ബഹ്റൈനില്‍ പെട്രോള്‍ വില കുത്തനെ കൂട്ടി

മനാമ: ആഗോള വിപണിയില്‍ എണ്ണ വിലയിടിവിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ബഹ്റൈനില്‍ പെട്രോള്‍ വില കുത്തനെ വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 60 ശതമാനം വരെയാണ് വില കൂട്ടിയത്. പുതിയ വില തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. വില കൂട്ടിയ വാര്‍ത്തയറിഞ്ഞ് പെട്രോള്‍ പമ്പുകളില്‍ വന്‍ തിരക്കാണ് തിങ്കളാഴ്ച അനുഭവപ്പെട്ടത്. 
 
100 ഫില്‍സ് ഉണ്ടായിരുന്ന മുംതാസ് പെട്രോളിന് 160 ആയും 80 ഫില്‍സ് ഉണ്ടായിരുന്ന ജയ്യിദ് പെട്രോളിന് 125 ആയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. നാഷണല്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് അതോറിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് വില വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനമെടുത്തതെന്ന് ഊര്‍ജ മന്ത്രി ഡോ. അബ്ദുല്‍ ഹുസൈന്‍ ബിന്‍ അലി മിര്‍സ പറഞ്ഞു. ആഗോള വിപണിയില്‍ എണ്ണ വില 60 ശതമാനത്തലധികം കുറഞ്ഞ സാഹചര്യത്തില്‍ പെട്രോള്‍ വില വര്‍ധിപ്പിക്കാതെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
വരുമാനം വൈവിധ്യവത്കരിക്കാനും രാജ്യ പുരോഗതിക്കും വില വര്‍ധന അനിവാര്യമാണ്. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ഇതിലൂടെ മറികടക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 33 വര്‍ഷത്തിന് ശേഷമാണ് പെട്രോള്‍ വില വര്‍ധിപ്പിക്കുന്നത്. ഇന്ധന ഉപഭോഗം കുറക്കാനും അതിലൂടെ പരിസ്ഥിതി സംരക്ഷണത്തിനും വില വര്‍ധന വഴിവെക്കും. മറ്റ് ജി.സി.സി രാജ്യങ്ങളിലേതിന് സമാനമായ വില വര്‍ധനയാണ് ബഹ്റൈനിലും നടപ്പാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
 
ജനുവരി ഒന്ന് മുതല്‍ ഡീസല്‍, മണ്ണെണ്ണ സബ്സിഡി സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. വിദേശികള്‍ക്ക് മാംസ സബ്സിഡി നേരത്തെ എടുത്തുകളയുകയും വൈദ്യുതി- വെള്ളം നിരക്ക് മാര്‍ച്ച് ഒന്ന് മുതല്‍ കൂട്ടാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതിന് പുറമെ പെടോളിനും വില കൂട്ടിയത് മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയാകും. മറ്റ് ഗള്‍ഫ് രാജ്യങ്ങളെക്കാള്‍ ചെലവ് കുറവാണെന്നതിനാല്‍ ശരാശരി വരുമാനക്കാരും കുടുംബത്തോടൊപ്പമാണ് ഇവിടെ താമസിക്കുന്നത്. പുതിയ സാഹചര്യത്തില്‍ പലര്‍ക്കും കുടുംബത്തെ നാട്ടിലയക്കേണ്ടിവരും. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.