പ്രവാസി ഭാരതീയ ദിവസ് ഒമ്പതിന് ഇന്ത്യന്‍ സ്കൂളില്‍

മനാമ: ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഒമ്പതിന് ഈസ ടൗണ്‍ ഇന്ത്യന്‍ സ്കൂളില്‍ നടക്കുമെന്ന് ഇന്ത്യന്‍ എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. വൈകിട്ട് നാലുമുതല്‍ ആറുവരെയാണ് പരിപാടി. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എല്ലാവര്‍ഷവും ഇന്ത്യയില്‍ നടത്തിവന്നിരുന്ന സമ്മേളനം ഈ വര്‍ഷം വിവിധ വിദേശരാജ്യങ്ങളില്‍ തന്നെ നടത്താന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനമെടുത്തിരുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ടെലികോണ്‍ഫറന്‍സിലൂടെ സമ്മേളനത്തെ അഭിസംബോധന ചെയ്യും. 
വൈകിട്ട് നാലിന് തുടങ്ങുന്ന പരിപാടിയില്‍ അംബാസഡറുടെ സ്വാഗത പ്രസംഗത്തിന് ശേഷം വിവിധ കലാപരിപാടികള്‍ നടക്കും. തുടര്‍ന്ന് മന്ത്രി സുഷമ സ്വരാജിന്‍െറ ടെലികോണ്‍ഫറന്‍സ്. ബഹ്റൈനിലെ ഇന്ത്യന്‍ സമൂഹത്തെ ബാധിക്കുന്ന വിവിധ വിഷയങ്ങളിലുള്ള ചര്‍ച്ചയാണ് പിന്നീട്. ചായ സല്‍ക്കാരവും ഒരുക്കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ വിപ്രവാസം അവസാനിപ്പിച്ച് ഗാന്ധിജി 1915ല്‍ ഇന്ത്യയിലേക്ക് മടങ്ങിയതിന്‍െറ ഓര്‍മ പുതുക്കല്‍ കൂടി ലക്ഷ്യമിട്ട് 2003 മുതലാണ് ജനുവരി ഒമ്പതിന് പ്രവാസി ഭാരതീയ ദിവസ് ദിനാചരണം സംഘടിപ്പിച്ചു തുടങ്ങിയത്. പ്രവാസി ഭാരതീയ ദിവസ് സമ്മേളനം രണ്ടുവര്‍ഷത്തിലൊരിക്കല്‍ മാത്രം വിപുലമായി നടത്തിയാല്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ഒക്ടോബറില്‍ തീരുമാനിച്ചിരുന്നു. 2016ലെ സമ്മേളനം ന്യൂഡല്‍ഹിയില്‍ നടത്തുമെന്നും പ്രഖ്യാപനമുണ്ടായി. ജനുവരി ഏഴു മുതല്‍ ഒമ്പതു വരെ ഡല്‍ഹിയില്‍ നടക്കുന്ന  പ്രവാസി ഭാരതീയ സമ്മേളനത്തിലേക്ക് പ്രമുഖരെ ക്ഷണിച്ചെങ്കിലും അവസാന നിമിഷം മാറ്റിവെക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് വിവിധ രാജ്യങ്ങളില്‍ പി.ബി.ഡി സമ്മേളനങ്ങള്‍ നടത്താന്‍ തീരുമാനിച്ചത്.
ഇന്ത്യന്‍ സ്കൂളില്‍ നടക്കുന്ന സമ്മേളനത്തില്‍ വിവിധ പ്രവാസി സംഘടനാ പ്രതിനിധികളും സാമൂഹിക, വ്യാപാര, വ്യവസായ, മേഖലയില്‍ നിന്നുള്ളവരും പങ്കെടുക്കും. മന്ത്രി സുഷമ സ്വരാജിനോട് ടെലികോണ്‍ഫറന്‍സിലൂടെ സംവദിക്കുന്നതിന് പ്രതിനിധികള്‍ക്ക് അവസരമുണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.