ്പ്രസിഡന്‍റ് സി.പി.റഷീദ്, മുന്‍ പ്രസിഡന്‍റുമാരായ സി.കെ.അബ്ദുറഹ്മാന്‍, കുട്ടൂസ മുണ്ടേരി, ഒ.ഐ.സി.സി ഗ്ളോബല്‍ ജന. സെക്രട്ടറി രാജു കല്ലുംപുറം, സീറോ മലബാര്‍ സൊസൈറ്റി കോര്‍ കമ്മിറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത്, ജനത കള്‍ചറല്‍ സെന്‍റര്‍ പ്രസിഡന്‍റ് സിയാദ് ഏഴംകുളം തുടങ്ങിയവര്‍ പങ്കെടുത്തു. 
ഷറഫുദ്ദീന്‍ മൗലവി ഖിറാഅത്ത് നടത്തി. ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ സ്വാഗതവും സെക്രട്ടറി കെ പി. മുസ്തഫ നന്ദിയും പറഞ്ഞു.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.