മനാമ: പരമ്പരാഗത ജയിൽ ശിക്ഷക്കുപകരം കുറ്റവാളികൾക്ക് സാമൂഹിക സേവനം, വീട്ടുതടങ്കൽ, പുനരധിവാസ പദ്ധതികൾ തുടങ്ങിയവ നടപ്പാക്കുന്ന സർക്കാറിെൻറ നിയമ നിർദേശം കഴിഞ്ഞ ദിവസം പാർലമെൻറ് അംഗീകരിച്ചു.
ഇത് പരിഗണനക്കായി ശൂറ കൗൺസിലിന് കൈമാറി. നീതിന്യായ, ഇസ്ലാമിക കാര്യ, എൻഡോവ്മെൻറ് മന്ത്രി ശൈഖ് ഖാലിദ് ബിൻ അലി ആൽ ഖലീഫയാണ് പുതിയ നിയമ നിർദേശം അവതരിപ്പിച്ചത്. ഇതിൽ ഏഴ് ബദൽ ശിക്ഷാനിർദേശങ്ങളാണ് അടങ്ങിയിട്ടുള്ളത്. സാമൂഹിക സേവനം, വീട്ടുതടങ്കൽ, ഇലക്ട്രോണിക് ടാഗിങ്, ചില സ്ഥലങ്ങളിൽ നിന്നുള്ള വിലക്കൽ, ഒറ്റപ്പെട്ട് താമസിപ്പിക്കൽ, പുനരധിവാസ പദ്ധതി പരിശീലന ക്ലാസുകളിൽ സംബന്ധിക്കൽ, കുറ്റകൃത്യവേളയിലുണ്ടായ നഷ്ടം നികത്തൽ തുടങ്ങിയവയാണത്.
വീട്ടുതടങ്കലിലുള്ളവർക്ക് ചില പ്രത്യേക അവസരങ്ങളിൽ അവിടം വിടാൻ സാധിക്കും. ഇക്കാര്യം തീരുമാനിക്കേണ്ടത് ആഭ്യന്തര മന്ത്രിയാണ്. സാമൂഹിക സേവനം ശിക്ഷയായി ലഭിച്ചവർ ഒരു വർഷം വരെ ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വരും.
നിലവിൽ ചെയ്യുന്ന ജോലിക്കുപുറമെ പ്രതിദിനം എട്ടുമണിക്കൂർ വരെയാണ് ജോലിയെടുക്കേണ്ടത്. ആദ്യം ജയിൽ ശിക്ഷ തന്നെയാണ് വിധിക്കുക.
ഇത് ഒരു വർഷത്തിലധികം നീളുന്നില്ലെങ്കിൽ ബദൽ മാർഗങ്ങൾ പരിഗണിക്കും. ഒന്നു മുതൽ അഞ്ചുവർഷം വരെയുള്ള ജയിൽ ശിക്ഷ ലഭിച്ചയാൾക്ക് മെഡിക്കൽ കാരണങ്ങൾ കൊണ്ട് ജയിലിൽ കഴിയാനായില്ലെങ്കിൽ, വീട്ടുതടങ്കലും മറ്റ് ബദൽ ശിക്ഷകളും വിധിക്കും.
ഒരു വർഷം വരെ തടവ് ലഭിച്ചയാൾക്ക് ഡിറ്റൻഷൻ സെൻററിൽ ഒത്തുപോകാനാകുന്നില്ലെങ്കിൽ ശിക്ഷ പബ്ലിക് പ്രൊസിക്യൂഷെൻറ അനുമതിയോടെ മാറ്റാൻ അവസരമുണ്ടാകും.
മികച്ച സ്വഭാവ റെക്കോഡുള്ള തടവുകാർ അവരുടെ ശിക്ഷയുടെ പകുതി കാലാവധി തികച്ചാൽ ജയിൽ വാർഡൻമാർക്ക് ഇവരുടെ ശിക്ഷ മാറ്റാൻ അഭ്യർഥിക്കാം. ശിക്ഷയുടെ മൂന്നിൽ രണ്ടുഭാഗം പൂർത്തിയാക്കിയ തടവുകാർക്കും അപേക്ഷ നൽകാം. ബദൽ ശിക്ഷാനിർദേശങ്ങൾ പാലിക്കാത്തവർക്ക് രണ്ടു വർഷം തടവും 200 ദിനാർ വരെ പിഴയും ലഭിച്ചേക്കും. ഇവരെ സഹായിക്കുന്നവർക്കും ഇതേ ശിക്ഷ ലഭിക്കും.
പുതിയ നിർദേശങ്ങൾ പ്രാബല്യത്തിൽ വന്നാൽ അത് ബഹ്റൈൻ ശിക്ഷാസമ്പ്രദായത്തിെൻറ മുഖഛായ മാറ്റുമെന്ന കാര്യം ഉറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.