കൈത്താങ്ങുമായി കെ.എം.സി.സി: ദുരന്തങ്ങളൊഴിയാതെ മുസ്തഫയുടെ ജീവിതം

മനാമ: നിരന്തരം ദുരന്തങ്ങള്‍ വേട്ടയാടിയപ്പോഴും തളരാതെ പൊരുതിയ മുസ്തഫയുടെ ജീവിതത്തില്‍ വീണ്ടും ഇരുള്‍ മൂടുമ്പോള്‍ സഹായഹസ്തവുമായി  കെ.എം.സി.സി ബഹ്റൈന്‍ ജിദ്ഹാഫ്സ് ഏരിയ കമ്മിറ്റി രംഗത്ത്. 
നേരത്തെ ബഹ്റൈന്‍ പ്രവാസിയായിരുന്ന മുസ്തഫ ഇപ്പോള്‍ മലപ്പുറം പന്താവൂരിലെ വാടകവീട്ടിലാണ് താമസം. നാട്ടില്‍ ആകെയുണ്ടായിരുന്ന എട്ടു സെന്‍റ് സ്ഥലം വിറ്റു കിട്ടിയ കാശുകൊണ്ടാണ് ബഹ്റൈനിലേക്ക് വിസ സംഘടിപ്പിച്ചത്. ഇവിടെ സനാബീസിലെ ബാര്‍ബര്‍ ഷോപ്പിലായിരുന്നു ജോലി. 2006ല്‍ സനാബീസില്‍ വെച്ച് മുസ്തഫയെ ഒരു കൂട്ടം സാമൂഹ്യദ്രോഹികള്‍  തടഞ്ഞു നിര്‍ത്തി മാരകായുധങ്ങളുമായി ആക്രമിച്ചിരുന്നു. 
‘ഇന്ത്യക്കാരനാണോ’ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ മുസ്തഫയെ സ്ഥലത്തെ മലയാളികള്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ഈ സംഭവം  അന്ന് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഒരു മാസത്തോളം സല്‍മാനിയ ആശുപത്രിയില്‍ ചികിത്സിച്ചിട്ടും പരസഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ കെ.എം.സി.സി,  പ്രതിഭ എന്നീ സംഘടനകളുടെ സഹായത്തോടെയാണ് നാട്ടിലേക്ക് തിരിച്ചത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു  ചികിത്സ. അസുഖം ഏതാണ്ട് ഭേദമായപ്പോള്‍ തൃശൂരിനടുത്ത് ചൂണ്ടലില്‍ ബാര്‍ബര്‍ ഷോപ്പ് തുടങ്ങി. ഈ ജോലിയുമായി കഴിയുന്നതിനിടെയാണ് സുഹൃത്തിനോപ്പം യാത്ര ചെയ്യുമ്പോള്‍ ബൈക്ക് മറിഞ്ഞ് തലക്ക് മാരകമായി പരിക്ക് പറ്റിയത്. ഇടതുകണ്ണില്‍ നിന്നും തലച്ചോറിലേക്കുള്ള ഞരമ്പ് പൊട്ടി ഒരു കണ്ണിന്‍െറ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടു.  ഇതിനിടെ, മൂന്ന് തവണയായി പാമ്പിന്‍െറ കടിയുമേറ്റു. ഭാഗ്യം കൊണ്ടുമാത്രമാണ് മൂന്ന് പ്രാവശ്യവും രക്ഷപ്പെട്ടത്. ഉള്ളതെല്ലാം വിറ്റുപെറുക്കി നടത്തിയ ചികിത്സ കൊണ്ട് അസുഖം കുറച്ചൊക്കെ മാറിയെങ്കിലും കാഴ്ച തീരെ കുറഞ്ഞിരിക്കുകയാണ്. വാടക വീട്ടിലാണ് താമസം. സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക് പോകുന്ന ഭാര്യക്ക് കിട്ടുന്ന തുഛമായ വരുമാനം കൊണ്ട് വാടക കൊടുക്കാന്‍ പോലും തികയാത്ത അവസ്ഥയാണ്. ബന്ധുക്കളുടെയും നാട്ടുകാരുടെയും കാരുണ്യത്തിലാണ് ഇപ്പോള്‍ ജീവിക്കുന്നത്. ഈ സാഹചര്യത്തിലാണ് കെ.എം.സി.സി മുസ്തഫയുടെ കുടുംബത്തെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയത്. ഇതിനായി കമ്മിറ്റിയും രൂപവത്കരിച്ചു. ഭാരവാഹികള്‍: മുഹമ്മദ് കുട്ടി പന്താവൂര്‍ (ചെയര്‍മാന്‍), നൗഫല്‍ യമാനി (കണ്‍വീനര്‍). മുഖ്യ രക്ഷാധികാരികള്‍: കെ.എം.സി.സി സംസ്ഥാന പ്രസിഡന്‍റ് എസ്.വി.ജലീല്‍, സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍, ഗഫൂര്‍ കൈപ്പമംഗലം, സലാം മമ്പാട്ടുമൂല, അസ്ലം വടകര, സൂപ്പി ജീലാനി, ശറഫുദ്ദീന്‍ മാരായമംഗലം. മുസ്തഫക്ക് സഹായമത്തെിക്കാന്‍ താല്‍പര്യമുള്ളവര്‍ മുഹമ്മദ് കുട്ടി പന്താവൂര്‍-00973 33714248, മജീദ് കാപ്പാട്- 39308582, നൗഫല്‍ യമാനി-35586756 എന്നിവരുമായി ബന്ധപ്പെടുക. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.