ഖുബൂസിലും മറ്റും ഉപ്പിന്‍െറ അളവ് കൂടിയാല്‍ പിഴ ഈടാക്കാന്‍ നീക്കം

മനാമ: ഉപ്പിന്‍െറ അമിത ഉപയോഗം ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന സാഹചര്യത്തില്‍ ബഹ്റൈനിലെ ജനപ്രിയ ഭക്ഷണമായ ഖുബൂസിലും മറ്റും ഉപ്പിന്‍െറ അംശം കൂടിയാല്‍ പിഴ ഈടാക്കുന്നതിനെ കുറിച്ച് അധികൃതര്‍ ആലോചിക്കുന്നു. 
മറ്റുരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ബഹ്റൈന്‍ ജനത കൂടുതല്‍ ഉപ്പ് ഉപയോഗിക്കുന്നവരാണ്. ഇതാകട്ടെ, നിരവധി രോഗങ്ങള്‍ക്കും കാരണമാകുന്നു. ഖുബൂസിലും മറ്റും ചേര്‍ക്കുന്ന ഉപ്പിന്‍െറ അളവില്‍ നിയന്ത്രണം കൊണ്ടുവരാന്‍ മാര്‍ഗരേഖ തയാറാക്കുന്നതിനെ കുറിച്ച് ആരോഗ്യമന്ത്രാലയ അധികൃതര്‍ ആലോചിക്കുകയാണ്. 
ഇത് നിലവില്‍ വന്നാല്‍, രാജ്യത്തെ 500 ലധികമുള്ള ബേക്കറികള്‍ ഈ നിര്‍ദേശം പാലിക്കേണ്ടി വരും. ലോകാരോഗ്യ സംഘടനയുടെ അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് പ്രായപൂര്‍ത്തിയായ ആള്‍ക്ക് ഒരു ദിവസം കഴിക്കാവുന്ന ഉപ്പിന്‍െറ അളവ് അഞ്ച് ഗ്രാം മാത്രമാണ്. (2000 എം.ജി സോഡിയം). എന്നാല്‍ ബഹ്റൈനില്‍ പ്രതിശീര്‍ഷ ഉപ്പ് ഉപയോഗം ദിനംപ്രതി പുരുഷന്‍മാരില്‍ 5,300 എം.ജിയും സ്ത്രീകളില്‍ 3,730 എം.ജിയുമാണെന്നാണ് ആരോഗ്യ അധികൃതര്‍ കണ്ടത്തെിയത്. ഇത് രക്തസമ്മര്‍ദ്ദം ഉള്‍പ്പെടെ നിരവധി പ്രശ്നങ്ങള്‍ക്ക് കാരണമാവുകയാണ്. 
ഖുബൂസ് നിര്‍മ്മാണത്തിലും മറ്റും മാവില്‍ കൂടുതല്‍ ഉപ്പുചേര്‍ത്താല്‍ പിഴ ഈടാക്കാനാണ് ആലോചന. ഈ സാഹചര്യത്തില്‍ കടക്കാര്‍ ജാഗ്രത പാലിക്കുമെന്ന് അധികൃതര്‍ കരുതുന്നു. ബ്രഡ് ഇനങ്ങളുടെ നിര്‍മ്മാണത്തില്‍ ഉപയോഗിക്കേണ്ട ഉപ്പിന്‍െറ അളവാണ് നിയന്ത്രിക്കുക. അരിയേക്കാള്‍ കൂടുതല്‍ ബഹ്റൈനില്‍ ഉപയോഗിക്കുന്നത് ഗോതമ്പ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഖുബൂസ് ആണെന്നതിനാലാണിത്. ഖുബൂസ്, പിസ, ബ്രെഡ്, സാന്‍ഡ്വിച്ച്, ബെര്‍ഗര്‍ എന്നിവയെല്ലാം ബഹ്റൈനില്‍ വലിയ തോതില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. നിര്‍ദേശം നടപ്പിലാക്കുന്നതിന്‍െറ മുന്നോടിയായി വ്യവസായ, വാണിജ്യ,ടൂറിസം മന്ത്രാലയ പ്രതിനിധികളുമായി യോഗം ചേരും. 
ആദ്യഘട്ടത്തില്‍ ഖുബൂസ് നിര്‍മ്മാണ സ്ഥാപനങ്ങളിലാണ് നിര്‍ദേശം നടപ്പാക്കുക. വര്‍ഷങ്ങളായി സ്വന്തം രീതിയില്‍ കൂട്ട് തയാറാക്കുന്ന കടക്കാര്‍ക്ക് പുതിയ നിര്‍ദേശം പാലിക്കാന്‍ തുടക്കത്തില്‍ ബുദ്ധിമുട്ടായിരിക്കുമെന്നും അതുകൊണ്ട്, തീരുമാനം നടപ്പില്‍ വരുത്താന്‍ കൂടുതല്‍ ശ്രദ്ധ വേണ്ടിവരുമെന്നുമുള്ള അഭിപ്രായം അധികൃതര്‍ക്കുണ്ട്. നിര്‍മ്മാതാക്കളില്‍ അവബോധം സൃഷ്ടിക്കാനും നിര്‍ദേശം പാലിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാനും ആലോചിക്കുന്നുണ്ട്. സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസ്യത നേടാനും സാധിക്കും. 
ബഹ്റൈനിലെ പുതുതലമുറയില്‍ പൊണ്ണത്തടി ഉള്‍പ്പെടെയുള്ള നിരവധി പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അധികൃതര്‍ ആരോഗ്യവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പരിഗണിക്കുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടം എന്ന നിലയില്‍ ഇറക്കുമതി ചെയ്ത ബ്രെഡും പരിശോധനക്ക് വിധേയമാക്കും. വലിയ വില്‍പനയുള്ള പഞ്ചസാര അടങ്ങിയ പാനീയങ്ങളും പരിശോധിക്കും.
 പൊണ്ണത്തടി സാമൂഹിക ബാധ്യതയായി തീരുന്ന സാഹചര്യത്തില്‍ യു.കെ. നിശ്ചിത അളവില്‍ കൂടുതല്‍ പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ക്ക് നികുതി തന്നെ ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ്. 100 മില്ലി ലിറ്ററില്‍ അഞ്ച് ഗ്രാമില്‍ കൂടുതല്‍ പഞ്ചസാരയുള്ള പാനീയങ്ങള്‍ക്കാണ് നികുതി പരിഗണിക്കുന്നത്. 
ഇത്തരം നികുതികള്‍ വരുന്നതോടെ, ജനങ്ങളില്‍ അവബോധം വര്‍ധിക്കുമെന്നും സാധനങ്ങളുടെ വില കൂടുന്നതിനാല്‍ ഉപഭോഗം കുറയുമെന്നും അധികൃതര്‍ കരുതുന്നു. ജി.സി.സി രാജ്യങ്ങളും ഇത്തരം കാര്യങ്ങള്‍ പരിഗണിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.