ബഹ്റൈന്‍-ഇന്ത്യ വ്യാപാര ബന്ധത്തില്‍  ശുഭപ്രതീക്ഷയുമായി ബഹ്റൈന്‍ ഇന്ത്യ സൊസൈറ്റി

മനാമ: ഇന്ത്യ-ബഹ്റൈന്‍ ഉഭയകക്ഷി വ്യാപാരവും സാമ്പത്തിക ബന്ധങ്ങളും കൂടുതല്‍ പുരോഗതിയിലേക്ക് നീങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം ബഹ്റൈന്‍ ഇന്ത്യ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്ന മാധ്യമപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ അഭിപ്രായം ഉയര്‍ന്നു. 
പോയ വര്‍ഷം ഏപ്രില്‍ മുതല്‍ ഈ വര്‍ഷം മാര്‍ച്ചുവരെയുള്ള കണക്കുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നതായി ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ പറഞ്ഞു. 2011മുതല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഇടപാടുകളില്‍ കുറവുവന്നിരുന്നെങ്കിലും ഇപ്പോഴത്തെ എണ്ണയിതര മേഖലകളിലെ വ്യാപാര-വാണിജ്യ മുന്നേറ്റം ആശാവഹമാണ്. ധനകാര്യ ഇടപാടുകള്‍, റിയല്‍ എസ്റ്റേറ്റ്, പ്ളാസ്റ്റിക്, വാഹനത്തിന്‍െറ പാര്‍ട്സുകള്‍ തുടങ്ങിയ മേഖലകളിലാണ് മുന്നേറ്റമുണ്ടായതെന്ന് ബഹ്റൈന്‍ ഇന്ത്യ സൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞു. 2006 മുതല്‍ 2011 വരെയുള്ള കാലത്താണ് വ്യാപാരത്തില്‍ കാര്യമായ മുന്നേറ്റമുണ്ടായിരുന്നത്. പുതിയ അവസ്ഥ തുടരുകയാണെങ്കില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിന്‍െറ തോതില്‍ കാര്യമായ പുരോഗതിയുണ്ടാകും. 
ബഹ്റൈന്‍ ഇന്ത്യ സൊസൈറ്റി സ്ഥാപക ചെയര്‍മാന്‍ അബ്ദുല്‍നബി അല്‍ ഷോല, ചെയര്‍മാന്‍ മുഹമ്മദ് ദാദാഭായ്, വൈസ് ചെയര്‍മാന്‍ രാജ് ദമാനി, ബോര്‍ഡ് മെംബര്‍ ഇബ്രാഹിം അല്‍ അമീര്‍, സെക്രട്ടറി വി.കെ.തോമസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 
ആഗോള എണ്ണവിപണിയുമായി ബന്ധപ്പെട്ട എല്ലാ പ്രതിസന്ധികള്‍ക്കുമിടയിലും ബഹ്റൈന്‍ സമ്പദ്വ്യവസ്ഥ വളരുകയാണെന്നും ഇത് അഭിനന്ദനമര്‍ഹിക്കുന്ന കാര്യമാണെന്നും മുഹമ്മദ് ദാദാഭായ് പറഞ്ഞു.
 ‘മെയ്ക് ഇന്‍ ഇന്ത്യ’, ‘ഡിജിറ്റല്‍ ഇന്ത്യ’ പോലുള്ള പദ്ധതികള്‍ വ്യാപാര മേഖലക്ക് ഉണര്‍വുപകരുന്നതാണ്.
ഇന്ത്യന്‍ വ്യാപാരികള്‍ക്ക് ഒരുപാട് അവസരങ്ങള്‍ തുറക്കുന്ന സാമ്പത്തിക-സാമൂഹിക സാഹചര്യമാണ് ബഹ്റൈനില്‍ ഇപ്പോഴുള്ളതെന്ന് ബഹ്റൈന്‍ ഇന്ത്യ സൊസൈറ്റി ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.