സുരക്ഷാ നടപടികള്‍ ജാഗ്രതയോടെ  –ഖമീസ് പൊലീസ് മേധാവി

മനാമ: സുരക്ഷാ-നിയമ നടപടികള്‍ അതീവ ജാഗ്രതയോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ഖമീസ് പൊലീസ് സ്റ്റേഷന്‍ മേധാവി മേജര്‍ അബ്ദുല്ല ഖലീഫ അല്‍ജീറാന്‍ വ്യക്തമാക്കി. പ്രതികളുടെ അറസ്റ്റ്, റിമാന്‍റ്, ചോദ്യം ചെയ്യല്‍ തുടങ്ങിയ വിഷയങ്ങളില്‍ ആഭ്യന്തര മന്ത്രാലയത്തിന്‍െറ വ്യക്തമായ നിര്‍ദേശങ്ങളുണ്ട്. പ്രതികളോട് മോശമായ രീതിയില്‍ ഇടപെടുന്ന ശൈലിയല്ല സ്വീകരിക്കുന്നത്. കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരോട് തികച്ചും മാന്യമായാണ് പെരുമാറുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. പുതിയ തലമുറയെ അക്രമങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തേണ്ടത് അനിവാര്യമാണ്. കുട്ടികള്‍ക്ക് സാമൂഹിക പെരുമാറ്റ രീതികള്‍ പകര്‍ന്ന് കൊടുക്കേണ്ട ഉത്തരവാദിത്തം സ്കൂളുകളിലെ അധ്യാപകര്‍ക്കുണ്ട്. മയക്കുമരുന്ന്, അക്രമം എന്നിവ ചെറുക്കുന്നതിന് നടപ്പാക്കുന്ന പദ്ധതി വളരെ ഫലപ്രദമാണ്. വിദ്യാഭ്യാസ കാലഘട്ടത്തിലാണ് കുട്ടികളില്‍ മൂല്യങ്ങള്‍ ആഴത്തില്‍ പതിയേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു. കമ്മ്യൂണിറ്റി പൊലീസിന്‍െറ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയത് തര്‍ക്കങ്ങളും വഴക്കുകളും ഒരു പരിധി വരെ തടയിടാന്‍ കാരണമായിട്ടുണ്ട്. മാളുകളിലും മാര്‍ക്കറ്റുകളിലും പൊതുസ്ഥലങ്ങളിലും ഇവരുടെ ഇടപെടലുകള്‍ ഫലപ്രദമാകുന്നുണ്ട്. യുവാക്കളിലും കൗമാരക്കാരിലും അക്രമവാസനയും തര്‍ക്കങ്ങളും ഉടലെടുക്കുന്നതിന്‍െറ കാരണം രക്ഷിതാക്കളില്‍ നിന്നും ഉറ്റവരില്‍ നിന്നുമുള്ള മോശം പെരുമാറ്റമാണെന്ന് അദ്ദേഹം വിലയിരുത്തി. വിദ്വേഷം ജനിപ്പിക്കുന്ന മതപ്രസംഗങ്ങളും അക്രമത്തിന് പ്രേരണ നല്‍കുന്ന ആഹ്വാനങ്ങളും ഇവരെ സ്വാധീനിക്കുന്നുണ്ട്. 
ആഗോള തലത്തില്‍ എല്ലാ വര്‍ഷവും 10നും 29 നും ഇടയില്‍ പ്രായമുള്ളവരില്‍ നിന്ന് രണ്ട്ലക്ഷം കൊലക്കുറ്റവാളികള്‍ ഉണ്ടാകുന്നുണ്ട്. മൊത്തം കൊലക്കുറ്റവാളികളുടെ 43 ശതമാനം വരുമിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.