വിമാനയാത്രാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍  യാത്രാസമിതിയുടെ നേതൃത്വത്തില്‍ സെമിനാര്‍ 

മനാമ: കോഴിക്കോട് വിമാനത്താവള പ്രശ്നങ്ങളും ഇന്ധനവില കുറഞ്ഞിട്ടും ടിക്കറ്റ് നിരക്ക് കുറയാത്ത അവസ്ഥയും ചര്‍ച്ച ചെയ്യുന്നതിന് ഈ വരുന്ന വെള്ളിയാഴ്ച ഉച്ച ഒരുമണിക്ക് കോണ്‍കോഡ് ഹോട്ടലില്‍ വെച്ച് സെമിനാര്‍ നടത്തുമെന്ന് ‘യാത്ര അവകാശ സംരക്ഷണ സമിതി’ ചെയര്‍മാന്‍ കെ.ടി.സലിം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ‘ശിഫ അല്‍ജസീറ’ മെഡിക്കല്‍ സെന്‍ററുമായി സഹകരിച്ചാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. 
കോഴിക്കോട് വിമാനത്താവള ഉദ്യോഗസ്ഥന്‍, ഹക്കീം റൂബ എന്ന പ്രവാസിയോടു ചെയ്ത കാര്യങ്ങള്‍ വിശദീകരിക്കാന്‍ അദ്ദേഹം സെമിനാറില്‍ പങ്കെടുക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ സാനി പോള്‍ പറഞ്ഞു.
കോഴിക്കോട് വിമാനത്താവളം പൊതുമേഖലയില്‍ ആയതിനാല്‍ അവഗണിക്കപ്പെടുന്ന അവസ്ഥയുണ്ട്. റണ്‍വെ പുതുക്കി പണിതിട്ടും നേരത്തേയുള്ള വിമാനങ്ങള്‍ ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല. ഹജ്ജ് സര്‍വീസ് തിരിച്ച് കോഴിക്കോട് വിമാനത്താവളത്തിലേക്ക് വരുമോ എന്നും വ്യക്തമല്ല. പ്രവാസികള്‍ കൂടുതലുള്ള മലബാര്‍ ഭാഗത്തെ വിമാനത്താവളം എന്ന നിലയില്‍ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. 
ഹക്കീം റൂബക്കുണ്ടായ പീഢനങ്ങള്‍ക്ക് സമാനമായ സംഭവങ്ങള്‍ ഏറ്റുവാങ്ങിയ ഒട്ടനവധി യാത്രക്കാര്‍ ഉണ്ട്. അവര്‍ സെമിനാറില്‍ അനുഭവങ്ങള്‍ പങ്കുവെക്കും. പ്രവാസലോകം ഒറ്റക്കെട്ടായി പിന്തുണ നല്‍കുന്ന സാഹചര്യം വന്നാല്‍ ഇതിന് തടയിടാനാകും. ഇത്തരം വ്യക്തികളുടെ ശബ്ദം പ്രവാസികളുടെ മൊത്തം ശബ്ദമാകേണ്ടതുണ്ട്.
ഇന്ധന വില പകുതിയിലേറെ കുറഞ്ഞിട്ടും വിമാനടിക്കറ്റ് നിരക്ക് കുറയുന്നില്ല. മാത്രമല്ല, നാട്ടിലെ സ്കൂള്‍ വെക്കേഷന്‍ മൂലമുള്ള തിരക്ക് മുതലെടുത്ത് യാത്രാനിരക്ക് കുത്തനെ കൂട്ടുകയാണ് വിമാനകമ്പനികള്‍ ചെയ്തത്. വരാന്‍ പോകുന്ന ഗള്‍ഫ് മേഖലയിലെ സ്കൂള്‍ വെക്കേഷന്‍ സമയത്തും ഇത് ആവര്‍ത്തിക്കാനുള്ള തയാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. ഈ കാര്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ പതിവ് മൗനം തുടരുകയാണ്. 
ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിനുള്ള ചര്‍ച്ചയും സെമിനാറില്‍ നടക്കും.  സെമിനാറില്‍ ഉയരുന്ന അഭിപ്രായ-നിര്‍ദേശങ്ങള്‍ കേരളത്തിലെ മുഴുവന്‍ എം.പിമാര്‍ക്കും സമര്‍പ്പിക്കും. 
നിയമസഭയിലേക്ക് മത്സരിക്കുന്ന മുഴുവന്‍ സ്ഥാനാര്‍ഥികള്‍ക്കും, കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ സംസ്ഥാന നേതാക്കള്‍ക്കും ഇത് നല്‍കും. ബഹ്റൈനിലെ ഒട്ടുമിക്ക സംഘടനകളും ‘യാത്ര സമിതി’യുമായി യോജിച്ചു പ്രവര്‍ത്തിക്കുന്നതിനാല്‍ ഇക്കാര്യത്തില്‍  അവരുടെ സഹായം തേടും. നാട്ടില്‍ ‘യാത്ര സമിതി’ മുന്‍ കണ്‍വീനര്‍ ഇ.പി.അനില്‍ ഏകോപനം നടത്തും.   
നേരത്തെ സമിതി നല്‍കിയ നിവേദനങ്ങള്‍ക്ക് ജനപ്രതിനിധികളില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ചിട്ടുണ്ട്. 
എ.സമ്പത്ത് എം.പി, തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം പുന$സ്ഥാപിക്കുന്നതിന് നടപടി വേണമെന്ന്  പാര്‍ലമെന്‍റില്‍ ഉന്നയിച്ചതും എം.കെ. രാഘവന്‍ എം.പി.കോഴിക്കോട് വിമാനത്താവള വിഷയത്തില്‍ ഇടപെട്ടതും ഇതിന് ഉദാഹരണങ്ങളാണ്.  
സെമിനാറില്‍ ആര്‍ക്കും പങ്കെടുക്കാമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 33750999 , 39855197 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
ഇ.കെ.സലിം, എ.സി.എ. ബക്കര്‍, അജി ഭാസി, കെ.വി.പ്രകാശ്, വി.കെ. അനീസ് (ജോ.കണ്‍വീനര്‍മാര്‍) എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
 

യാത്രാസംബന്ധമായ വിവരങ്ങളുമായി കൈപുസ്തകം 
മനാമ: യാത്രാസംബന്ധമായ സമഗ്ര വിവരങ്ങള്‍ അടങ്ങിയ കൈ പുസ്തകം യാത്രാസമിതി ഏപ്രില്‍ 30ന് മുമ്പ് പുറത്തിറക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ബഹ്റൈന്‍ വിസ നിയമങ്ങള്‍, കേരളത്തിലെ വിമാനത്താവള/കസ്റ്റംസ് വിവരങ്ങള്‍, എമിഗ്രേഷന്‍ നിയമങ്ങള്‍, വളര്‍ത്തു മൃഗങ്ങളെ കൊണ്ടുവരുന്നതിനുള്ള രീതികള്‍,  മരുന്നുകള്‍ കൊണ്ടുവരുന്നതിനുള്ള സുരക്ഷിത മാര്‍ഗം, ടിക്കറ്റ് റദ്ദാക്കല്‍, യാത്രക്കാരുടെ അവകാശങ്ങള്‍, എയര്‍ കാര്‍ഗോ  ലഗേജ് നഷ്ടമായാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, എല്‍.എം.ആര്‍.എ /ഇന്ത്യന്‍ എംബസി വിവരങ്ങള്‍, ഇന്ത്യയിലെ പ്രധാന വിമാനത്താവള നമ്പറുകള്‍, ബഹ്റൈനില്‍ ഉറ്റവര്‍ മരണപ്പെട്ടാല്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയവയാണ് ‘യാത്ര’ എന്നുപേരിട്ട പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  ഇതിന്‍െറ സോഫ്റ്റ് ഓപണിങ് സെമിനാറില്‍ നടക്കും. സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക് പുസ്തകത്തിന്‍െറ ഉള്ളടക്കം സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. നിര്‍ദേശങ്ങള്‍ yathrabahrain@gmail.com എന്ന ഇ-മെയില്‍ വഴിയും അറിയിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.