വീട്ടുജോലിക്കാരിക്ക് ക്രൂരമര്‍ദനം :  സ്വദേശി വനിതക്കും മകള്‍ക്കും രണ്ടുമാസം ജയില്‍ ശിക്ഷ

മനാമ: ഇന്തോനേഷ്യക്കാരിയായ വീട്ടുജോലിക്കാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ ബഹ്റൈനി വനിതയും മകളും രണ്ടുമാസം ജയിലില്‍ കഴിയേണ്ടിവരും. കഴിഞ്ഞ ഫെബ്രുവരിയിലാണ് 67വയസുള്ള സ്ത്രീയും 46 വയസുള്ള മകളും ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് വീട്ടുജോലിക്കാരിയെ ബോധം കെടുന്നതുവരെ മര്‍ദിച്ചത്. ശീഷ കത്തിച്ച് 23 വയസുള്ള യുവതിയെ പൊള്ളലേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന അവസ്ഥയിലാണ് ഇവര്‍ ആംബലന്‍സ് വിളിച്ച് യുവതിയെ ആശുപത്രിയിലാക്കുന്നത്. കിങ് ഹമദ് യൂനിവേഴ്സിറ്റി ആശുപത്രിയിലാണ് യുവതിയെ പ്രവേശിപ്പിച്ചിരുന്നത്. തുടര്‍ന്ന് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടത്തെിയ ലോവര്‍ ക്രിമിനല്‍ കോടതി ഇവര്‍ക്ക് രണ്ടുമാസം തടവുശിക്ഷ വിധിച്ചിരുന്നു.
ഇതിനെതിരെ പ്രതികള്‍ ഹൈക്രിമിനല്‍ കോടതിയില്‍ നല്‍കിയ അപ്പീല്‍ കഴിഞ്ഞ ദിവസം തള്ളിയതോടെയാണ് ഇവര്‍ക്ക് ജയില്‍ ശിക്ഷ ഉറപ്പായത്. ജയില്‍ശിക്ഷക്ക് പകരം സാമൂഹിക സേവനം എന്ന ഉപാധി കോടതി തള്ളി. ഇവരെ അറസ്റ്റ് ചെയ്യാനും കഴിഞ്ഞ ദിവസത്തെ ഹിയറിങില്‍ ഉത്തരവായി. 
വീട്ടുജോലിക്കാരിക്കെതിരായ പീഡനം നിത്യസംഭവമായിരുന്നെന്നാണ് കോടതി രേഖകള്‍ വ്യക്തമാക്കുന്നതെന്ന് പ്രാദേശി പത്രം റിപ്പോര്‍ട്ട് ചെയ്തു. പുറംലോകവുമായുള്ള ബന്ധം വിലക്കിയിരുന്നതിനാല്‍, ഈകാര്യം ആരും അറിഞ്ഞിരുന്നില്ല. നാലുമാസം താന്‍ അവര്‍ക്കുവേണ്ടി ജോലിയെടുത്തെന്നും ഈ കാലയളവില്‍ വീട്ടുകാര്‍ നിത്യേന മര്‍ദിക്കുമായിരുന്നെന്നും ജോലിക്കാരി പബ്ളിക് പ്രൊസിക്യൂഷന് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു. നരകതുല്യമായിരുന്നു ജീവിതം. കരയാത്ത ദിവസങ്ങളുണ്ടായിരുന്നില്ല. വടി പൊട്ടുന്നതുവരെ അടിച്ച ദിവസങ്ങളുണ്ട്. ശീഷ പൈപ്പ് ഉപയോഗിച്ചും മര്‍ദിക്കുമായിരുന്നു. ഫോണ്‍ സൗകര്യമില്ലാത്തതിനാല്‍ പൊലീസിനെയും വിളിക്കാനായില്ല. 
മനുഷ്യനായല്ല അവര്‍ എന്നെ കണ്ടത്. ഉപദ്രവിക്കുന്നതില്‍ അവര്‍ ആനന്ദം കണ്ടത്തെിയിരുന്നു. മോശം പരമാര്‍ശങ്ങളും പതിവായിരുന്നു. ഒരിക്കല്‍ അടികിട്ടി ബോധം തെളിഞ്ഞപ്പോള്‍ ആശുപത്രിയിലായിരുന്നു. അവിടെ വെച്ചാണ് തനിക്ക് പൊള്ളലേറ്റ കാര്യവും തിരിച്ചറിയുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു. 
ഭീകരമായ മര്‍ദനമാണ് വീട്ടുജോലിക്കാരിക്ക് നേരെ നടന്നതെന്നും അവരുടെ ശരീരത്തിലാകെ പൊള്ളലേറ്റ പാടുണ്ടെന്നും മെഡിക്കല്‍ എക്സാമിനറുടെ റിപ്പോര്‍ട്ടിലുണ്ട്. നിലവിലുള്ള നിയമപ്രകാരം ഇത്തരം ആക്രമണങ്ങളില്‍ പ്രതികള്‍ക്ക് കിട്ടാവുന്ന പരമാവധി ശിക്ഷ മൂന്ന് വര്‍ഷം വരെയുള്ള തടവാണ്. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.