???

തിരക്കഥ വായിക്കാതെ അഭിനയിച്ചിട്ടില്ലെന്ന് ഷീല

മനാമ: എല്ലാക്കാലത്തും താന്‍ തിരക്കഥ വായിച്ച ശേഷമാണ് അഭിനയിച്ചിട്ടുള്ളതെന്ന് നടി ഷീല പറഞ്ഞു. കേരള കാലത്തലിക് അസോസിയേഷന്‍െറ (കെ.സി.എ) ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയതിനിടെ ‘ഗള്‍ഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു അവര്‍.
സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്ക് ഒഴിവില്ലാതെ നീങ്ങിയിരുന്ന കാലത്തും ഓണാഘോഷങ്ങള്‍ നടന്നിരുന്നു എന്നവര്‍ പറഞ്ഞു. പലപ്പോഴും ഇന്‍ഡോര്‍ ഷൂട്ടിങ് ആണ് നടന്നിരുന്നത്. അതുകൊണ്ട് സ്റ്റുഡിയോയില്‍ തന്നെയായിരിക്കും ഓണാഘോഷം. ചെന്നൈയില്‍ ആയിരുന്നു താമസം. നിവൃത്തിയുണ്ടെങ്കില്‍ വീട്ടില്‍ തന്നെ സദ്യ ഒരുക്കുമായിരുന്നു. ഒരു തിരുവോണത്തിന് വയലാര്‍ രാമവര്‍മ വീട്ടില്‍ നിന്നാണ് സദ്യ ഉണ്ടത്. അത് മറക്കാനാകില്ല.
അഭിനയിച്ച സിനിമകളൊന്നും അന്ന് കാണാന്‍ കഴിഞ്ഞിട്ടില്ല. ചെന്നൈയിലെ താമസവും ഷൂട്ടിങ് തിരക്കുകളും കാരണം കേരളത്തില്‍ വന്ന് മലയാള സിനിമ കാണുക അസാധ്യമായിരുന്നു. ജനങ്ങള്‍ക്കിടയിലേക്ക് സ്വതന്ത്രമായി ഇറങ്ങാനുള്ള സാഹചര്യവും അന്നുണ്ടായിരുന്നില്ല. ഇന്ന് കേരളത്തിലെ ഏത് വഴിക്ക് പോയാലും ഒരു ഷൂട്ടിങ് ലൊക്കേഷന്‍ കാണാം. മുമ്പത്തെ സ്ഥിതി അതല്ല. നടീ നടന്‍മാര്‍ മനുഷ്യര്‍ തന്നെയാണോ എന്ന സംശയം പോലുമുള്ളവരുണ്ടായിരുന്നു. സിനിമയില്‍ നിന്ന് വിട്ടുനിന്ന കാലത്താണ് മുമ്പ് അഭിനയിച്ച പല പടങ്ങളും കണ്ടത്.
അന്നത്തെ അഭിനയം ആ സിനിമക്ക് ചേര്‍ന്നത് തന്നെയായിരുന്നുവെന്നാണ് ഇപ്പോഴും തോന്നുന്നത്. അഭിനയത്തില്‍ മാറ്റം വരുത്താമായിരുന്നു എന്ന് പിന്നീടു കണ്ടപ്പോഴും തോന്നിയിട്ടില്ല.
താരങ്ങളോടുള്ള ആരാധനക്ക് വേറൊരു തലമാണ് മുമ്പുണ്ടായിരുന്നത്. ആരാധകരെ കാണണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും അന്ന് സാധ്യമായിരുന്നില്ല. അഥവാ ആരാധകര്‍ക്കിടയില്‍ പെട്ടുപോയാല്‍ ജീവനും കൊണ്ട് രക്ഷപ്പെടാന്‍ പോലും സാധിക്കുമായിരുന്നില്ല. അത്രമാത്രം തീവ്രമായ ആരാധാനയാണ് അന്നുണ്ടായിരുന്നത്. താരങ്ങളുടെ ഓട്ടോഗ്രാഫ് വാങ്ങുക എന്നതായിരുന്നു അന്ന് ഏറ്റവും വലിയ കാര്യം. ഇന്ന് സെല്‍ഫി എടുക്കാനാണു താല്‍പര്യം. സെല്‍ഫി ഭ്രമത്തോട് ഒട്ടും താല്‍പര്യമില്ല.
 സിനിമയുടെ സാങ്കേതികതയാകെ മാറിയ കാലമാണിത്. ആദ്യകാലത്ത് രണ്ടു പേര്‍ സംസാരിക്കുന്ന സീന്‍ ഷൂട്ടു ചെയ്യാന്‍ കാമറ മാറ്റിമാറ്റി  സ്ഥാപിക്കണമായിരുന്നു. ഇന്ന് കോമ്പിനേഷന്‍ സീനും മറ്റും പല ഭാഗങ്ങളിലായി നിരവധി കാമറകള്‍ വെച്ചാണ് ഷൂട്ട് ചെയ്യുന്നത്. അതൊന്നും മുമ്പ് ആലോചിക്കാനേ കഴിയില്ല. പഴയ കാലത്തൊന്നും സംവിധായകര്‍ അഭിനയം പറഞ്ഞു തന്നിരുന്നില്ല. ഇന്നാണ് അഭിനയും പറഞ്ഞുകൊടുക്കുന്നത്.  അന്ന് തിരക്കഥ തന്നെയാണ് ആശ്രയം. തന്‍െറ കഥാപാത്രത്തെ മറ്റു കഥാപാത്രങ്ങള്‍ എങ്ങനെ കാണുന്നു എന്നു കൂടി മനസിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ‘കള്ളിച്ചെല്ലമ്മ’യും ‘സ്ഥാനാര്‍ഥി സാറമ്മ’യും ‘മാക്കവു’മെല്ലാം താന്‍ സ്വയം ആവിഷ്കരിച്ചെടുത്ത കഥാപാത്രങ്ങളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സിനിമ കണ്ട ശീലമോ അഭിനയത്തെ കുറിച്ചുള്ള അറിവോ ഇല്ലാതെയാണ് സിനിമയില്‍ എത്തിയത്. കാമറക്കുമുന്നില്‍ വരും മുമ്പ് കണ്ടത് രണ്ടേ രണ്ടു സിനിമകളാണ്. ഒന്ന് ‘കണ്ടംബച്ച കോട്ടും’ രണ്ട് ‘മലൈകള്ളനും’.
സിനിമയില്‍ തിരക്കുള്ള കാലത്തും റേഡിയോ ആയിരുന്നു എന്‍െറ സന്തത സഹചാരി. നന്നായി പാട്ടു കേള്‍ക്കുമായിരുന്നു. ഒരു റേഡിയോ കൂടെയുണ്ടെങ്കില്‍ ഒരിക്കലും ഒറ്റപ്പെടല്‍ തോന്നില്ളെന്ന് അമ്മ പറയുമായിരുന്നു. സിനിമയിലെ അനേകം പാട്ടുകള്‍ ഓര്‍മയിലുണ്ടെങ്കിലും ‘പൂന്തേനരുവീ’  പോലുള്ള ചില പാട്ടുകളോട് പ്രത്യേക ഇഷ്ടമുണ്ട്.
താന്‍ നായികയായിരുന്ന കാലത്ത് സ്ത്രീകളെ തിയറ്ററിലേക്ക് ആകര്‍ഷിക്കുക എന്ന തന്ത്രമാത്രമായിരുന്നു സിനിമ സ്വീകരിച്ചിരുന്നത്. സ്ത്രീകള്‍ വന്നാല്‍ കുടുംബം മുഴുവന്‍ തിയറ്റിലത്തെുമെന്നായിരുന്നു കണക്കുകൂട്ടല്‍. ഇന്ന് റിലീസ് ചെയ്ത് മൂന്നു മാസത്തിനുള്ളില്‍ ഏതു സിനിമയും ടി.വിയില്‍ വരും. തിയറ്ററില്‍ പോകുന്നത് 15-30 പ്രായ ഗ്രൂപ്പിലുള്ള യുവാക്കളാണ്. ഇവരെ ആകര്‍ഷിക്കാന്‍ ആവശ്യമായ കാര്യങ്ങളാണ് ഇന്ന്  സിനിമയുടെ ചേരുവ. അതിനാല്‍ കുടുംബ കഥ പറയുന്ന സിനിമകള്‍ ഇല്ലാതായി. പ്രണയം പഴയകാലത്തും ഉണ്ടെങ്കിലും പുതിയ സിനിമയില്‍ അതിന് മാറ്റം വന്നു. അന്ന് അനന്തമായി കാത്തിരിക്കുന്ന കാമുകനും കാമുകിയും ഉണ്ടായിരുന്നു. ഇന്നതു സാധ്യമല്ല.
സിനിമക്കുവേണ്ടിയുള്ള അധ്വാനം തന്നെ കുറഞ്ഞിട്ടുണ്ട്. ഒരുമുറിയില്‍ ഇരുന്ന് വിദേശ സിനിമകള്‍ തുടര്‍ച്ചയായി കാണുക, അതിലെ ദൃശ്യങ്ങള്‍ വരെ അതേപടി പകര്‍ത്തുക എന്നതാണ് പുതിയ രീതിയെന്നും അവര്‍ പറഞ്ഞു.
ഇടക്കാലത്ത് ചിത്ര കലയിലേക്കും എഴുത്തിലേക്കും തിരിഞ്ഞതിനെ കുറിച്ചും അവര്‍ സംസാരിച്ചു.  96 ചിത്രങ്ങള്‍ വരച്ചു. അക്രിലിക്കാണ് ഇഷ്ടമാധ്യമം. എല്ലാ ചിത്രങ്ങളും കൊച്ചിയില്‍ നടന്ന പ്രദര്‍ശനത്തില്‍ വിറ്റുപോയി. അതില്‍ നിന്നു ലഭിച്ച വരുമാനം ജീവ കാരുണ്യ പ്രവര്‍ത്തനത്തിനായി വിനിയോഗിച്ചു.
സിനിമയില്‍ അഭിനയിക്കാത്ത വേഷങ്ങളില്ല. ഹാസ്യകഥാപാത്രം മുതല്‍ കുഷ്ഠരോഗിയുടെ വേഷം വരെ ചെയ്തു.  ഇനി ഭിന്നലിംഗത്തിലുള്ള ആളുടെ റോള്‍ ചെയ്യാന്‍ താല്‍പര്യമുണ്ട്. അതുമാത്രമാണ് പുതിയൊരു വേഷം എന്ന നിലക്ക് ചെയ്യാനുള്ളത്. -ഷീല പറഞ്ഞു നിര്‍ത്തി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.