യാത്രാനിരോധമുണ്ടായ കേസില്‍ മലയാളിക്ക് അനുകൂല വിധി

മനാമ: വ്യാജരേഖ ചമച്ച് ഫോണ്‍ കണക്ഷന്‍ എടുത്ത് വഞ്ചിക്കപ്പെട്ട സംഭവത്തില്‍ യാത്രാനിരോധം നേരിട്ടയാള്‍ക്ക് അനുകൂലമായി കോടതി വിധി. കൊല്ലം സ്വദേശി ഷാജിമോനാണ് അനുകൂല വിധി നേടിയത്. 2012ല്‍ ബഹ്റൈനിലത്തെിയ ഷാജിമോന്‍ മെച്ചപ്പെട്ട ജോലി ലഭിക്കാനായി ചെങ്ങന്നൂര്‍ സ്വദേശിയായ പരിചയക്കാരന് സി.വി. കൈമാറിയിരുന്നു. ഈ വേളയില്‍ സി.വി.ക്കൊപ്പം സി.പി.ആര്‍, പാസ്പോര്‍ട് എന്നിവയുടെ കോപ്പിയും വെക്കാന്‍ ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് ഉപയോഗിച്ച് ‘സെയ്ന്‍’ കമ്പനിയില്‍ നിന്ന് രണ്ട് ‘ഐഫോണ്‍’ വാങ്ങിയതായാണ് മനസിലായത്. 
താന്‍ വഞ്ചിക്കപ്പെട്ട വിവരം ഷാജിമോന്‍ അറിഞ്ഞിരുന്നില്ല. 2014ല്‍ നാട്ടിലേക്ക് പോകാനായി പെട്ടിയും കെട്ടി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് എമിഗ്രേഷന്‍ അധികൃതര്‍ ട്രാവല്‍ ബാന്‍ ഉള്ള കാര്യം പറഞ്ഞത്. നിരാശനായി മടങ്ങിയ ഷാജി, ഇത്തരം നിരവധി കേസുകളില്‍ പ്രവാസികള്‍ക്ക് തുണയായ കെ.ടി.സലീമുമായി ബന്ധപ്പെടുകയും എക്സിബിഷന്‍ റോഡ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. ട്രാവല്‍ ബാന്‍ നിലനില്‍ക്കുന്നതിനാല്‍ എംബസി അഭിഭാഷക വഴി കോടതിയെയും സമീപിച്ചു. ഇതിനിടെ, പെട്ടെന്ന് നാട്ടില്‍ പോകേണ്ട ആവശ്യം വന്നതിനാല്‍ കോടതിയില്‍ പണം കെട്ടിവെച്ച് ട്രാവല്‍ബാന്‍ ഒഴിവാക്കുകയും തിരിച്ചത്തെിയ ശേഷം കേസ് തുടരുകയും ചെയ്തു. കേസിനിടെ നടന്ന ശാസ്ത്രീയ ഒപ്പുപരിശോധനയില്‍, ഫോണ്‍ വാങ്ങിയ പേപ്പറുകളിലെ ഒപ്പ് ഷാജിയുടേതല്ളെന്ന് വ്യക്തമായത് നിര്‍ണായക വഴിത്തിരിവായി. തുടര്‍ന്ന് കേസില്‍ ഷാജിയുടെ നിരപരാധിത്വം തെളിയുകയും അനുകൂലമായി വിധി വരികയുമായിരുന്നു. യാത്രാനിരോധം നീക്കാന്‍ കെട്ടിവച്ച തുക ഷാജിക്ക് തിരികെ ലഭിക്കും. 
   കേസില്‍ ഷാജിക്ക് അനുകൂലമായി വിധി വന്നതില്‍ സന്തോഷമുണ്ടെന്നും മൊബൈല്‍ കണക്ഷന്‍ കേസുകളില്‍ ട്രാവല്‍ബാന്‍ വന്നാല്‍ പെട്ടെന്ന് നാട്ടില്‍ പോകേണ്ടവര്‍ കമ്പനിയിലല്ല, കോടതിയിലാണ് പണം കെട്ടിവക്കേണ്ടതെന്നും കെ.ടി.സലീം പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.