പ്രവാസികളെ കൈവിടില്ളെന്ന് മുഖ്യമന്ത്രി

മനാമ: കേരള മുഖ്യമന്ത്രി പിണറായി വിജയന് പ്രവാസി മലയാളികള്‍ പ്രൗഢോജ്വലമായ സ്വീകരണം നല്‍കി. ഇന്നലെ വൈകീട്ട് ബഹ്റൈന്‍ കേരളീയ സമാജത്തില്‍ നടന്ന പൗരസ്വീകരണത്തില്‍ സമൂഹത്തിന്‍െറ നാനാതുറയിലുള്ളവര്‍ പങ്കെടുത്തു. 
മുഖ്യമന്ത്രിയായ ശേഷം രണ്ടാമത്തെ ഗള്‍ഫ് രാജ്യത്തെ സന്ദര്‍ശനമാണിതെന്ന് പറഞ്ഞാണ് പിണറായി വിജയന്‍ പ്രസംഗം തുടങ്ങിയത്.  ആദ്യം സന്ദര്‍ശിച്ചത് യു.എ.ഇ ആയിരുന്നു. കേരളത്തിന്‍െറ ദൈനംദിന ജീവിതത്തില്‍ നിറഞ്ഞുനില്‍ക്കുന്നവരാണ് പ്രവാസികള്‍. പ്രവാസികള്‍ മലയാളികളെ സംബന്ധിച്ച് കേവലമായ ഒരു വിഭാമല്ല. നമ്മുടെ നാടിന്‍െറ തന്നെ ഭാഗമായാണ് അവര്‍ മറ്റുരാജ്യങ്ങളില്‍ കഴിയുന്നത്. ഓരോ വ്യക്തിയെയും എടുത്ത് പരിശോധിച്ചാല്‍, നാട്ടില്‍ ജോലി ലഭിക്കാത്ത സാഹചര്യത്തില്‍ കുടുംബപ്രാരാബ്ധങ്ങളും മറ്റുമായി വന്നവരാണ് പലരും. നാട്ടിലുള്ളവര്‍ രക്ഷപ്പെട്ട ഒരു കുടുംബാംഗമായായാണ് പ്രവാസിയെ കാണുന്നത്. നാടിനെ താങ്ങിനിര്‍ത്തുന്നവരാണ് പ്രവാസികള്‍. 
കേരളത്തിന്‍െറ അഭിവൃദ്ധിക്കിടയാക്കിയ കാരണം വിശകലനം ചെയ്യുന്നവര്‍ വലിയ തര്‍ക്കമില്ലാതെ സമ്മതിക്കുന്ന ഒരു കാര്യമാണ് ഭൂപരിഷ്കരണം. അതുകഴിഞ്ഞാല്‍ നാടിന്‍െറ ഇന്നത്തെ പ്രത്യേകതക്ക് ഇടയാക്കിയതില്‍ ഏറ്റവും പ്രധാന ഘടകം പ്രവാസികളാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അത്തരത്തിലുള്ള ഒരു വിഭാഗത്തെ ഒരു ഘട്ടത്തിലും കേരളത്തിന് മറക്കാനാകില്ല. നിങ്ങളുടെ പ്രശ്നങ്ങള്‍ക്കൊപ്പം കേരളം എന്നുമുണ്ടാകും എന്ന് ആദ്യമേ വ്യക്തമാക്കട്ടെ. ഈ സന്ദര്‍ശനവേള വല്ലാത്തൊരു അനുഭവമാണ് സമ്മാനിച്ചത്. കേരളത്തിനെ വലിയ ആദവും സ്നേഹത്തോടെയുമാണ് ഇവിടുത്തെ ഭരണാധികാരികള്‍ കാണുന്നത്. ആ സ്നേഹവായ്പ് അനുഭവിച്ചറിയാന്‍ സാധിച്ചിട്ടുണ്ട്. ക്രൗണ്‍ പ്രിന്‍സ് കോര്‍ട് പ്രസിഡന്‍റിന്‍െറ തിരുവനന്തപുരം സന്ദര്‍ശനവേളയില്‍ അദ്ദേഹം ബഹ്റൈനിലേക്ക് ക്ഷണിച്ചിരുന്നു. പല തിരക്കുകള്‍ക്കിടിയില്‍ അത് നീണ്ടുപോയി. എന്നാല്‍ വീണ്ടും ആ ക്ഷണം ഓര്‍മ്മിപ്പിക്കുകയാണുണ്ടായത്. അതുതന്നെ വലിയ ആദരവാണ്. അത് സന്തോഷപൂര്‍വമാണ് ഞങ്ങള്‍ സ്വീകരിച്ചത്. ഭരണകൂടത്തിന്‍െറ അതിഥികളായി വന്ന് ഇറങ്ങിയതുമുതല്‍ അധികാരികള്‍ സവിശേഷ പരിഗണ നല്‍കി. ഇതൊക്കെ കേരളത്തിന്‍െറ സര്‍ക്കാറിന്‍െറ പ്രത്യേകത കൊണ്ട് നേടിയതാണ് എന്ന് കരുതാനാകില്ല. മുഖ്യമന്ത്രിയുടെ ഏതെങ്കിലും തരത്തിലുള്ള വ്യക്തിവിശേഷം കൊണ്ട് നേടിയതാണ് എന്നും കരുതുന്നില്ല. നിങ്ങളുടെ അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനത്തിനുള്ള ആദരവായാണ് ഞങ്ങള്‍ ഇതിനെ കാണുന്നത്. ഒരു സമൂഹമെന്ന നിലക്ക് നമുക്ക് അഭിമാനിക്കാന്‍ കഴിയുന്ന കാര്യമാണിത്. കൂടുതല്‍ നല്ല രീതിയില്‍, കൂടുതല്‍ അന്തസ്സോടെ ഇവിടെ പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കണം. കേരളത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന പ്രവാസികള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന രൂപത്തിലുള്ള കാര്യങ്ങള്‍ തിരിച്ചുകിട്ടിയിട്ടില്ല എന്ന് പറഞ്ഞാന്‍ ആരെയും കുറ്റപ്പെടുത്താനാകില്ല. പ്രവാസികളുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള കൃത്യമായ സംവിധാനം ഒരുങ്ങണമെന്നതില്‍ അശേഷം സംശയമില്ല. 
നിങ്ങള്‍ ഇവിടെയത്തെിയത് ജീവിതമാര്‍ഗത്തിനാണ്. ജീവിതസുരക്ഷ ഏറ്റവും പ്രധാനപ്പെട്ടതാണ്. പ്രവാസികള്‍ മഹാഭൂരിപക്ഷം, പ്രവാസകാലത്ത് വലിയ ബുദ്ധിമുട്ടില്ലാതെ മുന്നോട്ട്പോകാന്‍ സാധിക്കുന്നവരാണ്. 
എന്നാല്‍, ജോലി നഷ്ടപ്പെട്ടാല്‍, തിരിച്ചുപോകേണ്ടി വന്നാല്‍ പ്രാരാബ്ധം ആരംഭിക്കുന്നവരാണ് പലരും. അവരുടെ ജീവിതസുരക്ഷ ഉറപ്പാക്കണമെന്നത് നിങ്ങള്‍ നേരത്തെ പറയുന്നതാണ്. അതില്‍ വളരെ ഫലപ്രദമായി ഇടപെടാന്‍ കഴിഞ്ഞു എന്ന് പറയാനാകില്ല. എന്നാല്‍ ജീവിതസുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട് എന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. കാരണം അത്രയും നാടിനുവേണ്ടി സംഭാവന ചെയ്യുന്നവരാണ് നിങ്ങള്‍. 
അതുകണക്കിലെടുത്ത് പ്രവാസികളുടെ ജീവിതസുരക്ഷക്കായി വേണ്ട കാര്യങ്ങള്‍ ചെയ്യും. പലരുടെയും കുടുംബം നാട്ടിലാണുള്ളത്. മക്കളുടെ വിദ്യാഭ്യാസ പ്രശ്നങ്ങളും മറ്റും പലരെയും ഉല്‍കണ്ഠയിലാഴ്ത്തുന്നുണ്ട്. 
ഇവിടെ വെച്ചുണ്ടാക്കുന്ന സമ്പാദ്യം ശരിയായി ഉപയോഗിക്കാന്‍ ഇപ്പോള്‍ വഴിയില്ല. ഇവിടെ ജോലി ചെയ്യുന്നവര്‍ പണം സമ്പാദിച്ച് നാട്ടില്‍പോയി വലിയ വീടുവെക്കുകയാണ് എന്നാണ് ബഹ്റൈന്‍ പ്രധാനമന്ത്രി തന്നെ പറഞ്ഞത്. എന്നാല്‍ നിക്ഷേപത്തിലൂടെ വരുമാനം ലഭിക്കത്തക്ക രീതിയിലുള്ള കാര്യങ്ങള്‍ ഉണ്ടാകുന്നില്ല. 
പ്രവാസി നിക്ഷേപം ജാഗ്രതയോടെ നടത്താന്‍ അവരമുണ്ടായാല്‍ പിന്നീട് വരുമാനം ഉറപ്പാക്കാം. ഈ നിര്‍ദേശം പലപ്പോഴായി ഉയരുന്നുണ്ട്. ഇവിടെ ജോലി ചെയ്ത് വിരമിച്ച് പോയശേഷം നാട്ടില്‍ കുഴപ്പമില്ലാതെ ജീവിക്കാനുള്ള സാഹചര്യമുണ്ടാകണം. പലര്‍ക്കും താങ്ങാനാകാത്ത ചികിത്സാ ചെലവും വരുന്നുണ്ട്. 
കുറഞ്ഞ ചെലവില്‍ മലയാളികള്‍ക്ക് ചികിത്സ ലഭിക്കാനായി ഒരു ‘കേരള ക്ളിനിക്’ സ്ഥാപിക്കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. മലയാളി പ്രവാസികള്‍ക്കായി ഒരു പുനരധിവാസ പദ്ധതി രൂപപ്പെടുത്തും. ഇത് നാടിന്‍െറ ആകെ വികാരമാണ്. 
നാട് ഒന്നിച്ച് നിങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ നിങ്ങളോടൊപ്പമുണ്ട്. കേരളത്തില്‍ ശക്തമായ രാഷ്ട്രീയ അഭിപ്രായ വിത്യാസങ്ങളുണ്ടാകാറുണ്ട്.എന്നാല്‍, പ്രവാസികളുടെ കാര്യത്തില്‍ കേരളം ഒറ്റക്കെട്ടാണ്. 
ഗള്‍ഫുമായി നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധമാണ് കേരളത്തിനുള്ളത്. നാടിന്‍െറ അന്നദാതാവായാണ് ഗള്‍ഫ് നാടുകളെ കാണുന്നത്. 
ഇത് നിക്ഷേപകര്‍ക്ക് ഒരു നാട്ടില്‍ നിന്ന് കിട്ടാവുന്ന ഏറ്റവും മികച്ച കാര്യമാണ്. ഇവിടുത്തെ മലയാളികളായ കുട്ടികളെ കുറഞ്ഞ ചെലവില്‍ പഠിപ്പിക്കാനായി കേരള പബ്ളിക് സ്കൂള്‍ സ്ഥാപിക്കാന്‍ ഭരണകൂടത്തോട് അനുമതി ചോദിച്ചിട്ടുണ്ട്. 
എഞ്ചിനിയറിങ് കോളജിനും അനുമതി ചോദിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ നല്ല പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. വിദ്യാഭ്യാസമന്ത്രിയുമായും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. കിരീടാവകാശിയുമായുമുള്ള ചര്‍ച്ചയെ തുടര്‍ന്ന് അദ്ദേഹം ഇക്കാര്യത്തില്‍ വിദ്യാഭ്യാസമന്ത്രിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്ന് മനസിലാക്കുന്നു. 
കരിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രവുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അവിടുത്തെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനത്തിന് ഭൂമിവിട്ടുനല്‍കാന്‍ ജനം തയ്യാറാണ്. എന്നാല്‍, ഭൂമി വിട്ടുനല്‍കുന്നവരേക്കാള്‍ മറ്റുള്ളവര്‍ക്കാണ് ആശങ്കയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ പ്രധാന പ്രഖ്യാപനങ്ങള്‍
1. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും കേരള പബ്ളിക് സ്കൂളുകള്‍, സാങ്കേതിക,ആര്‍ട്സ് കോളജുകള്‍.
2. ഗള്‍ഫ് തൊഴില്‍ അന്വേഷകര്‍ക്കായി ജോബ് പോര്‍ട്ടല്‍. 
3. പ്രവാസികള്‍ക്ക് സുരക്ഷിത നിക്ഷേപക സംരംഭത്തിന് നിക്ഷേപ ബോര്‍ഡ്.  
4. മൃതദേഹം കൊണ്ടുപോകാനും അവശനിലയിലായവരെ നാട്ടിലത്തെിക്കാനും മുന്‍കയ്യെടുക്കുന്ന സംഘടനകള്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും ധനസഹായം പരിഗണിക്കും. 
5. ജോലി നഷ്ടപ്പെട്ട് മടങ്ങുന്നവര്‍ക്ക് ആറുമാസമെങ്കിലും ധനസഹായം നല്‍കാനാകുമോ എന്ന കാര്യം. 
6. തൊഴില്‍ നഷ്ടപ്പെട്ട പ്രവാസി കുടുംബങ്ങളെ ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തല്‍.
7. നോര്‍കയുടെ കാലോചിതമായ പരിഷ്കരണം.
8.സംരംഭങ്ങള്‍ തുടങ്ങാനും വീടുവെക്കാനും ബാങ്കുകളുമായി യോജിച്ച് കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭ്യമാക്കല്‍. 
9. തിരിച്ചുവരുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് നാട്ടില്‍ സ്കൂള്‍ പ്രവേശനം ഉറപ്പാക്കല്‍.
10. ഗള്‍ഫില്‍ തന്നെയുള്ള മലയാളി നിയമബിരുദ ധാരികളുടെ പാനലുണ്ടാക്കി ലീഗല്‍ എയ്ഡ് സെല്‍ രൂപവത്രിച്ച് നിയമസഹായം ലഭ്യമാക്കല്‍. 
11. ഭാരിച്ച ചികിത്സാ ചെലവ് പ്രശ്നം പരിഹരിക്കാന്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും കേരള ക്ളിനിക്കുകള്‍.
12. നിയമന തട്ടിപ്പ് തടയുന്നതിന് പ്രത്യേക സംവിധാനങ്ങള്‍.

News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.