മത്സ്യത്തൊഴിലാളികള്‍  തിരിച്ചത്തെി

മനാമ: കടലില്‍ മത്സ്യബന്ധനത്തിനായി പോയി കാണാതായ തമിഴ്നാട് സ്വദേശികളായ മൂന്ന് തൊഴിലാളികളെ രണ്ടുദിവസം നീണ്ട ആശങ്കകള്‍ക്കൊടുവില്‍ കണ്ടത്തെി. ബോട്ടിന്‍െറ എഞ്ചിന്‍ തകരാറിലായി നടുക്കടലില്‍ കുടുങ്ങിയ ഇവരെ രണ്ടു നാള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കണ്ടത്തെിയത്. രാമനാഥപുരം സ്വദേശികളായ സവരിയാര്‍ ജോണ്‍ വിക്ടര്‍ (41), പിച്ചൈ (34), തമിഴ്മാരന്‍ (25) എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരുടെ ബോട്ട് മറ്റൊരു ബോട്ടില്‍ കെട്ടിവലിച്ച് ഇന്നലെ വൈകീട്ട് കരക്കത്തെിച്ചു. ‘റാദി അലി’ എന്ന ബോട്ടാണ് കടലില്‍ കുടുങ്ങിയത്. 
ഈ മാസം 10ന് സിത്രയില്‍ നിന്നും കടലില്‍ പോയ ഇവര്‍ 11ാം തിയ്യതിയാണ് ബോട്ട് കേടായി കുടുങ്ങിയെന്നും ഉടന്‍ രക്ഷപ്പെടുത്തണമെന്നും അറിയിച്ചത്.തുടര്‍ന്ന് കരയുമായി ബന്ധമുണ്ടായിരുന്നില്ല. മൊബൈലില്‍ ബന്ധപ്പെടാനും കഴിഞ്ഞില്ല. കാറ്റുമൂലം ബോട്ട് നീങ്ങി നീങ്ങിപ്പോവുകയും ചെയ്തു. മറ്റുബോട്ടുകള്‍ തെരച്ചില്‍ തുടങ്ങിയെങ്കിലും കണ്ടത്തൊന്‍ കഴിയാതിരുന്നത് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒരുപോലെ ആശങ്കയിലാക്കി. ഇന്നലെ കാലത്തുമുതല്‍ സിത്ര ഹാര്‍ബറില്‍  ഇന്ത്യക്കാരായ മത്സ്യത്തൊഴിലാളികള്‍ തടിച്ചുകൂടിയിരുന്നു. തമിഴ്മാരന്‍െറ പിതാവ് മായവനും ഇവിടെയുണ്ടായിരുന്നു. ഇയാളും മത്സ്യബന്ധന തൊഴിലാളിയാണ്. ബോട്ട് കണ്ടത്തെിയ വിവരം വന്നതോടെയാണ് കരയിലുള്ളവര്‍ക്ക് ആശ്വാസമായത്. കടലില്‍ കുടുങ്ങിയ തൊഴിലാളികള്‍ ബോട്ടിനുമുകളില്‍ കയറി വസ്ത്രങ്ങളും മറ്റും കൊടിപോലെ വീശിക്കാണിച്ചിരുന്നു. അങ്ങിനെയാണ് തെരച്ചിലിനുപോയ ബോട്ടുകാര്‍ ഇവരെ കണ്ടത്തെിയത്. സ്പോണ്‍സറും തെരച്ചിലിനായി കൂടെ പോയിരുന്നു. 
ഒ.ഐ.സി.സി ദേശീയ പ്രസിഡന്‍റ് രാജുകല്ലുംപുറം, കന്യാകുമാരി ജില്ല പ്രസിഡന്‍റ് പൊലിയൂര്‍ ഷാജി,  കോട്ടയം ഡി.സി.സി പ്രസിഡന്‍റ് ടോമി കല്ലാനി തുടങ്ങിയവര്‍ സിത്ര ഹാര്‍ബറിലത്തെിയിരുന്നു. പ്രതികൂല കാലാവസ്ഥ പരിഗണിക്കാതെ ബോട്ട് ഇറക്കേണ്ടി വരുന്നത് ഉടമകളുടെ സമ്മര്‍ദ്ദം മൂലമാണെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. തണുപ്പുകാലത്ത് മത്സ്യബന്ധനതൊഴിലാളികള്‍ അപകടം മുന്നില്‍ കണ്ടാണ് ജോലിക്കുപോകുന്നത്. ഈ സീസണില്‍ ശാരീരികാസ്വാസ്ഥ്യങ്ങളും അപകടങ്ങളും വലിയ തോതില്‍ വര്‍ധിക്കാറുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.