മനാമ: വര്‍ഷങ്ങളായി ബഹ്റൈനിലുള്ള സഹോദരങ്ങളെയും അടുത്തിടെ ജോലിക്കത്തെിയ മകനെയും സന്ദര്‍ശിക്കാനാണ് വടകര ചോറോട് വൈക്കിലിശ്ശേരി സ്വദേശി സുരേന്ദ്രന്‍ മാസ്റ്റര്‍ ഒരുമാസം മുമ്പ് ഇവിടെയത്തെിയത്. എന്നാല്‍ ചൊവ്വാഴ്ച അദ്ദേഹം വിടപറയുന്നത് ബഹ്റൈനിലെ ഒട്ടേറെ പ്രവാസി കുട്ടികളുടെ സ്നേഹം സ്വന്തമാക്കിയും. നൊടിയിടയില്‍ കടലാസും മറ്റ് വസ്തുക്കളും കൊണ്ട് കരകൗശല വസ്തുക്കള്‍ നിര്‍മിക്കുന്ന സുരേന്ദ്രന്‍ മാസ്റ്റര്‍ അക്ഷരാര്‍ഥത്തില്‍ കുട്ടികളെ കൈയിലെടുക്കുകയായിരുന്നു. ഒറിഗാമി എന്ന കലയിലൂടെ അദ്ദേഹം കടലാസ് കൊണ്ട് നിര്‍മിച്ച തത്തയും തവളയും കാക്കയുമെല്ലാം അവരുടെ ഇഷ്ട ചങ്ങാതിമാരായി മാറിക്കഴിഞ്ഞിരിക്കുന്നു.
ചൊക്ളി ഒളവിലം യു.പി സ്കൂളിലെ ക്രാഫ്റ്റ് അധ്യാപകനായിരുന്ന സുരേന്ദ്രന്‍ മാസ്റ്റര്‍ ഒന്നര വര്‍ഷം മുമ്പ് വിരമിച്ചു. ബഹ്റൈനില്‍ കോള്‍ഡ് സ്റ്റോര്‍ നടത്തുന്ന സഹോദരങ്ങള്‍ ഏറെക്കാലമായി ഇങ്ങോട്ട് ക്ഷണിക്കുന്നു. അങ്ങനെയാണ് ഒരുമാസത്തെ സന്ദര്‍ശക വിസയില്‍ ബഹ്റൈനിലത്തെിയത്.
സാമൂഹിക പ്രവര്‍ത്തകനായ രാമത്ത് ഹരിദാസിനെ യാദൃശ്ചികമായി പരിചയപ്പെട്ടത് വഴിത്തിരിവായി. മാസ്റ്ററുടെ കരവിരുത് തിരിച്ചറിഞ്ഞ ഹരിദാസ് ശ്രീനാരായണ കള്‍ചറല്‍ സൊസൈറ്റിയില്‍ കുട്ടികള്‍ക്ക് ഒറിഗാമി പരിശീലനത്തിന് അവസരമൊരുക്കി. കുട്ടികള്‍ ആവേശത്തോടെയാണ് ഇതിനോട് പ്രതികരിച്ചത്. പേള്‍ ഓഫ് ബഹ്റൈന്‍ അടക്കം നിരവധി സംഘടനകള്‍ കുട്ടികള്‍ക്കായി പരിശീലന ക്ളാസുകള്‍ സംഘടിപ്പിച്ചു. ഒരുമാസം ഒരാഴ്ച പോലെയാണ് കടന്നുപോയതെന്ന് മാസ്റ്റര്‍ പറയുന്നു.
ജാപ്പനീസ് വിനോദമായ ഒറിഗാമി സുരേന്ദ്രന്‍ മാസ്റ്റര്‍ നിരന്തര പരിശീലനത്തിലൂടെ പഠിച്ചെടുത്തതാണ്. സംസ്ഥാന സ്കൂള്‍ പ്രവൃത്തിപരിചയ മേളയില്‍ ഇദ്ദേഹത്തിന്‍െറ ശിഷ്യന്മാര്‍ 25ഓളം ഇനങ്ങളില്‍ മത്സരിക്കാറുണ്ടായിരുന്നു. ചുടിപ്പട നിര്‍മാണത്തില്‍ അടക്കം പലരും ഒന്നാം സ്ഥാനവും കരസ്ഥമാക്കി. ക്രിസ്മസ് വേളയില്‍ നക്ഷത്രമുണ്ടാക്കാന്‍ നാട്ടുകാരായ കുട്ടികള്‍ മാസ്റ്ററെയാണ് സമീപിക്കാറുള്ളത്. സൗജന്യമായി അദ്ദേഹം എല്ലാവര്‍ക്കും ക്രിസ്മസ് നക്ഷത്രം ഉണ്ടാക്കി നല്‍കുകയും ചെയ്യും. ബുക് ബൈന്‍ഡിങ്, ക്ളേ മോഡലിങ്, വെജിറ്റബിള്‍ പ്രിന്‍റിങ് തുടങ്ങിയവയിലും ഇദ്ദേഹം പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുണ്ട്. കോഴിക്കോട് ദയാപുരം അടക്കം നിരവധി സ്കൂളുകളില്‍ മാസ്റ്റര്‍ ഇപ്പോഴും ക്ളാസെടുക്കുന്നു. അവസരം ലഭിച്ചാല്‍ ഇനിയും ബഹ്റൈനിലത്തെണമെന്നും കൂടുതല്‍ പേര്‍ക്ക് കരവിരുത് പകര്‍ന്നുനല്‍കണമെന്നും മാസ്റ്റക്ക് ആഗ്രഹമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.