വാഹനാപകടകേസില്‍ ഇന്ത്യന്‍ യുവാവ് 35,000 ദിനാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വിധി 

മനാമ: വാഹനാപകടത്തിനുകാരണമാകുന്ന തരത്തില്‍ വാട്ടര്‍ ടാങ്കര്‍ പാര്‍ക്ക് ചെയ്തെന്ന കേസില്‍ തമിഴ്നാട് സ്വദേശി 35,000 ദിനാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. പ്രതിമാസം കേവലം 75 ദിനാര്‍ ശമ്പളം ലഭിക്കുന്ന കുമാര്‍ തങ്കവേലിനാണ് കോടതി പിഴയിട്ടത്. 
2013 സെപ്തംബറില്‍ ഹമദ് ടൗണ്‍ റൗണ്ട് എബൗട്ടിലാണ് സംഭവം നടന്നത്. 22 വയസുള്ള ബഹ്റൈനി യുവാവിന്‍െറ കാര്‍ ചെടികള്‍ നനക്കാനുള്ള വാട്ടര്‍ ടാങ്കറിലേക്ക് ഇടിച്ചുകയറി ഇയാള്‍ക്ക് ഗുരുതമായി പരിക്കേറ്റിരുന്നു. ബി.ഡി.എഫ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച ഇയാളുടെ ചികിത്സക്കായി അന്ന് 11,987 ദിനാര്‍ ചെലവായതായി കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ പറയുന്നു. 
ഈ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ട് ലോവര്‍ കോടതി തങ്കവേലിനെ (35) രണ്ടു മാസം തടവിന് ശിക്ഷിക്കുകയും ചെയ്തു. എന്നാല്‍ അപകടത്തില്‍ പെട്ടയാള്‍ക്ക് നഷ്ടപരിഹാരത്തിനായി ഹൈ സിവില്‍ കോടതിയെ സമീപിക്കാമെന്നും ലോവര്‍ കോടതി വ്യക്തമാക്കിയിരുന്നു. ഒരു ലക്ഷം ദിനാര്‍ നഷ്ടപരിഹാരവും ജീവിതകാലം മുഴുവന്‍ പ്രതിമാസം 1000 രൂപ വീതവും ലഭിക്കണമെന്നായിരുന്നു പരിക്കേറ്റയാളുടെ ആവശ്യം. ഈ കേസില്‍ തങ്കവേലും ഇന്‍ഷൂറന്‍സ് കമ്പനിയും സംയുക്തമായി 70,000 ദിനാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈ സിവില്‍ കോടതി ഫെബ്രുവരി 24ന് വിധിച്ചു. ഇതു പ്രകാരമാണ് തങ്കവേല്‍ 35,000 ദിനാര്‍ നല്‍കേണ്ടത്. വിധിക്കെതിരെ തങ്കവേല്‍ ഹൈക്രിമിനല്‍ അപ്പീല്‍ കോടതിയെ സമീപിക്കുന്നുണ്ട്. 
നാലുവര്‍ഷമായി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് തങ്കവേലിനെ പിരിച്ചുവിട്ടെങ്കിലും പിന്നീട് തിരിച്ചെടുത്തു. ട്രാവല്‍ബാന്‍ ഉള്ളതിനാല്‍ നാട്ടിലും പോകാന്‍ സാധിക്കുന്നില്ല. സ്വന്തം കുട്ടി മരിച്ചപ്പോള്‍ പോലും നാട്ടില്‍ പോകാന്‍ ഈ ഹതഭാഗ്യന് സാധിച്ചിട്ടില്ല. അപ്പീല്‍ തള്ളിയാല്‍ എന്തുചെയ്യുമെന്നറിയാതെ നില്‍ക്കുകയാണ് തങ്കവേല്‍. വളരെ ദരിദ്രാവസ്ഥയിലുള്ള തങ്കവേലിന് നാട്ടില്‍ ഭാര്യയും അഞ്ചു വയസുള്ള ഒരു പെണ്‍കുട്ടിയുമുണ്ട്. ഇയാളുടെ അപ്പീലില്‍ വാദം കേള്‍ക്കുന്ന തിയതി നിശ്ചയിച്ചിട്ടില്ല. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.