അത്യാധുനിക സ്റ്റേഡിയത്തിനായി ഒരുക്കം സജീവം 

മനാമ: ബഹ്റൈനില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന നിര്‍ദിഷ്ട അന്താഷ്ട്ര സ്റ്റേഡിയം സതേണ്‍ ഗവര്‍ണറേറ്റിലാകുമെന്ന് ഈ പദ്ധതിയുമായി ബന്ധപ്പെട്ട ഉന്നത കേന്ദ്രങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. 
ഈ മേഖലയില്‍ സ്റ്റേഡിയത്തിനായി രണ്ടു സ്ഥലങ്ങള്‍ പരിഗണിക്കുന്നതായി പൊതുമരാമത്ത്, മുന്‍സിപ്പാലിറ്റീസ്, നഗരാസൂത്രണ മന്ത്രി ഇസാം അബ്ദുല്ല ഖലഫ് വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ പല പ്രദേശങ്ങളും പരിഗണിച്ച ശേഷമാണ് ഏറ്റവും അനുയോജ്യമെന്ന് കരുതുന്ന ഈ രണ്ട് സ്ഥലങ്ങള്‍ അവസാന പട്ടികയില്‍ എത്തിയതെന്ന് സ്റ്റേഡിയത്തിന്‍െറ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ തലവനായ മന്ത്രി പറഞ്ഞു. 
പുതിയ സ്റ്റേഡിയം സതേണ്‍ മുന്‍സിപ്പല്‍ കൗണ്‍സിലിനു കീഴില്‍ വരുന്ന പ്രദേശത്ത് നിര്‍മിക്കണമെന്ന ആവശ്യവുമായി അവര്‍ തുടക്കം മുതല്‍ രംഗത്തുണ്ട്. മന്ത്രിയുടെ നിലപാട് അവര്‍ക്ക് ആഹ്ളാദം പകരും. സ്റ്റേഡിയത്തിനായി വിവിധ തലങ്ങളില്‍ സജീവ ഒരുക്കങ്ങളാണ് നടക്കുന്നത്. 
  50,000പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന സ്റ്റേഡിയത്തില്‍ മാറ്റാവുന്ന മേല്‍ക്കൂരയും ഫുട്ബാള്‍ ഗ്രൗണ്ടും അത്ലെറ്റിക്സ് ട്രാക്കുകളും ബാസ്കറ്റ് ബാള്‍, ഹാന്‍റ് ബാള്‍, ബൗളിങ്, ബാഡ്മിന്‍റണ്‍,ടേബിള്‍ ടെന്നിസ്  ഹാളുകളും ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. 
ഹമദ് രാജാവും ‘ഫിഫ’ പ്രസിഡന്‍റും തമ്മില്‍ നടന്ന കൂടിക്കാഴ്ചക്കുശേഷമാണ് സ്റ്റേഡിയം സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ഇതില്‍ ഹൈപര്‍ മാര്‍ക്കറ്റ്, അണ്ടര്‍ ഗ്രൗണ്ട് ഷോപ്പിങ് കോംപ്ളക്സ്, സിനിമാ തിയേറ്റര്‍ സമുച്ചയം എന്നിവയും ഉള്‍പ്പെടുത്താന്‍ ആലോചനയുണ്ട്. 
ഒളിമ്പിക് മത്സരങ്ങള്‍ക്ക് പാകത്തിലുള്ള നീന്തല്‍കുളവും സ്പോര്‍ട്സ് അക്കാദമികളും ഉള്‍പ്പെടുത്തണോ എന്ന കാര്യം ചര്‍ച്ചയിലാണ്.  സ്റ്റേഡിയം എവിടെ നിര്‍മ്മിക്കുമെന്ന കാര്യം ഇതുവരെ യുവജന-കായിക മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. സ്റ്റേഡിയത്തിനായി സതേണ്‍ ഗവര്‍ണറേറ്റിനെ ഒൗദ്യോഗികമായി തെരഞ്ഞെടുത്തിട്ടില്ല എന്നാണ് ഈ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറയുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. 
സ്റ്റേഡിയത്തിന്‍െറ ജോലികള്‍ തുടങ്ങാനായി പദ്ധതിയുടെ ബജറ്റ് നാഷണല്‍ അസംബ്ളിയും പാര്‍ലമെന്‍റും ശൂറ കൗണ്‍സിലും നിശ്ചിത മുന്‍സിപ്പല്‍ കൗണ്‍സിലും അംഗീകരിക്കേണ്ടതുണ്ട്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.