ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ വിചാരണ അടുത്ത മാസം

മനാമ: ബഹ്റൈനിലെ നിരവധി ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് കരുതുന്ന ഗ്രൂപ്പില്‍ പെട്ട 138 പേര്‍ അടുത്ത മാസം കോടതിയില്‍ വിചാരണ നേരിടും.
‘സുല്‍ഫിഖര്‍ ബ്രിഗേഡ്സ്’ എന്ന ഈ ഗ്രൂപ്പിന് ഇറാന്‍ പിന്തുണയെണ്ടെന്ന് കരുതുന്നു. അഞ്ചാം ഹൈ ക്രിമിനല്‍ കോടതിയില്‍ ആഗസ്റ്റ് 23നാണ് ഇവരുടെ വിചാരണ നടക്കുക. ഇറാന്‍ നേതൃത്വത്തിന്‍െറയും ഇറാനിയന്‍ റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്സിന്‍െറയും (ഐ.ആര്‍.ജി.സി) പിന്തുണയോടെ ബഹ്റൈനിലെ ഒരു സംഘമാണ് സംഘടന നയിക്കുന്നതെന്നും ഇവരില്‍ പലരും ഇറാനിലും ഇറാഖിലുമായി ഒളിവില്‍ കഴിയുകയാണെന്നും പബ്ളിക് പ്രൊസിക്യൂഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇതില്‍ 86 പേരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തിട്ടുണ്ട്. ശേഷിക്കുന്നവര്‍ ഒളിവിലാണ്.
ഭീകര സംഘടനക്ക് രൂപം നല്‍കി, അതിന്‍െറ നേതൃത്വമായി പ്രവര്‍ത്തിച്ചു, പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു, സ്ഫോടനങ്ങള്‍ നടത്തി, സ്ഫോടക വസ്തുക്കള്‍ കൈവശം വെച്ചു, സ്ഫോടക വസ്തു ഉപയോഗത്തിന് പരിശീലനം നല്‍കി, പൊലീസുകാരെ ദേഹോപദ്രവം ഏര്‍പ്പിക്കുന്നതിനും വധിക്കുന്നതിനും ശ്രമിച്ചു, പൊതുസ്ഥലങ്ങളില്‍ വ്യാജബോംബ് ഭീഷണി ഉയര്‍ത്തി, വിദേശ രാജ്യവുമായി ചേര്‍ന്ന് ഗൂഡാലോചന നടത്തി, അനധികൃത സംഘാടനം, ജനങ്ങളുടെ സ്വത്തിന് നാശം വരുത്തല്‍, പെട്രോള്‍ ബോംബ് കൈവശം വെക്കല്‍ തുടങ്ങിയവയാണ് ഇവര്‍ക്കെതിരായ കുറ്റങ്ങള്‍. സംഘടിത ഭീകര പ്രവര്‍ത്തനത്തിനായി രാജ്യത്തിനകത്തും പുറത്തുമുള്ള വിധ്വംസക ശക്തികളുമായി ഇവര്‍ കൈകോര്‍ത്തിരുന്നു. പൊലീസിന്‍െറ ഭീകരവേട്ട ചെറുക്കുകയായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
ബഹ്റൈനിലെ വിവിധ ആക്രമണങ്ങള്‍ നടത്തിയ ഭീകരസംഘടനയുമായി ബന്ധമുള്ളവര്‍ ഐ.ആര്‍.ജി.സിയുടെ പിന്തുണയോടെ നിരവധി യോഗങ്ങള്‍ ചേര്‍ന്നതായി ജനറല്‍ ഡയറക്ടര്‍ ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍റ് ഫോറന്‍സിക് സയന്‍സസ് പബ്ളിക് പ്രൊസിക്യൂഷന് നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കിയതായി ടെറര്‍ ക്രൈം പ്രൊസിക്യൂഷന്‍ ആക്ടിങ് ചീഫ് പ്രൊസിക്യൂട്ടര്‍ ഹമദ് ഷാഹീന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ബഹ്റൈനിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ ഒരു സംഘടനക്കു കീഴില്‍ ഏകീകരിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. തുടര്‍ന്ന് ‘സുല്‍ഫിഖര്‍ ബ്രിഗേഡ്സ്’ എന്ന പേരില്‍ സംയോജിത ഭീകര സംഘടന ഉണ്ടാക്കി പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാം എന്നും ഇവര്‍ കരുതി. ഭീകരാക്രമണങ്ങള്‍ നടത്താനുള്ള സാമഗ്രികളുടെ കുറവും അത് ഉപയോഗിക്കുന്നതിലുള്ള പരിശീലനമില്ലായ്മയും ഇവര്‍ അനുഭവിച്ചിരുന്നു. ഈ പ്രതിസന്ധി മറികടക്കാനാണ് രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ ഒരുമിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്നാണ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അറസ്റ്റും സ്ഫോടക വസ്തുശേഖരം പിടികൂടിയ സംഭവവും ഉണ്ടാകുന്നത്.
പരിശീലനം ലഭിച്ചവര്‍ രാജ്യത്ത് ഇതിനകം നിരവധി ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഭീകര സംഘടനാ നേതാക്കള്‍ പുതിയ ആളുകളെ റിക്രൂട്ട് ചെയ്യുകയും അവര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തിരുന്നു. ചിലര്‍ക്ക് ഇറാനില്‍ നിന്ന് നേരിട്ടാണ് പരിശീലനം ലഭിച്ചത്. സ്വയം പ്രതിരോധം, പൊലീസുമായുള്ള ഏറ്റുമുട്ടല്‍, പൊതുനിരീക്ഷണം, ലക്ഷ്യം വെക്കുന്ന കെട്ടിടങ്ങളുടെ നിരീക്ഷണം, ആയുധ ശേഖരണം, ഒളിവുകേന്ദ്രമൊരുക്കല്‍ എന്നിവയിലാണ് പരിശീലനം നേടിയത്. ഭീകര പദ്ധതികള്‍ നടപ്പാക്കാനായി അറസ്റ്റിലായവരില്‍ പലരും രാജ്യത്തെ പല കേന്ദ്രങ്ങളും നിരീക്ഷിച്ച് വരികയായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.