??????? ???????

മാവോയിസ്റ്റുകള്‍ ഭീകരവാദികളല്ല, തീവ്രഇടതുപക്ഷക്കാര്‍ –സത്യന്‍ മൊകേരി

മനാമ: മാവോയിസ്റ്റുകള്‍ ഭീകരവാദികളോ ശത്രുക്കളെ പോലെ വെടിവെച്ചുകൊല്ളേണ്ടവരോ അല്ളെന്ന് മുതിര്‍ന്ന സി.പി.ഐ നേതാവും മുന്‍ എം.എല്‍.എയുമായ സത്യന്‍ മൊകേരി. മാവോയിസ്റ്റുകള്‍ തീവ്ര ഇടതുപക്ഷ നിലപാടുള്ളവരാണ്. മാവോയിസ്റ്റുകള്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ ആശയതലത്തില്‍ പരിഹരിക്കുകയാണ് വേണ്ടത്. മാവോ വാദികള്‍ അടിസ്ഥാന ജനങ്ങളുടെ പ്രശ്നങ്ങളാണ് ഉന്നയിക്കുന്നത്. ആദിവാസികളുടെയും പട്ടിക വര്‍ഗക്കാരുടെയും പട്ടിണിയും ഭൂമിയും വീടും ഇല്ലായ്മയും കോര്‍പറേറ്റുകളുടെ ചൂഷണവും അടക്കം വിഷയങ്ങളാണ് മാവോയിസ്റ്റുകള്‍ ഉന്നയിക്കുന്നത്. ശത്രുക്കളായി കണ്ട് മാവോയിസ്റ്റുകളെ ഇല്ലാതാക്കാതെ അവര്‍ ഉന്നയിക്കുന്ന വിഷയങ്ങളെ ആശയപരമായി നേരിടുകയാണ് വേണ്ടതെന്നും ബഹ്റൈന്‍ സന്ദര്‍ശനത്തിനത്തെിയ സത്യന്‍ മൊകേരി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ആന്ധ്രാപ്രദേശിലെയും ഭോപ്പാലിലെയും ഏറ്റുമുട്ടല്‍ കൊലകള്‍ പോലെ തന്നെയാണ് നിലമ്പൂര്‍ സംഭവത്തെയും കാണുന്നത്. 
മാവോയിസ്റ്റുകളോട് നക്സല്‍ ബാരി മുതല്‍ ഒരേ സമീപനമാണ് സി.പി.ശഎ സ്വീകരിക്കുന്നത്. തലശ്ശേരി- പുല്‍പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസുകളില്‍ പ്രതികളായവര്‍ക്ക് നിയമസഹായം നല്‍കുന്നതിന് സി.പി.ഐ കാന്തലോട്ട് കുഞ്ഞമ്പുവിന്‍െറ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. അതേസമയം, അക്രമ ആശയങ്ങളെ സി.പി.ഐ പിന്തുണക്കുന്നില്ളെന്നും അദ്ദേഹം പറഞ്ഞു. 
പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇടതു സര്‍ക്കാര്‍ അതീവ പ്രാധാന്യം നല്‍കുന്നുണ്ട്. ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പ്രവാസികളുടെ വിഷയം സജീവമായി ഉയര്‍ത്തിയിരുന്നു. പ്രവാസികള്‍ക്ക് വേണ്ടി നോര്‍ക്ക പുന$സംഘടിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യേണ്ടതുണ്ട്. നിലവില്‍ നോര്‍ക്കയുടെ പ്രവര്‍ത്തനം കൊണ്ട് പ്രവാസികള്‍ക്ക് പ്രയോജനം ഇല്ല. പ്രവാസത്തിന്‍െറ പ്രതിസന്ധികളില്‍ പെട്ട് മടങ്ങേണ്ടി വരുന്നവര്‍ക്ക് പുനരധിവാസം അടക്കം വിഷയങ്ങള്‍ നടപ്പാക്കേണ്ടത് ഗൗരവമായി കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
കേരളത്തില്‍ റോഡ് വികസനം ആവശ്യമാണ്. ഇത്തരം സാഹചര്യങ്ങളില്‍ ഭൂമി ഏറ്റെടുക്കേണ്ടിയും വരും. എന്നാല്‍, ഭൂമി ഏറ്റെടുക്കേണ്ടി വന്നാല്‍ നഷ്ടപ്പെടുന്നവര്‍ക്കും ഏറ്റവും മികച്ച രീതിയിലുള്ള നഷ്ടപരിഹാരവും പുനരധിവാസവും നല്‍കണം. ഭൂമിയും വീടും ഏറ്റെടുക്കുമ്പോള്‍ ജനങ്ങള്‍ക്ക് ശരിയായ രീതിയില്‍ നഷ്ടപരിഹാരവും പുനരധിവാസവും നല്‍കാത്തതാണ് വികസന പ്രവര്‍ത്തനത്തിന് സ്ഥലം വിട്ടുകൊടുക്കാന്‍ മടിക്കാന്‍ കാരണം. ഓരോ വര്‍ഷവും വിലയിലുണ്ടാകുന്ന വ്യത്യാസം അടക്കം ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നല്‍കണം. ഇക്കാര്യം സര്‍ക്കാറില്‍ ശക്തമായി ഉന്നയിക്കും. റോഡ് വികസിപ്പിക്കുമ്പോള്‍ ടോള്‍ ഏര്‍പ്പെടുത്തുന്നതിനോട് യോജിക്കുന്നില്ല. ആവശ്യമെങ്കില്‍ വാഹനങ്ങളുടെ റോഡ് നികുതിയില്‍ നേരിയ വര്‍ധന വരുത്തുകയാണ് വേണ്ടതെന്നും സത്യന്‍ മൊകേരി പറഞ്ഞു. 
കറന്‍സി നിരോധത്തിന്‍െറ ബുദ്ധിമുട്ടുകള്‍ ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. കറന്‍സി പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞ കാരണങ്ങളൊന്നും ശരിയല്ല. കള്ളപ്പണം തടയുന്നതിന് ഈ തീരുമാനം ഗുണം ചെയ്യില്ല.  കള്ളപ്പണത്തിന്‍െറ 20 ശതമാനത്തോളം മാത്രമാണ് കറന്‍സി രൂപത്തിലുള്ളതെന്നാണ് വിവിധ കണക്കുകള്‍ പറയുന്നത്. ഇന്ത്യയിലെ ആറ് ലക്ഷം ഗ്രാമങ്ങളില്‍ 40 ശതമാനം ഭാഗങ്ങളില്‍ മാത്രമാണ് ബാങ്കിങ് സംവിധാനമുള്ളത്. ഒന്നര ലക്ഷം പോസ്റ്റ് ഓഫിസുകളുമാണ്. ഈ സംവിധാനങ്ങള്‍ വഴി പണ വിതരണം എല്ലാവരിലും എത്തിക്കാന്‍ കഴിയില്ല. രാജ്യത്തെ 86 ശതമാനം കറന്‍സിയും പിന്‍വലിച്ചതിലൂടെ സാധാരണക്കാരും അസംഘടിത ജനതയും ഏറെ പ്രയാസം അനുഭവിക്കുകയാണ്. സാമ്പത്തിക മേഖല മരവിക്കുകയും തൊഴിലാളികള്‍ അടക്കമുള്ളവര്‍ക്ക് പണിയില്ലാതാകുകയും ചെയ്തു. വിദേശത്തെ കള്ളപ്പണ നിക്ഷേപത്തിന് കറന്‍സി നിരോധത്തിലൂടെ ഒരു വ്യത്യാസവും ഉണ്ടാവില്ല. വിദേശത്തെ കള്ളപ്പണ നിക്ഷേപം പുറത്തുകൊണ്ടുവന്ന് ഓരോരുത്തര്‍ക്കും 15 ലക്ഷം രൂപ വീതം നല്‍കുമെന്ന നരേന്ദ്ര മോദിയുടെയും അരുണ്‍ ജെയ്റ്റ്ലിയുടെയും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ സംബന്ധിച്ച് തുടര്‍ച്ചയായി ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് കറന്‍സി നിരോധം നടപ്പാക്കിയതെന്നും ഇതിലൂടെ സാധാരണക്കാരാണ് ദുരിതം അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.