സാങ്കേതിക വിദ്യയുടെ വ്യാപനം മനുഷ്യനെ കൂടുതല്‍ ഒറ്റപ്പെടുത്തി –ശൈഖ് മുഹമ്മദ് കാരക്കുന്ന്

മനാമ: വിവര സാങ്കേതികവിദ്യ വളരെയധികം വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന കാലത്ത് മനുഷ്യര്‍ക്കിടയില്‍ അകല്‍ച്ച വ്യാപകമാകുന്നുവെന്നത് അതിശയോക്തിപരമല്ളെന്ന് പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ ശൈഖ് മുഹമ്മദ് കാരക്കുന്ന് പറഞ്ഞു. ഹൃസ്വസന്ദര്‍ശനാര്‍ഥം ബഹ്റൈനില്‍ എത്തിയപ്പോള്‍ നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.  ആയിരം മൈലുകള്‍ക്കകലെയുള്ളവരുമായി നിരന്തരം സംസാരിക്കുകയും സംവദിക്കുകയും ചെയ്യുമ്പോഴും അയല്‍ക്കാരെ കാണാനാകുന്നില്ല. അടുത്തിരിക്കുന്നവന്‍െറ വാക്കുകള്‍ ശ്രദ്ധിക്കാന്‍ സമയമില്ലാത്ത അവസ്ഥയുണ്ട്. അനാഥരുടെയും അഗതികളുടെയും വിധവകളുടെയും അശരണരുടെയും  വിഷമങ്ങള്‍ കേള്‍ക്കാന്‍ ആരും ഇന്ന് തയാറല്ല. കാര്യങ്ങളെല്ലാം യന്ത്രങ്ങള്‍ ഏറ്റെടുത്തതോടെ മനുഷ്യമനസിന്‍െറ മൃദുലവികാരങ്ങള്‍ മരിച്ചിരിക്കുന്നു. ഈ അവസ്ഥ സൃഷ്ടിച്ച അനാഥത്വവും ഏകാന്തതയും ഓരോ മനുഷ്യനെയും സ്വാര്‍ഥതയുടെ തടവറയിലകപ്പെടുത്തി. എല്ലാവരും നോക്കുന്നത് തന്നിലേക്ക് തന്നെയാണ്. മറ്റുള്ളവരെ കാണാന്‍ കഴിയാത്ത വിധം അന്ധത ബാധിച്ചു.
കാലാവസ്ഥയില്‍ പോലും വലിയ മാറ്റമാണുണ്ടാകുന്നത്. പതിനായിക്കണക്കിന് വര്‍ഷമായി കോടിക്കണിന് മനുഷ്യര്‍ തലമുറകളായി കാത്തുസൂക്ഷിച്ച മലകള്‍ കാല്‍നൂറ്റാണ്ടിനകം നമ്മുടെ തലമുറ തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുന്നു. പാറകള്‍ പൊട്ടിച്ച് തീര്‍ക്കുന്നു.തോടുകളും കുളങ്ങളും വയലുകളും നീര്‍ത്തടങ്ങളും വ്യാപകമായി നികത്തി. മണ്ണിലും വിണ്ണിലും വായുവിലും വെള്ളത്തിലും വിഷം കലര്‍ത്തി. എല്ലാം താനും തന്‍െറ തലമുറയും ഉപയോഗിച്ച് തീര്‍ക്കുന്ന ഈ ആര്‍ത്തി ഭൂമിയെ കൊന്നുകൊണ്ടിരിക്കുകയാണ്. അതിന്‍െറ ദുരന്ത ഫലമാണ് ഇന്ന് കേരളീയര്‍ അനുഭവിക്കുന്ന കൊടും ചൂടും വരള്‍ച്ചയും.  മതമൈത്രിക്കും സാമുദായിക സൗഹാര്‍ദത്തിനും പേരുകേട്ട സംസ്ഥാനമാണ് കേരളം. അവിടേയും സൗഹാര്‍ദ അന്തരീക്ഷത്തിന് ക്ഷതം സംഭവിച്ചിട്ടുണ്ട്.  
സാമുദായിക ധ്രുവീകരണങ്ങളുണ്ടാക്കാനും മതവൈരവും വര്‍ഗീയതയും വളര്‍ത്താനുമുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് നടക്കുന്നത്. ഇത് നാടിനെ നാശത്തിലേക്ക് നയിക്കുകയാണ്.  
ഇതിനെകുറിച്ച് ഭരണാധികാരികള്‍ക്കും രാഷ്ട്രീയ നേതൃത്വത്തിനും കാര്യമായ ആശങ്കയില്ളെന്നതാണ് ഏറെ അപകടകരം. സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ചു വളരുകയും ഉന്നത വിദ്യാഭ്യാസം നേടുകയും ചെയ്ത തലമുറ കൂടുതല്‍ അസഹിഷ്ണുക്കളായി മാറുന്നു. ഇതിനെതിരെ ജനതയെ ബോധവത്കരിക്കാന്‍ നാടിന്‍െറ നന്മയിലും സമൂഹത്തിന്‍െറ ക്ഷേമത്തിലും താല്‍പര്യമുള്ള ഏവരും കൂട്ടായി ശ്രമിക്കണം. ആരോഗ്യകരമായ ആശയ വിനിമയത്തിന് ജനാധിപത്യപരമായ സംവാദസംസ്കാരം വളര്‍ത്തണം. സംഘര്‍ഷത്തിന്‍െറയും അസഹിഷ്ണുതയുടെയും അന്തരീക്ഷം ഇല്ലാതാക്കാന്‍ ബോധപൂര്‍വമായ ശ്രമം അനിവാര്യമാണ്.
നിയമസഭാതെരഞ്ഞെടുപ്പിന്‍െറ പ്രചാരണം രാജ്യസ്നേഹികളെ അത്യന്തം അസ്വസ്ഥപ്പെടുത്തതുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനം നേരിടുന്ന മൗലിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം ആരോപണ-പ്രത്യാരോപണങ്ങളില്‍ മുഴുകുകയാണ് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍. അതുകൊണ്ട് തന്നെ കേരളം അഭിമുഖീകരിക്കുന്ന അഴിമതി, സ്വജനപക്ഷപാതം, സാമുദായിക ധ്രുവീകരണം, പ്രകൃതിക്ക് നേരെയുള്ള കൈയേറ്റം, അസന്തുലിതമായ വികസനം എന്നിവ ചര്‍ച്ച ചെയ്യപ്പെടുന്നില്ളെന്നത് അങ്ങേയറ്റം അപഹാസ്യമാണ്.
അസഹിഷ്ണുതയുടെ മുദ്രാവാക്യം ഉയര്‍ത്തുന്ന വര്‍ഗീയ ശക്തികള്‍ കേരള അസംബ്ളിയില്‍ അക്കൗണ്ട് തുറക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇതിനെതിരെ സംസ്ഥാനത്തെ ജനാധിപത്യ-മതനിരപേക്ഷ ശക്തികള്‍ ഐക്യപ്പെടേണ്ടിയിരിക്കുന്നു. അതോടൊപ്പം അഴിമതിക്കാരെ അധികാരത്തിലേറ്റാതിരിക്കാനുള്ള പൗരബോധം  വോട്ടര്‍മര്‍ ആര്‍ജിക്കുകയും വേണം.
 ഇടത്-വലത് മുന്നണികള്‍ മാറിമാറി അധികാരത്തില്‍ വരുന്ന അവസ്ഥ സംസ്ഥാനത്തിന് ഒട്ടേറെ പ്രതിസന്ധികള്‍ സൃഷ്ടിച്ചിട്ടുണ്ട്. അഴിമതി ഉള്‍പ്പെടെയുള്ള സാമൂഹിക തിന്മകള്‍ പ്രതിരോധിക്കാന്‍ നാം സന്നദ്ധമാവണം.
ഇന്നത്തെ സാഹചര്യത്തില്‍ രാജ്യതാല്‍പര്യം മുന്നില്‍ക്കണ്ട് അഴിമതി മുക്തമായ കേരളത്തിന് വേണ്ടി പുതിയ രാഷ്ട്രീയ മുന്നേറ്റത്തെ പിന്തുണക്കാനും വര്‍ഗീയ-സാമുദായിക ധ്രുവീകരണത്തെ തടയിടാനും കേരളീയ സമൂഹം തയാറാവണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.