ഒഴിഞ്ഞ കസേരകള്‍ സാക്ഷിയാക്കി  പ്രവാസി ഭാരതീയ ദിവസ്

മനാമ: ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ബഹ്റൈനില്‍ നടത്തിയ ആദ്യ പ്രവാസി ഭാരതീയ ദിവസ് വഴിപാടായി. ഈസ ടൗണ്‍ ഇന്ത്യന്‍ സ്കൂളില്‍ നടന്ന പരിപാടിയില്‍ ഗൗരവതരമായ ചര്‍ച്ചകളൊന്നും നടന്നില്ളെന്ന് മാത്രമല്ല, സദസ്സ് വളരെ ശുഷ്കവുമായിരുന്നു. 
പ്രവാസി സംഘടനാ നേതാക്കളെ ക്ഷണിച്ചുവരുത്തിയിരുന്നെങ്കിലും ആര്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കിയില്ല. മുന്‍ പ്രവാസി സമ്മാന്‍ അവാര്‍ഡ് ജേതാക്കളായ കുറച്ചുപേര്‍ പ്രസംഗം എഴുതി വായിക്കുകയാണ് ചെയ്തത്. 
വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍െറ വിഡിയോ സന്ദേശം ഉണ്ടാകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതും നടന്നില്ല. ഇതിന്‍െറ കാരണം സദസ്യരെ അറിയിക്കാന്‍ പോലും അധികൃതര്‍ തയാറായില്ളെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പരിപാടിയുടെ തുടക്കത്തിലോ അവസാനത്തിലോ ദേശീയഗാനാലാപനം പോലും ഉണ്ടായിരുന്നില്ളെന്നത് ഗുരുതരമായ പിഴവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.  
നാലുമണിക്ക് പരിപാടി തുടങ്ങാനാണ് നിശ്ചയിച്ചിരുന്നത്. അതിഥികളും സദസ്യരും എത്താന്‍ വൈകിയതിനാല്‍ 4.40 ആയി തുടങ്ങാന്‍. അംബാസഡറും വിശിഷ്ട വ്യക്തികളും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തശേഷം ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികളായിരുന്നു. 
സിനിമാറ്റിക് ഡാന്‍സും ഭാംഗ്ര, ഗുജറാത്തി, തമിഴ്നാട്, കേരള നൃത്തങ്ങളും അരങ്ങേറി. ഖുര്‍ശിദ് ആലമിന്‍െറ വക ഉര്‍ദു കവിതാപാരായണവും ഉണ്ടായിരുന്നു. ഒരുമണിക്കൂറോളം നീണ്ട കലാപരിപാടികള്‍ അവസാനിച്ചപ്പോള്‍ തന്നെ സദസ്യരില്‍ പകുതിയും എഴുന്നേറ്റുപോയി. പരിപാടികള്‍ അവതരിപ്പിച്ച കുട്ടികളുടെ രക്ഷിതാക്കളായിരുന്നു സദസ്യരില്‍ ഭൂരിഭാഗവും. ഒഴിഞ്ഞ കസേരകളെ സാക്ഷിയാക്കിയായിരുന്നു പിന്നീട് അംബാസഡറുടെ പ്രസംഗം. 
അദ്ദേഹമാകട്ടെ കേന്ദ്രസര്‍ക്കാറിന്‍െറ നേട്ടങ്ങള്‍ വിശദീകരിക്കുകയാണ് ചെയ്തത്. ഇതിന് ശേഷം ഡോ. രവി പിള്ള, സോമന്‍ ബേബി, പി.വി. രാധാകൃഷ്ണ പിള്ള, ഡോ.ചെറിയാന്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രമേയം അവതരിപ്പിച്ചു. എന്നാല്‍ പ്രവാസികള്‍ അഭിമുഖീകരിക്കുന്ന ഗൗരവമുള്ള പ്രശ്നങ്ങളൊന്നും ഈ പ്രമേയങ്ങളില്‍ ഉയര്‍ന്നുവന്നില്ല. ഇത് കേള്‍ക്കാന്‍ മുന്‍നിരയില്‍ വളരെ കുറച്ചുപേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ത്യന്‍ എംബസി ചീഫ് ഓഫ് മിഷന്‍ രാംസിങിന്‍െറ നന്ദി പ്രകടനത്തോടെ പരിപാടി അവസാനിക്കുകയും ചെയ്തു. വന്നവര്‍ക്കെല്ലാം ചായ സല്‍ക്കാരം ഒരുക്കിയിരുന്നു.  
പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എല്ലാവര്‍ഷവും ഇന്ത്യയില്‍ നടത്തിവന്നിരുന്ന സമ്മേളനം ഈ വര്‍ഷം വിവിധ വിദേശരാജ്യങ്ങളില്‍ തന്നെ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തീരുമാനമെടുത്തിരുന്നു. ഇതനുസരിച്ചാണ് ബഹ്റൈന്‍ ഇന്ത്യന്‍ എംബസി പരിപാടി സംഘടിപ്പിച്ചത്. വിവിധ പ്രവാസി സംഘടനാ നേതാക്കളെ ക്ഷണിച്ചിരുന്നുവെങ്കിലും പൊതുജന പങ്കാളിത്തം ഉറപ്പുവരുത്താന്‍ എംബസി നടപടി സ്വീകരിക്കാതിരുന്നത് മൂലമാണ് മോശം പ്രതികരണം ഉണ്ടായതെന്ന് അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. എല്ലാവര്‍ഷവും ഇന്ത്യയില്‍ നടന്നിരുന്ന പ്രവാസി ഭാരതീയ ദിവസില്‍ പേരിനെങ്കിലും ചര്‍ച്ചകളും മറ്റും നടന്നിരുന്നു. എന്നാല്‍ ബഹ്റൈനില്‍ നടന്ന പരിപാടി തീര്‍ത്തും പ്രഹസനമായി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.