യമന്‍, സിറിയ യുദ്ധങ്ങള്‍  അവസാനിപ്പിക്കാന്‍ ഇറാന്‍െറ  സഹായവും വേണമെന്ന് ജോണ്‍ കെറി 

മനാമ: യമന്‍, സിറിയ യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ ഇറാന്‍െറ സഹായവും വേണമെന്ന് യു.എസ്.വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു. ഇതുവഴി മേഖലയുടെ രാഷ്ട്രീയത്തിന്‍െറ സ്വഭാവം തന്നെ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബഹ്റൈനില്‍ ജി.സി.സി വിദേശകാര്യ മന്ത്രിതല സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് മുമ്പായി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ആണവ പ്രശ്നത്തില്‍ ലോകശക്തികളുമായുളള ഭിന്നത തീര്‍ക്കുന്നതിന് നല്‍കുന്ന അതേ പ്രാധാന്യത്തോടെ മേഖലയിലെ ഇതര രാജ്യങ്ങളുമായുളള ബന്ധം ഊഷ്മളമാക്കുന്ന കാര്യവും ഇറാന്‍ പരിഗണിക്കണം. സിറിയ, യമന്‍ പ്രശ്നങ്ങളില്‍ ഗുണപരമായ പരിഹാരമാണ് ഇറാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അത് സ്വാഗതം ചെയ്യും.
 ആയുധം നിറച്ച ബോട്ടുകള്‍ ഗള്‍ഫിലേക്ക് കയറ്റി വിടുന്നത് ഗുണപരമായ പ്രവൃത്തിയല്ല. യുദ്ധത്തിന് ശക്തി പകരാന്‍ മാത്രമേ അതിന് കഴിയൂ എന്നും കെറി പറഞ്ഞു. നിര്‍മാണാത്കമായ നിലപാടുകളുള്ള രാഷ്ട്രമാണ് തങ്ങളെന്ന് ലോകത്തിന് മുമ്പില്‍ തെളിയിക്കുകയും  സമാധാനത്തിനും സ്ഥിരതക്കുമായി നിലകൊളളുകയുമാണ് ഇറാന്‍ ചെയ്യേണ്ടത്.
 റിയാദ്, ലാഹോര്‍, മുംബൈ, മാലി, പാരിസ്, ബ്രസല്‍സ് തുടങ്ങി ലോകത്തെവിടെയായാലും ഭീകരാക്രമണങ്ങള്‍ക്കെതിരെ ഒന്നിച്ചുപൊരുതുക എന്നതാണ് യു.എസ് നയമെന്നും കെറി വ്യക്തമാക്കി. 
മാന്യമായ നിലപാടാണ് ഇറാനില്‍ നിന്ന് പ്രതീക്ഷിക്കുന്നതെങ്കിലും അതിന് വിപരീതമായ നടപടികളാണ് ഉണ്ടാകുന്നതെന്ന് ബഹ്റൈന്‍ വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫ കുറ്റപ്പെടുത്തി. മേഖലയില്‍ പലയിടങ്ങളിലും ഇറാന്‍െറ ഇടപെടല്‍ പ്രകടമാണ്.-അദ്ദേഹം പറഞ്ഞു. ബഹ്റൈനിലെ മനുഷ്യാവകാശ വിഷയങ്ങളെ ഗൗരവകരമായി സമീപിക്കുന്ന രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയെയും വിദേശകാര്യമന്ത്രിയെയും കെറി വാര്‍ത്താസമ്മേളനത്തില്‍ പുകഴ്ത്തി. 
2018ലെ തെരഞ്ഞെടുപ്പിനുമുന്നോടിയായി സമ്പൂര്‍ണമായ രാഷ്ട്രീയ പങ്കാളിത്തം ഉറപ്പുവരുത്താന്‍ കൂടുതല്‍ നടപടികള്‍ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ രാജ്യങ്ങളും മനുഷ്യാവകാശങ്ങളെ മാനിക്കണം. എല്ലാ രാജ്യങ്ങളും എല്ലാ വിഭാഗത്തിനും പങ്കാളിത്തമുള്ള രാഷ്ട്രീയ വ്യവസ്ഥ രൂപപ്പെടുത്തുകയും വേണമെന്നും കെറി കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് ബഹിഷ്കരണം പോലുള്ള നടപടികള്‍ വിഭാഗീയത വര്‍ധിപ്പിക്കാന്‍ മാത്രമേ സഹായിക്കൂ. അത് ആര്‍ക്കും ഗുണകരമാകില്ല. 
വാര്‍ത്താസമ്മേളനത്തിനായി എത്തിയ പ്രാദേശിക മാധ്യമപ്രവര്‍ത്തകരോട് അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്ന പരാതി പരിശോധിക്കുമെന്ന് കെറി പറഞ്ഞു.
ജോണ്‍ കെറി ബഹ്റൈന്‍ വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. സിറിയ, യമന്‍ സംഘര്‍ഷങ്ങളും, ഐ.എസ്, ഇറാന്‍ പ്രശ്നങ്ങളും ഇവര്‍ ചര്‍ച്ച ചെയ്തു. അഞ്ചാം കപ്പല്‍പടയുടെ ആസ്ഥാനമായ ബഹ്റൈന്‍, മേഖലയിലെ അമേരിക്കയുടെ പ്രധാന സഖ്യരാഷ്ട്രമാണ്. അമേരിക്കയുടെ നിര്‍ണായക സുരക്ഷാ പങ്കാളിയാണ് ബഹ്റൈനെന്ന് കെറി പറഞ്ഞതായി ‘സി.എന്‍.എന്‍’ റിപ്പോര്‍ട്ട് ചെയ്തു.  
ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫയുമായുള്ള കൂടിക്കാഴ്ചക്ക് മുമ്പ് കെറി യു.എസ്.നാവികസേന ആസ്ഥാനം സന്ദര്‍ശിച്ചു. 2011ല്‍ ബഹ്റൈനില്‍ നടന്ന സംഭവങ്ങള്‍ക്ക് ശേഷം ഇവിടെയത്തെുന്ന ആദ്യ യു.എസ്.വിദേശകാര്യ സെക്രട്ടറിയാണ് കെറി.
കെറിയുടെ ബഹ്റൈന്‍ സന്ദര്‍ശനം മേഖല നിരവധി വെല്ലുവിളികള്‍ നേരിടുന്ന നിര്‍ണായക മുഹൂര്‍ത്തത്തിലാണെന്ന് ശൈഖ് ഖാലിദ് പറഞ്ഞു. ഇത്തരം വെല്ലുവിളികളെ നേരിടാന്‍ ഒരുമിച്ചുള്ള ശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. 
പരസ്പരം സഹകരിച്ചുള്ള നടപടികള്‍ വഴി മാത്രമേ മേഖലയില്‍ സമാധാനവും, സുരക്ഷയും, അഭിവൃദ്ധിയും ഉറപ്പുവരുത്താനാകൂ.ബഹ്റൈന്‍-യു.എസ് ബന്ധം എല്ലാ മേഖലകളിലും അതിശക്തമായി തുടരുകയാണ്.
 അത് കൂടുതല്‍ വ്യാപിപ്പിക്കേണ്ടതുണ്ട്. ഇതിനായി ഇരുപക്ഷത്തുമുള്ള ഉന്നത അധികാരികളുടെ സന്ദര്‍ശനം പ്രോത്സാഹിപ്പിക്കപ്പെടണം. വ്യവസായ-വാണിജ്യ മന്ത്രി സായിദ് ബിന്‍ റാഷിദ് അസ്സയാനിയും യോഗത്തില്‍ പങ്കെടുത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയും ബഹ്റൈനും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍ നിലനില്‍ക്കുന്നതിനാല്‍ വ്യാപാര രംഗം കൂടുതല്‍ വികസിപ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. 
ബഹ്റൈനുമായി വിവിധ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കാന്‍ ഒരുക്കമാണെന്ന് ജോണ്‍ കെറി വ്യക്തമാക്കി.ജി.സി.സി വിദേശകാര്യ മന്ത്രിമാരും ജോണ്‍ കെറിയും തമ്മില്‍ നടന്ന യോഗത്തിലെ അജണ്ടയും കൂടിക്കാഴ്ചയില്‍ വിലയിരുത്തപ്പെട്ടു. 
ഈ മാസം അവസാനം യു.എസ്. പ്രസിഡന്‍റ് ബറാക് ഒബാമയും ഗള്‍ഫ് നേതൃത്വവും തമ്മില്‍ സൗദി അറേബ്യയില്‍ നടക്കുന്ന ഉച്ചകോടിയുടെ മുന്നോടിയായാണ് കെറി ജി.സി.സി വിദേശകാര്യ മന്ത്രിമാരെ കാണുന്നത്. 
ഐ.എസിനെതിരായ പോരാട്ടം ഗള്‍ഫ് രാജ്യങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന അഭിപ്രായമാണ് അമേരിക്കക്കുള്ളത്. എന്നാല്‍, ഐ.എസ് പ്രശ്നം ഭീഷണിയായി നില്‍ക്കുമ്പോള്‍ തന്നെ, മേഖലയിലെ പ്രധാന വെല്ലുവിളി ഇറാന്‍െറ നടപടികളാണെന്നും ഇതിന് തടയിടണമെന്നുമാണ് ഗള്‍ഫ് രാജ്യങ്ങളുടെ കാഴ്ചപ്പാട്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.