കനത്ത ചൂട്: ഹജ്ജ് തീര്‍ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

മനാമ: ചൂട് കനത്ത സാഹര്യത്തില്‍ ഹജ്ജ് തീര്‍ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ പറഞ്ഞു. സമീപകാലത്തെ ഏറ്റവും കാഠിന്യമേറിയ വേനലാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി പലയിടത്തും ശരാശരി താപനില 40 ഡിഗ്രിക്ക് മുകളിലാണ്. എന്നാല്‍ വരും ദിവസങ്ങളില്‍ ചിലയിടങ്ങളിലെ ചൂട് 52 ഡിഗ്രി വരെയത്തെുമെന്നാണ് കാലാവസ്ഥാകേന്ദ്രങ്ങള്‍ പറയുന്നത്.
കടുത്ത ചൂടുമൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ശാരീരിക ക്ഷമതയില്ലാത്ത പലരെയും മുന്‍ വര്‍ഷങ്ങളില്‍ ദോഷകരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയത്തിന്‍െറ 45 അംഗ ഹജ്ജ് മെഡിക്കല്‍ ടീമിനായി സുരക്ഷിതമായ ഹജ്ജ് ഉറപ്പാക്കാനുള്ള ശില്‍പശാല നടന്നു. ഹജജ് വേളയില്‍ കൂടുതല്‍ ഷെല്‍ട്ടറുകളും വാട്ടര്‍ സ്പ്രെയറുകളും ഒരുക്കുക, മക്കയില്‍ ഹൃദ്രോഗികള്‍ക്കായി പ്രത്യേക കേന്ദ്രം തുടങ്ങുക തുടങ്ങിയ കാര്യങ്ങള്‍ ശില്‍പശാലയില്‍ ചര്‍ച്ചയായി.
മുഹറഖ് മോവന്‍പിക് ഹോട്ടലിലാണ് ശില്‍പശാല നടന്നത്. ചൂടുതന്നെയാണ് ഇത്തവണ മെഡിക്കല്‍ സംഘം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ആരോഗ്യമന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹ്  അഭിപ്രായപ്പെട്ടു. ശില്‍പശാലക്കിടെ പ്രാദേശിക പത്രവുമായി സംസാരിക്കുകയായിരുന്നു അവര്‍. ഹജ്ജ് വേളയില്‍ സൗദിയിലെ ചൂട് 42ഡിഗ്രിക്കും 45 ഡിഗ്രിക്കും ഇടയിലായിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഹജ്ജിന് മുമ്പായി തീര്‍ഥാടകര്‍ക്കിടയില്‍ കൂടുതല്‍ ബോധവത്കരണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
തീര്‍ഥാടകരുടെ ആരോഗ്യം ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കും. ബഹ്റൈന്‍ ഹജ്ജ് മെഡിക്കല്‍ സംഘത്തില്‍ ആരോഗ്യമന്ത്രാലയത്തില്‍ നിന്നുള്ള 40 പേരും ബഹ്റൈന്‍ റെഡ് ക്രെസന്‍റ് സൊസൈറ്റിയില്‍ നിന്നും ബി.ഡി.എഫ്.ആശുപത്രിയില്‍ നിന്നുമുള്ള അഞ്ചുപേരുമാണ് ഉണ്ടാവുക. ഹജ്ജിനായി മന്ത്രാലയം നാല് രീതിയിലുള്ള പദ്ധതികളാണ് പരിഗണിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അസി.അണ്ടര്‍ സെക്രട്ടറി (ഹോസ്പിറ്റല്‍ അഫയേഴ്സ്) ഡോ.വലീദ് അല്‍ മനിഅ പറഞ്ഞു.
ബോധവത്കരണം, പ്രതിരോധം, മാനേജ്മെന്‍റ്, ഫോളോ അപ് എന്നിങ്ങനെയാണ് ഇത് ആലോചിക്കുന്നത്. സൂര്യാഘാതം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എങ്ങനെ പ്രതിരോധിക്കാമെന്നതില്‍ സംഘാംഗങ്ങള്‍ക്ക് മതിയായി പരിശീലനം നല്‍കും.
 പ്രമേഹം, സിക്ക്ള്‍ സെല്‍ അനീമിയ തുടങ്ങിയ അസുഖങ്ങളുള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരും. മിനയില്‍ ഇത്തവണ ബഹ്റൈന്‍ ഒരുക്കുന്ന ക്ളിനിക്കില്‍ ചൂടുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക മേഖല ഒരുക്കും.
ഇതുവഴി തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് രോഗികളെ ചികിത്സിക്കാനാകും. സമീപത്തെ ആശുപത്രികളിലെ സൗകര്യങ്ങളെ കുറിച്ചും സ്റ്റാഫിന് വിവരം നല്‍കും.
തണുത്ത വെള്ളം സ്പ്രെ ചെയ്യാനുള്ള സംവിധാവും ഒരുക്കുന്നുണ്ട്. ഇത് കടുത്ത ചൂടുള്ള പ്രദേശങ്ങളില്‍ ലഭ്യമാക്കും. കഴിഞ്ഞ വര്‍ഷം ഹജ്ജ് വേളയില്‍ മിനയിലെ ചൂട് 42 ഡിഗ്രിയും മക്കയില്‍ 45ഉം അറഫയില്‍ 44ന് മുകളിലുമായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.