അട്ടിമറി ലക്ഷ്യമിട്ട് ആയുധക്കടത്ത് : ആറുപേര്‍ക്ക് ജീവപര്യന്തം 

മനാമ: സര്‍ക്കാറിനെ അട്ടിമറിക്കുകയെന്ന ലക്ഷ്യവുമായി ബഹ്റൈനിലേക്ക് വലിയ തോതില്‍ ആയുധങ്ങളും സ്ഫോടക വസ്തുക്കളും കടത്തിയ ഭീകര ഗ്രൂപ്പില്‍ അംഗമായ ആറുപേര്‍ക്ക് ഹൈക്രിമിനല്‍ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. മറ്റ് രണ്ടുപേര്‍ക്ക് 15 വര്‍ഷവും തടവുശിക്ഷ വിധിച്ചു. 
ഇവരുടെ പൗരത്വവും റദ്ദാക്കും. 20നും 35നുമിടയില്‍ പ്രായമുള്ളവരാണ് പ്രതികള്‍. ഇവര്‍ക്ക് ഇറാനില്‍ നിന്ന് പരിശീലനം ലഭിച്ചതായി പറയുന്നു. 
ബഹ്റൈനിലേക്ക് 2012മുതല്‍ സ്ഫോടക വസ്തുക്കള്‍ കടത്തിയെന്നതാണ് പ്രതികള്‍ക്കെതിരായ പ്രധാന കുറ്റം. ഇതില്‍ അഞ്ചുപേര്‍ മാത്രമാണ് കസ്റ്റഡിയിലുള്ളത്. ബാക്കിയുള്ളവര്‍ ഒളിവിലാണ്. ഇവരുടെ അസാന്നിധ്യത്തിലാണ് വിധി വന്നത്. 
2011ലെ സംഭവങ്ങള്‍ക്കുശേഷമാണ് ഇവര്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തത്. 
തുടര്‍ന്ന് ഇറാനിലുള്ള ചിലരുമായി ബന്ധം സ്ഥാപിച്ചു. വിദേശ സഹായത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് നീക്കിയത്. 
ബഹ്റൈനില്‍ ഭീകരാക്രമണങ്ങള്‍ നടത്താനായി ചെറുപ്പക്കാര്‍ക്ക് പരിശീലനം നല്‍കുക എന്നതിലാണ് ഇവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. വിധിക്കെതിരെ സുപ്രീം ക്രിമിനല്‍ അപ്പീല്‍ കോടതിയില്‍ ഹരജി നല്‍കുമെന്ന് പ്രതിഭാഗം അഭിഭാഷകര്‍ വ്യക്തമാക്കി. 
ആയുധങ്ങളുമായി ബഹ്റൈന്‍ ലക്ഷ്യമാക്കി വരുന്ന ബോട്ട് കഴിഞ്ഞ വര്‍ഷം ജൂലൈ 15നാണ് അധികൃതര്‍ തടഞ്ഞത്. 
ബോട്ടില്‍ നിന്ന് രണ്ടുപേരെ പിടികൂടുകയും ചെയ്തു. 
പൊലീസിനെ കണ്ടതോടെ ആയുധ ശേഖരം മുക്കാന്‍ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. എട്ട് എ.കെ.47 തോക്കുകളും 539 തിരകളും, ഗ്രനേഡ് ലോഞ്ചറും, റൈഫിളും മറ്റ് നിരവധി സ്ഫോടക വസ്തുക്കളുമാണ് അന്ന് പിടികൂടിയത്. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.