പുനരുപയോഗ ഊര്‍ജ്ജ കേന്ദ്രം അടുത്ത വര്‍ഷം പ്രവര്‍ത്തനം തുടങ്ങും

മനാമ: ആറര ദശലക്ഷം ദിനാര്‍ ചെലവില്‍ ബഹ്റൈനില്‍ നിര്‍മ്മിക്കുന്ന പുനരുപയോഗ ഊര്‍ജ്ജ കേന്ദ്രം അടുത്ത വര്‍ഷം പ്രവര്‍ത്തനം തുടങ്ങും.
വൈദ്യുതി-ജല അതോറിറ്റി നിര്‍മ്മിക്കുന്ന പൈലറ്റ് പ്ളാന്‍റില്‍ അഞ്ചു മെഗാവാട്ട് വരെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകും.
ഇതിനായി കണ്ടത്തെിയ സ്ഥലം കഴിഞ്ഞ ദിവസം വൈദ്യുതി-ജല മന്ത്രി ഡോ.അബ്ദുല്‍ ഹുസൈന്‍ മിര്‍സ സന്ദര്‍ശിച്ചു. വൈദ്യുതി-ജല അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ശൈഖ് നവാഫ് ബിന്‍ ഇബ്രാഹിം ആല്‍ ഖലീഫയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. 12 ഹെക്ടര്‍ വിസ്തൃതിയിലുള്ള പ്ളാന്‍റില്‍ മൂന്ന് മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദനം സൗരോര്‍ജ്ജത്തില്‍ നിന്നും രണ്ട് മെഗാവാട്ട് ഉല്‍പ്പാദിപ്പിക്കുന്നത് കാറ്റില്‍ നിന്നുമാണ്. ഈ കേന്ദ്രത്തിനെ 11 കെ.വി.വൈദ്യുതി വിതരണ ശൃംഖലയുമായി ബന്ധിപ്പിക്കും. ജര്‍മ്മന്‍ കമ്പനിയായ ജുവി ഇന്‍റര്‍നാഷണല്‍ ആണ് പദ്ധതി നടപ്പാക്കുന്നത്.
പുനരുപയോഗ ഊര്‍ജ്ജം എത്രത്തോളം പ്രായോഗികമാണെന്ന് ഈ പദ്ധതി വ്യക്തമാക്കും. പദ്ധതി വിജയകരമാകുകയാണെങ്കില്‍ പാരമ്പര്യ ഊര്‍ജ്ജ സ്രോതസുകളിലുള്ള ആശ്രിതത്വം കുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.