സുരേന്ദ്രന്‍ എവിടെ? കുടുംബം കാത്തിരിക്കുന്നു

മനാമ: ‘26 വര്‍ഷം മുമ്പുള്ളൊരു ദിവസം. അന്നാണ് ഇളയ സഹോദരന്‍ സുരേന്ദ്രന്‍ എന്ന ബാബു നാടുവിട്ട് പോയത്. പിതാവുമായി വഴക്കിട്ടായിരുന്നു യാത്ര. പിന്നീട് അവനെക്കുറിച്ച് ഒരു വിവരവുമില്ല. നാലുവര്‍ഷം മുമ്പ് ബന്ധു ഒമാനില്‍ വെച്ച് കണ്ടതായി പറയുന്നു. എന്നാല്‍ വീട്ടുകാരുമായി ഇനിയും ബന്ധപ്പെട്ടിട്ടില്ല. പ്രായമായ പിതാവും മാതാവും അവന്‍െറ വരവിനായി കാത്തിരിക്കുകയാണ്’. 
ഇതുപറയുമ്പോള്‍ മുഹറഖില്‍ വര്‍ക്ഷോപ്പ് മെക്കാനിക്കായി ജോലി ചെയ്യുന്ന കൊല്ലം ശാസ്താംകോട്ട സ്വദേശി വിക്രമന്‍െറ കണ്ഠമിടറി. 33 വര്‍ഷമായി ബഹ്റൈനില്‍ പ്രവാസ ജീവിതം നയിക്കുന്ന വിക്രമന്‍ എന്ന രവീന്ദ്രനും കൂടപ്പിറപ്പിനെ ഒരുനോക്ക് കാണാനുള്ള ആഗ്രഹത്തിലാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സുരേന്ദ്രന്‍െറ ചിത്രവുമായി ഇപ്പോഴും അന്വേഷണത്തിലാണ് ജ്യേഷ്ഠന്‍. 
ശാസ്താംകോട്ട ചെറക്കട വടക്കേതില്‍ ദിവാകരന്‍- രാജമ്മ ദമ്പതികളുടെ മകനായ സുരേന്ദ്രന്‍ നിസ്സാര കാര്യത്തിന് പിതാവുമായുള്ള വഴക്കിനെ തുടര്‍ന്നാണ് വീടുവിട്ടതെന്ന് വിക്രമന്‍ പറയുന്നു. കുറേനാള്‍ മുംബൈക്കടുത്തുള്ള താനെയില്‍ ജോലി ചെയ്തിരുന്നു. അപ്പോള്‍ ഇടക്കെല്ലാം വീട്ടിലേക്ക് കത്തെഴുതുമായിരുന്നു. ഒരിക്കല്‍ സുഖമില്ലാതെ കിടപ്പിലായപ്പോള്‍ വീട്ടില്‍ നിന്ന് പണം അയച്ചുകൊടുത്തു. പിന്നീട് കത്തുകള്‍ നിലച്ചു. 
താനെ മേല്‍വിലാസത്തില്‍ അയച്ച കത്തുകള്‍ ആളെ കണ്ടുപിടിക്കാനാകാതെ തിരിച്ചുവന്നു. വീട്ടുകാര്‍ പലയിടത്തും അന്വേഷിച്ചെങ്കിലും ഒരുവിവരവും ലഭിച്ചില്ല. 
അങ്ങനെയിരിക്കെയാണ് അമ്മാവന്‍െറ മകന്‍ ഒമാനില്‍ വെച്ച് യാദൃശ്ചികമായി സുരേന്ദ്രനെ കാണുന്നത്. പിതാവിന്‍െറ ടെലിഫോണ്‍ നമ്പര്‍ വാങ്ങി കുറേ നേരം സംസാരിച്ചു. ബഹ്റൈനിലുള്ള വിക്രമനുമായും ഫോണില്‍ സംസാരിച്ചു. പിണക്കം മാറിയതായും പിതാവിനെ കാണാന്‍ ഉടന്‍ നാട്ടിലത്തൊമെന്നും ഉറപ്പുനല്‍കി. 
എന്നാല്‍ ഇത്രയും നാളായിട്ടും നാട്ടിലത്തെുകയോ പിന്നീട് വിളിക്കുകയോ ചെയ്തിട്ടില്ളെന്ന് വിക്രമന്‍ പറയുന്നു. സുരേന്ദ്രന്‍െറ വിവാഹം കഴിഞ്ഞതായും രണ്ട് മക്കളുള്ളതായും വിവരമുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. എങ്ങനെയെങ്കിലും സുരേന്ദ്രനെ കണ്ടുപിടിക്കണമെന്ന ലക്ഷ്യത്തോടെയാണ് വിക്രമന്‍ ഗള്‍ഫ് മാധ്യമത്തെ സമീപിച്ചത്. വീടിനടുത്ത് ചെറിയ പെട്ടിക്കട നടത്തി ഉപജീവനം നടത്തിയിരുന്ന പിതാവ് ദിവാകരന്‍ പ്രായാധിക്യം മൂലമുള്ള അവശതയിലാണ്. തന്നെ കാണാന്‍ സുരേന്ദ്രന്‍ ഉടന്‍ എത്തും എന്ന വിശ്വാസത്തിലാണ് ഇദ്ദേഹം. 00973 39280479 എന്ന നമ്പറില്‍ വിക്രമനുമായും 0091 9995358595 എന്ന നമ്പറില്‍ ദിവാകരനുമായും ബന്ധപ്പെടാം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.